8 Sep 2023 11:00 AM GMT
Summary
- ഒന്റാറിയോയിലെ കനേഡിയന്‍ സര്‍വ്വകലാശാലകള്‍ താമസ അസൗകര്യറങ്ങള്‍ നേരിടുന്നു. തൊട്ടാല്‍ പൊള്ളുന്ന വാടകയാണ് ഇവിടങ്ങളിലെന്നതിനാല്‍ താങ്ങാനാവുന്ന താമസസൗകര്യം കണ്ടെത്താന്‍ വിദ്യാര്‍ത്ഥികള്‍ പാടുപെടുകയാണ്
കാനഡയിലേക്കുള്ള വിദ്യാര്‍ത്ഥി കുടിയേറ്റത്തിന് പരിധി നിശ്ചയിച്ചേക്കും. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം വലിയ വെല്ലുവിളി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ബ്രാംപ്റ്റണ്‍ സിറ്റിയിലെ കാനഡോര്‍ കോളെജിലും നിപ്പിസിംഗ് യൂണിവേഴ്‌സിറ്റിയിലുമായി ഈ മാസം ചേര്‍ന്ന കുട്ടികളാണ് കാനഡയില്‍ ഗുരുതരമായ താമസസൗകര്യ പ്രശ്‌നങ്ങള്‍ നേരിടുന്നത്.
ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് താമസസൗകര്യം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും കാനഡയിലെത്തിയപ്പോഴേക്കും മുറികള്‍ ഇതിനകം ബുക്ക് ചെയ്ത് തീരുകയായിരുന്നെന്നുമാണ് റിപ്പോര്‍ട്ട്. നിലവില്‍ ഈ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ മോട്ടലുകളില്‍ 140-200 കനേഡിയന്‍ ഡോളര്‍ (8,000 -12,000 ഇന്ത്യ രൂപ) വരെ പ്രതിദിനം നല്‍കിയാണ് താമസിക്കുന്നത്.
വിദ്യാര്‍ത്ഥി വിസയിലെത്തുന്നവര്‍ക്ക് താമസ സൗകര്യം വലിയൊരു തലവേദനയാണ്. വലിയൊരു തുകയാണ് ഈ ഇനത്തില്‍ ചെലവാകുന്നത്. ഇതിനാല്‍ ഇന്ത്യയില്‍ നിന്നടക്കമുള്ള വിദ്യാര്‍ത്ഥികള്‍ വാസസൗകര്യത്തിന് യൂണിവേഴ്‌സിറ്റികള്‍ മുന്‍കൈയെടുത്ത് നിരക്കിളവ് ആവശ്യപ്പെട്ടിരിക്കുകയാണിപ്പോള്‍.
വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കി നല്‍കണമെന്ന് മോണ്‍ട്രിയല്‍ യൂത്ത് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷനുമായി (മൈസോ) ആവശ്യപ്പെട്ടിട്ടുണ്ട്. കുടിയേറ്റക്കാര്‍, അഭയാര്‍ഥികള്‍, കാനഡ വര്‍ക്ക് പെര്‍മിറ്റ് എന്നിവയ്ക്ക് 50 ശതമാനം ഹാജര്‍ നിബന്ധന ഒഴിവാക്കണമെന്നും കോളേജിലെയും സര്‍വകലാശാലയിലെയും താമസ സൗകര്യമുള്ള മറ്റ് കാമ്പസുകളിലേക്ക് അവരെ മാറ്റണമെന്നും മൈസോ ചൂണ്ടിക്കാട്ടി.
റോക്കറ്റ് വേഗത്തിലാണ് കാനഡയിലെ വീട്ടുവാടക ഉയരുന്നത്. ഈ വര്‍ഷം ഒന്‍പത് ലക്ഷം വിദ്യാര്‍ത്ഥികളെയാണ് കാനഡ പ്രതീക്ഷിക്കുന്നതെന്ന് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ പറഞ്ഞു.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2012 ല്‍ 275000 വിദ്യാര്‍ത്ഥികളാണ് കാനഡയില്‍ എത്തിയിരുന്നതെങ്കില്‍ 2022 ആയപ്പോഴേക്കും 800,000 കൂടുതല്‍ അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ കാനഡയിലെത്തി.
കാനഡയില്‍ ഇമിഗ്രേഷന്‍ നിയമങ്ങള്‍ ലഘൂകരിക്കാനും വര്‍ക്ക് പെര്‍മിറ്റ് നേടുന്നത് താരതമ്യേന എളുപ്പമായി തുടങ്ങിയതോടെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ഇഷ്ട രാജ്യമായി കാനഡ മാറിയിട്ടുണ്ട്.