image

8 Dec 2022 11:58 AM GMT

Financial Services

ധനകാര്യ ഓഹരികളിലെ വിദേശ നിക്ഷേപം വര്‍ധിക്കുന്നു

MyFin Desk

foreign investment financial stocks rise
X

Summary

നാഷണല്‍ സെക്യുരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് (എന്‍എസ്ഡിഎല്‍) പുറത്തു വിട്ട കണക്കു പ്രകാരം നവംബറില്‍ വിദേശ നിക്ഷേപകര്‍ ആഭ്യന്തര വിപണിയില്‍ 36,238 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്.


മുംബൈ: ഇന്ത്യന്‍ ധനകാര്യ മേഖലയിലെ ഓഹരികളില്‍ വിദേശ നിക്ഷേപകര്‍ക്ക് പ്രിയമേറുന്നു. നവംബറില്‍ മാത്രം ആകെ 14,205 കോടി രൂപയുടെ നിക്ഷേപമാണ് ബാങ്കിങ് ഓഹരികളില്‍ നടത്തിയിട്ടുള്ളത്. ശക്തമായ വായ്പ വളര്‍ച്ചയും, കൈകാര്യം ചെയ്യാന്‍ കഴിയുന്ന നിഷ്‌ക്രിയ വായ്പ പോര്‍ട്ടഫോളിയോയും ഈ മേഖലയിലെ പ്രധാന നേട്ടങ്ങളാണ്. ഒക്ടോബറില്‍ ലാഭമെടുപ്പിനെ തുടര്‍ന്ന് 4,686 കോടി രൂപയുടെ ഓഹരികള്‍ ഈ വിഭാഗത്തില്‍ വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചിരുന്നു.

നാഷണല്‍ സെക്യുരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് (എന്‍എസ്ഡിഎല്‍) പുറത്തു വിട്ട കണക്കു പ്രകാരം നവംബറില്‍ വിദേശ നിക്ഷേപകര്‍ ആഭ്യന്തര വിപണിയില്‍ 36,238 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. ഇതില്‍ ധനകാര്യ ഓഹരികളില്‍ മാത്രം 14,205 കോടിയുടെ നിക്ഷേപമാണ് ഉണ്ടായിട്ടുള്ളത്. അതായത് ആകെ നിക്ഷേപത്തിന്റെ 39 ശതമാനവും ഈ മേഖലയിലാണ് നടത്തിയത്. നവംബറിന്റെ ആദ്യ പകുതിയിലാണ് നിക്ഷേപം കൂടുതലായും ഉണ്ടായിട്ടുള്ളത്.

വായ്പ വളര്‍ച്ച 17 ശതമാനത്തോളം വര്‍ധിച്ചിട്ടുണ്ടെന്നും, ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്ന കോര്‍പറേറ്റ് മൂലധന ചെലവ് തിരിച്ചു വരവിന്റെ പാതയിലാണെന്നും ബജാജ് കാപിറ്റലിന്റെ ചെയര്‍മാനും എം ഡിയുമായ രാജീവ് ബജാജ് പറഞ്ഞു. നിര്‍മാണ മേഖല വരാനിരിക്കുന്ന 2-3 വര്‍ഷത്തിനുള്ളില്‍ സമ്പദ്വ്യവസ്ഥയിലെ ശക്തമായ ഉയര്‍ച്ചയ്ക്ക് കാരണമാകും. ധനകാര്യ, ഇന്‍ഷുറന്‍സ് മേഖലക്കും ഇതിന്റെ ഗുണമുണ്ടാകും. വളരെ കാലത്തിനു ശേഷമുള്ള ഈ വിഭാഗത്തിലെ വളര്‍ച്ച വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

നവംബര്‍ അവസാനത്തില്‍ ധനകാര്യ സേവനങ്ങളുടെ കൈകാര്യ ആസ്തി 16.13 ലക്ഷം കോടി രൂപയായിരുന്നു. എഫ്എംസിജി വിഭാഗമാണ് വിദേശ നിക്ഷേപകര്‍ ഏറ്റവുമധികം നിക്ഷേപം നടത്തിയിട്ടുള്ള മറ്റൊരു മേഖല. നവംബറില്‍ ആകെ 3,956 കോടി രൂപയുടെ നിക്ഷേപം ഈ വിഭാഗത്തില്‍ നടത്തിയിട്ടുണ്ട്.

രാജ്യത്തെ നഗര പ്രദേശങ്ങളിലെ ഉപഭോക്താക്കളുടെ ഉത്പന്ന ഉപയോഗത്തിലുണ്ടായിട്ടുള്ള സ്ഥിരമായ വളര്‍ച്ചയും, ഗ്രാമീണ മേഖലയിലെ ഡിമാന്‍ഡിലുള്ള തിരിച്ചു വരവും എഫ്എംസിജി മേഖലക്ക് ഗുണം ചെയ്തിട്ടുണ്ടെന്നു യെസ് സെക്യുരിറ്റീസിന്റെ അനലിസ്റ്റ് ഹിതേഷ് ജെയിന്‍ പറഞ്ഞു. ഐടി മേഖലയില്‍ 3,859 കോടി രൂപയുടെയും, ഓട്ടോ മൊബൈല്‍ മേഖലയില്‍ 3,051 കോടി രൂപയുടെയും, ഓയില്‍ ആന്‍ഡ് ഗ്യാസ് വിഭാഗത്തില്‍ 2,774 കോടി രൂപയുടെ നിക്ഷേപവുമാണ് ഉണ്ടായിട്ടുള്ളത്.