20 Aug 2024 4:45 AM GMT
Summary
- ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലം യുഎസ്
- സാമ്പത്തികമായി നോക്കുമ്പോള്‍ പലരും കാനഡയോ ഓസ്‌ട്രേലിയയോ തെരഞ്ഞെടുക്കുന്നു
- എന്നാല്‍ ഇപ്പോള്‍ കാനഡയിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്കിന് കുറവുണ്ടായിട്ടുണ്ട്
നിങ്ങള്‍ ഒരു വിദേശ സര്‍വകലാശാലയില്‍ എംബിഎയ്ക്ക് പഠിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, പരിഗണിക്കേണ്ട പ്രധാന ഘടകങ്ങളിലൊന്ന് അതില്‍ ഉള്‍പ്പെടുന്ന ചെലവാണ്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി രണ്ട് ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളുണ്ട്: യുഎസും യുകെയും.
എംബിഎ, എംഎസ് തുടങ്ങിയ ഉപരിപഠനത്തിന് പോകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് യുഎസ്. അതേസമയം, സാമ്പത്തികമായി നോക്കുമ്പോള്‍ പലരും തെരഞ്ഞെടുക്കുക കാനഡ അല്ലെങ്കില്‍ ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളാണ്.
2022ലെ വിദേശകാര്യ മന്ത്രാലയത്തിന്റെ (എംഇഎ) കണക്കുകള്‍ പ്രകാരം യുഎസില്‍ 4.65 ലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികളും കാനഡയില്‍ 1.83 ലക്ഷം സ്റ്റുഡന്റ്‌സും പഠിക്കുന്നുണ്ട്. ഓസ്ട്രേലിയയില്‍ ഒരു ലക്ഷത്തിലേറെയും യുണൈറ്റഡ് കിംഗ്ഡത്തില്‍ (യുകെ) 55,000-ത്തിലധികം പേരുമുണ്ട്.
ഇനി ഈ രാജ്യങ്ങളിലെ ഏതെങ്കിലും മുന്‍നിര സര്‍വ്വകലാശാലകളില്‍ നിങ്ങള്‍ എംബിഎയ്ക്ക് പഠിക്കുമ്പോള്‍ ഒരാള്‍ക്ക് ഉണ്ടാകുന്ന ചിലവ് എത്രയാകും?
അവസരങ്ങളുടെ നാടായ യുഎസില്‍ നിരവധി ബിസിനസ് സ്‌കൂള്‍ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്. സ്റ്റാന്‍ഫോര്‍ഡ്, വാര്‍ട്ടണ്‍, ഹാര്‍വാര്‍ഡ്, എംഐടി, കൊളംബിയ, നോര്‍ത്ത് വെസ്റ്റേണ്‍, യുസി ബെര്‍ക്ക്ലി എന്നിവ മുന്‍നിരയിലുള്ളവയാണ്.
ഒരു വര്‍ഷത്തേക്കുള്ള ട്യൂഷന്‍ ഫീസ് സ്റ്റാന്‍ഫോര്‍ഡിന് ഏകദേശം 82,455 ഡോളര്‍ആണ്. ജീവിതച്ചെലവ് 19000 ഡോളറും താമസത്തിനായി 20,880 ഡോളറും ആവശ്യമുണ്ട്. കൂടാതെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് (7620), ആരോഗ്യഫീസ് (783) എന്നിവ ഉള്‍പ്പെടുന്ന മൊത്തം ഫീസ് 1,30,746 ഡോളര്‍ ആണ്.ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൊത്തം ചെലവ് 1.09 കോടി രൂപയില്‍ എത്തുന്നു. രണ്ട് വര്‍ഷത്തെ എംബിഎയ്ക്ക് ഇത് ഇരട്ടിയാകും.
അതേസമയം എ1 വിസയിലുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നടക്കുമ്പോള്‍ ആഴ്ചയില്‍ 20 മണിക്കൂര്‍ വരെയും ക്ലാസുകള്‍ നടക്കാത്തപ്പോള്‍ ആഴ്ചയില്‍ 40 മണിക്കൂര്‍ വരെയും ജോലി ചെയ്യാന്‍ അര്‍ഹതയുണ്ട്. പഠനം പൂര്‍ത്തിയാക്കിയ ശേഷം, പ്രായോഗിക പരിശീലനത്തിന് കീഴില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തേക്ക് താമസിക്കാന്‍ അര്‍ഹതയുണ്ട്.
