image

8 April 2023 10:02 AM GMT

Business

10,000 രൂപ ശമ്പളക്കാരന്‍, 20 കോടി ഡോളര്‍ ആസ്തിയുടെ ഉടമ; പേടിഎം ഒരു സംഭവം തന്നെ !

MyFin Desk

10,000 രൂപ  ശമ്പളക്കാരന്‍, 20 കോടി ഡോളര്‍  ആസ്തിയുടെ ഉടമ; പേടിഎം ഒരു സംഭവം തന്നെ !
X

Summary

  • രാജ്യത്തെ സമ്പന്നരുടെ പട്ടികയില്‍ 92ാം സ്ഥാനത്ത് വിജയ് ശേഖർ
  • ഉത്തര്‍പ്രദേശിലെ അലിഗഡില്‍ സാധാരണ കുടുംബത്തിൽ ജനിച്ചു
  • 2003ല്‍ മുഴുവന്‍ സമ്പാദ്യവും ഉപയോഗപ്പെടുത്തി One97 കമ്മ്യൂണിക്കേഷന്‍സ്
  • ഇന്ന് 300 ദശലക്ഷം ഇന്ത്യക്കാര്‍ പേടിഎം ഉപയോഗിക്കുന്നു



ഫോണെടുത്ത് രണ്ട് ക്ലിക്കുകള്‍ക്കുള്ളില്‍ പണം ആവശ്യക്കാരനിലേക്ക് എത്തിക്കുന്ന സൂത്രം ഇന്ത്യക്കാരനെ പരിചയപ്പെടുത്തിയതില്‍ പേടിഎം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍ ഇത്രയും എളുപ്പമായിരുന്നില്ല പേടിഎം എന്ന ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പിന്റെ പിറവി.

സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ പ്രതിസന്ധികളെ അവസരമാക്കിയാണ് ഈ സ്റ്റാര്‍ട്ടപ്പ് തുടങ്ങിയത്. അവസരങ്ങളില്‍ പേടിഎം വളര്‍ന്നപ്പോള്‍ വിജയ് ശേഖര്‍ ശര്‍മയും സമ്പന്നനായി. 10,000 രൂപ മാസ ശമ്പളത്തിന് ജോലി ചെയ്തിരുന്ന യുവാവ് ഇന്ന് 120 കോടി ഡോളര്‍ ആസ്തിയുടെ ഉടമയാണ്. രാജ്യത്തെ സമ്പന്നരുടെ പട്ടികയില്‍ 92ാം സ്ഥാനത്തേക്കുള്ള വിജയ് ശേഖറിന്റെ വളര്‍ച്ച സ്വയം വെട്ടിത്തെളിച്ച പാതയിലൂടെയായിരുന്നു.

1978ല്‍ ഉത്തര്‍പ്രദേശിലെ അലിഗഡില്‍ സാധാരണ കുടുംബത്തിലാണ് വിജയ് ശേഖര്‍ ശര്‍മ ജനിക്കുന്നത്. സ്‌കൂള്‍ അധ്യാപകനായ സുലോം പ്രകാശിന്റെയും ആശാ ശര്‍മയുടെയും നാല് മക്കളില്‍ മൂന്നാമന്‍. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം വിജയ് ശേഖര്‍ അന്നത്തെ ഡല്‍ഹി എന്‍ജിനീയറിംഗ് കോളജില്‍ അഥവാ ഇന്നത്തെ ഡല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ചേരുന്നു. ബി.ടെക് പൂര്‍ത്തിയാക്കി പുറത്തിറങ്ങുമ്പോഴേക്കും തന്റെ വിജയം ഇന്റര്‍നെറ്റ് മേഖലയിലായിരിക്കുമെന്ന് ആ യുവാവ് ഉറപ്പിച്ചിരുന്നു.

90കളുടെ അവസാനകാലത്ത് indiasite.net എന്ന വെബ്‌സൈറ്റ് ആരംഭിച്ച വിജയ് ശേഖര്‍ രണ്ട് വര്‍ഷത്തിന് ശേഷം അഞ്ചുലക്ഷം രൂപയ്ക്കാണ് ഈ വെബ്‌സൈറ്റ് വില്‍പ്പന നടത്തിയത്. അന്നൊരു സുഹൃത്തിന്റെ സഹായത്തോടെയായിരുന്നു ആദ്യ വെബ്‌സൈറ്റ് നിര്‍മാണം.

മുഴു സമ്പാദ്യവും മുടക്കി

വെബ് കണ്ടന്റുകളുടെ സാധ്യത മനസിലാക്കിയ വിജയ് ശേഖര്‍ തന്റെ മുഴുവന്‍ സമ്പാദ്യവും ഉപയോഗപ്പെടുത്തിയാണ് 2003ല്‍ One97 കമ്മ്യൂണിക്കേഷന്‍സ് ആരംഭിക്കുന്നത്. വാര്‍ത്താ കണ്ടന്റ്, ക്രിക്കറ്റ് സ്‌കോറുകള്‍, റിംഗ്‌ടോണുകള്‍, തമാശകള്‍, പരീക്ഷാ ഫലങ്ങള്‍ എന്നിവ നല്‍കുന്നൊരു പ്ലാറ്റ്‌ഫോമായിരുന്നു One97 കമ്മ്യൂണിക്കേഷന്‍സ്. പേടിഎമ്മിന്റെ മാതൃകമ്പനിയും ഇതുതന്നെ.

