7 Jan 2023 3:09 PM GMT
Summary
- നൂറ്റിപതിനേഴര പവന്റെ തിളക്കം
- അഞ്ചുപേര്‍ ചേര്‍ന്ന് ഒന്നരമാസം കൊണ്ടാണ് പണി പൂര്‍ത്തിയാക്കിയത്
കോഴിക്കോട്: പോരാട്ടത്തിനൊടുവില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ കപ്പുമായി കോഴിക്കോട് പോയപ്പോള്‍ ആ കപ്പിന്റെ പിന്നിലെ കഥയും വിലയും ചരിത്രവും നമുക്കറിയാം. നൂറ്റിപതിനേഴര പവന്‍ വരുന്ന സ്വര്‍ണക്കപ്പാണ് കലോത്സവ വിജയികള്‍ക്ക് ഇന്ന് സമ്മാനിച്ചത്. കൊറോണ പ്രതിസന്ധി കാരണം കലോത്സവം മുടങ്ങിയതിനാല്‍ ഏകദേശം 47ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഈ കപ്പ് മൂന്ന് വര്‍ഷമായി പാലക്കാട് ജില്ലയുടെ കൈവശമായിരുന്നു സൂക്ഷിച്ചിരുന്നത്. ഇനി ഈ സ്വര്‍ണ കപ്പ് കോഴിക്കോടിന്റെ കൈകളിലാവുമുണ്ടാവുക. ട്രഷറിയിലാണ് ഇത് സൂക്ഷിച്ചു വെക്കുക.
1985 ല്‍ എറണാകുളത്ത് സ്‌കൂള്‍ കലോത്സവം നടക്കുമ്പോള്‍ വിധികര്‍ത്താവായിരുന്ന വൈലോപ്പിള്ളി ശ്രീധരമേനോന്, തൊട്ടടുത്ത മഹാരാജാസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നെഹ്റു കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടക്കുമ്പോള്‍ ജേതാക്കള്‍ക്ക് വിതരണം ചെയ്ത സ്വര്‍ണക്കപ്പ് കണ്ടപ്പോള്‍ തോന്നിയ ഒരു ആശയമാണ് കലോത്സവത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണമായ സ്വര്‍ണക്കപ്പിലേക്ക് വഴി തെളിയിച്ചത്.
വൈലോപ്പിള്ളിയുടെ നിര്‍ദേശം പരിഗണിച്ച് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി എം ജേക്കബാണ് 101 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ് എന്ന ആശയം നടപ്പാക്കാന്‍ തീരുമാനിച്ചത്. ആ വര്‍ഷം അത് നടന്നില്ലെങ്കിലും അടുത്ത വര്‍ഷം വളരെ നേരത്തെ തന്നെ മന്ത്രി വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും വിദ്യാഭാസ മേഖലയുമായി ബന്ധമുള്ള ഓഫീസര്‍മാര്‍, മാനേജര്‍മാര്‍, അധ്യാപകര്‍,വിദ്യാര്‍ത്ഥികള്‍ എന്നിവരില്‍ നിന്ന് സംഭാവന സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം ആര്‍ട്ട് എഡിറ്ററും പ്രശസ്ത ചിത്രകാരനുമായ ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരെ കപ്പ് രൂപകല്‍പന ചെയ്യാന്‍ ചുമതലപെടുത്തി. പത്തനംതിട്ടയിലെ ഷാലിമാര്‍ ഫാഷന്‍ ജ്വല്ലറി ടെന്‍ഡര്‍ എടുത്തു. 101 പവന്‍ ആയിരുന്നു പദ്ധതി ഇട്ടതെങ്കിലും നിര്‍മാണം അവസാനിച്ചപ്പോള്‍ 117.5 പവന്‍ ആയി. അന്ന് രണ്ടേ കാല്‍ ലക്ഷം രൂപ മൂല്യമുണ്ടായിരുന്ന ഈ സ്വര്‍ണക്കപ്പിന്റെ പണി 1987ല്‍ അഞ്ചുപേര്‍ ചേര്‍ന്ന് ഒന്നരമാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്