കാനഡ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പൊതുവെ ഒരു ഹോട്ടസ്‌പോട്ടാണ്. ഇപ്പോള്‍ നയതന്ത്ര പ്രശ്‌നങ്ങള്‍ മൂലം പല തടസങ്ങളും ഉണ്ടായപ്പോള്‍ കാനഡയിലേക്കുള്ള യാത്രകള്‍ കുറഞ്ഞിട്ടുണ്ട്.
2023ലെ കണക്കുകള്‍ പ്രകാരം കാനഡയില്‍ 380,000 ത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ക്വീന്‍സ് യൂണിവേഴ്‌സിറ്റി, ടൊറന്റോ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് വാട്ടര്‍ലൂ, യൂണിവേഴ്‌സിറ്റി ഓഫ് യോര്‍ക്ക്, മക്ഗില്‍ യൂണിവേഴ്‌സിറ്റി എന്നിവ ആവിടുത്തെപ്രശസ്തമായി സര്‍വകലാശാലകളാണ്.
മക്ഗില്‍ യൂണിവേഴ്‌സിറ്റിയില്‍ എംബിഎയ്ക്ക്, ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ഏകദേശം 1,02,500 ഡോളര്‍ ട്യൂഷന്‍ ഫീസിനത്തില്‍ ചെലവാകും. അന്താരാഷ്ട്ര പഠന യാത്രയ്ക്കായി മറ്റൊരു മൂവായിരം ഡോളറും ജീവിതച്ചെലവിലേക്ക് 24,000 ഡോളറും ചെലവുണ്ടാകും. അതിനാല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ഏകദേശം 80 ലക്ഷം രൂപയാണ് ചെലവിനത്തില്‍ വരിക.
കാനഡയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ 20 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ അനുവാദമുണ്ട്. ബിരുദാനന്തര ബിരുദത്തിന്റെ ദൈര്‍ഘ്യം രണ്ട് വര്‍ഷത്തില്‍ കുറവാണെങ്കിലും അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് 3 വര്‍ഷത്തെ ബിരുദാനന്തര വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാം.
യുഎസിലോ കാനഡയിലോ പഠിക്കാന്‍ കഴിയാത്തവര്‍ പഠനച്ചെലവ് പോലെ തന്നെ ജീവിതച്ചെലവും കുറവായ ഓസ്ട്രേലിയ പോലുള്ള സാമ്പത്തിക ഓപ്ഷനുകള്‍ തിരഞ്ഞെടുക്കുന്നു.
മെല്‍ബണ്‍, ക്വീന്‍സ്ലാന്‍ഡ്, സിഡ്നി, വെസ്റ്റേണ്‍ ഓസ്ട്രേലിയ, കാന്‍ബെറ, വോളോങ്കോങ്, വിക്ടോറിയ യൂണിവേഴ്സിറ്റി എന്നിവയും എംബിഎയ്ക്കുള്ള ഓസ്ട്രേലിയയിലെ മികച്ച സര്‍വകലാശാലകളില്‍ ഉള്‍പ്പെടുന്നു.
സിഡ്നി യൂണിവേഴ്സിറ്റിയില്‍ ഒരു വര്‍ഷത്തേക്ക് എംബിഎയ്ക്കുള്ള ചെലവ് 55,000 ഡോളര്‍ ആണ്. 1.5 വര്‍ഷത്തെ എംബിഎയ്ക്ക് ആകെ ചെലവ് 82,500 ഡോളര്‍ ആയിരിക്കും. ഈ കാലയളവിലെ ജീവിത ചെലവ് പ്രതിമാസം 2000 ഡോളര്‍ വരും. ഇത് ഒന്നര വര്‍ഷത്തേക്ക് 36,000 ഡോളറാകും. അതിനാല്‍ മൊത്തം ചെലവ് 1,18,500 ഡോളര്‍ആണ്.
ഇത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ 66 ലക്ഷത്തിലധികമാകും. ഇവിടെ അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ രണ്ടാഴ്ചയിലും 48 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ അനുവാദമുണ്ട്.
പഠനത്തിന് ശേഷം, ഒരാള്‍ക്ക് ഒരു പോസ്റ്റ് സ്റ്റഡി വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാം ഈ വിസയ്ക്ക്, ഒരു അപേക്ഷകന്‍ കഴിഞ്ഞ 6 മാസത്തിനുള്ളില്‍ ഒരു സ്റ്റുഡന്റ് വിസ കൈവശം വച്ചിരിക്കണം കൂടാതെ 35 വയസോ അതില്‍ താഴെയോ പ്രായമുള്ളവരായിരിക്കയും വേണം.