4 Sep 2023 11:34 AM GMT
Summary
- പ്രാഥമികമായി നിക്ഷേപിക്കുന്നത് മൂന്ന് ദശലക്ഷം ഡോളര്‍
- പശ്ചിമഘട്ടത്തിലെ സംരക്ഷണ ശ്രമങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നു
- പതിനായിരം കര്‍ഷകരെ വനവല്‍ക്കരണത്തിനു സഹായിക്കും
രാജ്യത്തെ പരിസ്ഥിതി അധിഷ്ഠിതമായുള്ള പദ്ധതികളില്‍ നിക്ഷേിക്കാന്‍ ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍. പ്രാരംഭമായി മൂന്ന് ദശലക്ഷം ഡോളറാണ് നിക്ഷേപിക്കുക. ഏഷ്യാ പസഫിക്കിലെ (എപിഎസി) പ്രകൃതി അധിഷ്ഠിത പദ്ധതികള്‍ക്കായി കമ്പനി അനുവദിച്ച 15 ദശലക്ഷം ഡോളറിന്റെ ഭാഗമാണ് ഈ വിഹിതം.
'ഫണ്ടിന്റെ വിഹിതത്തില്‍ നിന്നുള്ള ആദ്യത്തെ മൂന്ന് ദശലക്ഷം ഡോളര്‍ ഇന്ത്യയിലെ പ്രകൃതി അധിഷ്ഠിത പദ്ധതികളെ പിന്തുണയ്ക്കും. പശ്ചിമഘട്ടത്തിലെ സംരക്ഷണ ശ്രമങ്ങള്‍ ഇതിന്റെ ഭാഗമാണ്. ഇന്ത്യയിലെ 30 ശതമാനത്തിലധികം വന്യജീവി ഇനങ്ങളുടെ ആവാസമേഖലയാണിവിടം. ഏഷ്യന്‍ ആനകള്‍, കടുവകള്‍ എല്ലാം ഇവിടെ വസിക്കുന്നു. കൂടാതെ മേഖലയിലെ കമ്യൂണിറ്റികളെയും കമ്പനി പിന്തുണയ്ക്കും. ഇതിനായി സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസുമായി (സിഡബ്ല്യുഎസ്) ചേര്‍ന്ന് പ്രവര്‍ത്തിക്കും', ആമസോണ്‍ പ്രസ്താവനയില്‍ പറഞ്ഞു.
'വൈല്‍ഡ് കാര്‍ബണ്‍' പ്രോഗ്രാം സ്ഥാപിക്കാന്‍ സിഡബ്ല്യുഎസിനെ സഹായിക്കുന്നതിന് ആമസോണ്‍ പത്തു ലക്ഷം ഡോളര്‍ നല്‍കും. ഇത് 10,000 കര്‍ഷകര്‍ക്ക് ഫലം കായ്ക്കുന്ന മരങ്ങള്‍, തടി, ഔഷധ ച്ചെടികള്‍ എന്നിവ നട്ടുപിടിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമായി വിനിയോഗിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു.
ഏഷ്യ-പസഫിക് പ്രദേശം വിശാലമായ വനങ്ങളും സമ്പന്നമായ തീരപ്രദേശങ്ങളും ഉള്ളതാണ്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ നഷ്ടം എന്നിവയും ഈ മേഖലയിലെ പ്രത്യേകതയാണ്. 'കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളില്‍ നിന്ന് പ്രദേശത്തെ സംരക്ഷിക്കുന്നതിനും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും വലിയ തോതിലുള്ളതും പ്രാദേശികവുമായ പ്രവര്‍ത്തനം ആവശ്യമാണ്, രണ്ടിലും നിക്ഷേപം നടത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,' ആമസോണിന്റെ സുസ്ഥിരതയ്ക്കായുള്ള ഗ്ലോബല്‍ വൈസ് പ്രസിഡന്റ് കാരാ ഹര്‍സ്റ്റ് പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനവും ജൈവവൈവിധ്യവും സംബന്ധിച്ച് കമ്പനി 2019ല്‍ 100 ദശലക്ഷം ഡോളറിന്റെ റൈറ്റ് നൗ ക്ലൈമറ്റ് ഫണ്ടിനു രൂപം നല്കിയിരുന്നു. ആ ഫണ്ടില്‍ നിന്നാണ് 15 ദശലക്ഷം ഡോളര്‍ വിഹിതം ലഭിക്കുന്നത്.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വയം നിലനില്‍ക്കുന്ന ഒരു പരിപാടി ആസൂത്രണം ചെയ്യാന്‍ ആമസോണിന്റെ പിന്തുണ ഞങ്ങളെ പ്രാപ്തരാക്കുന്നതായി സിഡബ്ല്യുഎസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൃതി കാരന്ത് പറഞ്ഞു. കര്‍ഷകര്‍ക്ക് അവരുടെ ഉപജീവനമാര്‍ഗത്തിനും അതേസമയം വന്യജീവികള്‍ക്കുമായി ഒരുപോലെ ഗുണകരമാകുന്ന വൃക്ഷ തരങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് പിന്തുണ ലഭിക്കും. സാങ്കേതിക സഹായം, കാര്‍ഷിക വനവല്‍ക്കരണ പരിശീലനം എന്നിവയും ലഭിക്കുന്നതാണ്.
2022-ല്‍, ആമസോണ്‍ ഇന്ത്യയില്‍ ആറ് യൂട്ടിലിറ്റി സ്‌കെയില്‍ പ്രോജക്ടുകള്‍ ആരംഭിച്ചു. 2025-ഓടെ 100 ശതമാനം പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജം ഉപയോഗിച്ച് ആഗോള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുള്ള പാതയിലാണെന്ന് കമ്പനി അവകാശപ്പെടുന്നു. പദ്ധതികളില്‍ മധ്യപ്രദേശിലും കര്‍ണാടകയിലും സ്ഥിതി ചെയ്യുന്ന മൂന്ന് വിന്‍ഡ്-സോളാര്‍ ഹൈബ്രിഡ് പദ്ധതികളും രാജസ്ഥാനിലെ മൂന്ന് സോളാര്‍ ഫാമുകളും ഉള്‍പ്പെടുന്നു. ഇത് മൊത്തം 920 മെഗാവാട്ട് വരും. 2025ഓടെ 10,000 ഇലക്ട്രിക് വാഹനങ്ങള്‍ കമ്പനിയുടെ വിതരണാവശ്യത്തിനായി ലഭ്യമാക്കും.