പരീക്ഷണകാലം

വിജയ് ശേഖറിന് ബി.ടെകിന് ശേഷം ഐ.ഐ.ടി പ്രവേശനം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് ഇംഗ്ലീഷ് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. വെബ് കോഡിംഗിലുണ്ടായ താല്‍പര്യത്തിലാണ് വിജയ് ശേഖര്‍ മുന്നോട്ട് പോയത്. സുഹൃത്തുക്കളുടെ സഹായത്തോടെ One97 കമ്മ്യൂണിക്കേഷന്‍സ് തുടങ്ങിയതോടെ കയ്യില്‍ പണമില്ലാതായി. പിന്നീട് കമ്പനിയെ നിലനിര്‍ത്താന്‍ പ്രതിമാസം 10,000 രൂപ ശമ്പളത്തില്‍ ജോലിയും ചെയ്തു.

പേടിഎം തുടങ്ങുന്നു

2004ല്‍ One97 കമ്മ്യൂണിക്കേഷന്‍സിന്റെ 40 ശതമാനം ഓഹരികള്‍ എട്ട് ലക്ഷം രൂപയ്ക്ക് വിജയ് ശേഖറിന്റെ സുഹൃത്ത് വാങ്ങി. ഇത് കൂടുതല്‍ നിക്ഷേപം നടത്താന്‍ വിജയ് ശര്‍മയെ പ്രേരിപ്പിച്ചു. 2010ല്‍ ഇന്ത്യയില്‍ 3ജി നെറ്റ്‌വർക്ക് പ്രചാരം ലഭിച്ചതോടെ അവസരം മനസിലാക്കിയാണ് അദ്ദേഹം One97 കമ്മ്യൂണിക്കേഷന്‍സിന് കീഴില്‍ പേടിഎം ആരംഭിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്.





2011ല്‍ ആരംഭിച്ച പേടിഎം തുടക്കത്തില്‍ വാലറ്റ് സൗകര്യം, ബസ് ടിക്കറ്റ് ബുക്കിംഗ്, ബില്‍ പെയ്‌മെന്റ്, സിനിമാ ടിക്കറ്റ്, തീവണ്ടി, വിമാന ടിക്കറ്റ് എന്നീ മേഖലയിലാണ് പ്രവര്‍ത്തിച്ചത്. പേടിഎം സ്ഥാപിച്ചു 10 മാസത്തിനുള്ളില്‍ 15 ദശലക്ഷം വാലറ്റുകള്‍ ഉണ്ടാക്കാന്‍ പേടിഎമ്മിന് സാധിച്ചു.

നോട്ട് അസാധുവാക്കല്‍

2016ലെ നോട്ട് അസാധുവാക്കല്‍ നടപടി പലര്‍ക്കും പ്രയാസമുണ്ടാക്കിയെങ്കിലും ഇതു പേടിഎമ്മിനെ വലിയ രീതിയില്‍ തുണച്ചു. പേടിഎം ഇടപാടുകളില്‍ 700 ശതമാനം കുതിച്ചുചാട്ടം ഉണ്ടായി. പ്രതിദിനം 400 ദശലക്ഷം ഉപഭോക്താക്കളും 25 ദശലക്ഷം ഇടപാടുകളും എന്ന നിലയിലേക്ക് പേടിഎം എത്തി.

ഇത് രണ്ട് വര്‍ഷത്തിനുള്ളില്‍ 10 ബില്യണ്‍ ഡോളര്‍ മൂല്യനിര്‍ണയം നേടാന്‍ പേടിഎമ്മിനെ സഹായിച്ചു. ഇന്ന് 300 ദശലക്ഷം ഇന്ത്യക്കാര്‍ പേടിഎം ഉപയോഗിക്കുന്നു എന്നാണ് കമ്പനി അവകാശപ്പെടുന്നത്. പേടിഎം മാള്‍ എന്ന പേരില്‍ ഇകൊമേഴ്‌സ് ബിസിനസ്, പേടിഎം പേയ്‌മെന്റ് ബാങ്ക് എന്നിവയും വിജയ് ശേഖര്‍ ആരംഭിച്ചിട്ടുണ്ട്.

വിജയ് ശേഖറുടെ ആസ്തി

2021 നവംബറിലാണ് പേടിഎം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. എന്നാല്‍ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് ശേഷം പേടിഎം ഓഹരികള്‍ക്ക് നല്ല കാലമായിരുന്നില്ല. ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. ഫോബ്‌സിന്റെ 2022ലെ കണക്ക് പ്രകാരം 1.2 ബില്യണ്‍ യു.എസ് ഡോളറാണ് വിജയ് ശേഖര്‍ ശര്‍മയുടെ ആസ്തി.

2019ല്‍ പേടിഎം ഐപിഒയ്ക്ക് മുന്‍പ് 2.6 ബില്യണ്‍ ഡോളറായിരുന്നു. ഇവിടെ നിന്ന് ആസ്തിയില്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. നിലവില്‍ കമ്പനിയുടെ സി.ഇ.ഒയാണ് ഇദ്ദേഹം.