19 April 2024 3:21 PM GMT
വിദേശ പഠനമാണോ ലക്ഷ്യം; സ്‌കോളര്‍ഷിപ്പ് ഉറപ്പാക്കാന്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?
MyFin Desk
Summary
- വിദ്യാഭ്യാസം, ജീവിതച്ചെലവ് എന്നിവ ഒരു പരിധിവരെ കുറയ്ക്കാന്‍ സ്‌കോളര്‍ഷിപ്പ് സഹായിക്കും
- സ്‌കോളര്‍ഷിപ്പിനുള്ള അവസരം നിരന്തരം പരിശോധിക്കേണ്ടതുണ്ട്. അതിനായി യൂണിവേഴ്‌സിറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍, പ്രൊഫസര്‍മാര്‍ എന്നിവരെ ബന്ധപ്പെടാം
- വിദ്യാഭ്യാസ സ്ഥാപനത്തിനു പുറമേ സ്‌കോളര്‍ഷിപ്പ് നല്‍കുന്ന സ്രോതസുകളെക്കുറിച്ചും അന്വേഷിക്കാം
പ്ലസ്ടു കഴിഞ്ഞു അടുത്ത പ്ലാന്‍ എന്താണെന്നുള്ള ചോദ്യത്തിന് മിക്ക കുട്ടികളുടെയും ഉത്തരം ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്തെ സര്‍വകലാശാലകളില്‍ ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെ ചെയ്യണമെന്നാകും. വിദേശ വിദ്യാഭ്യാസം ചെലവേറിയ സംഗതിയാണെങ്കിലും പലരും ഈ ചെലവിനെ വിദേശ സര്‍വകലാശാലകളും മറ്റും നല്‍കുന്ന സ്‌കോളര്‍ഷിപ്പിലൂടെ മറികടക്കാം എന്ന ലക്ഷ്യത്തോടെയാകും മുന്നിട്ടിറങ്ങുന്നത്.
ട്യൂഷന്‍ ഫീസ്, ജീവിതച്ചെലവ് എന്നിവയുടെ 25 മുതല്‍ 100 ശതമാനം സ്‌കോളര്‍ഷിപ്പായി ലഭിക്കും. പക്ഷേ, ഇത് ലഭിക്കുന്നത് വിദ്യാര്‍ഥിയുടെ പ്രൊഫൈല്‍, അപേക്ഷിച്ച പ്രോഗ്രാം തുടങ്ങിയ നിരവധി ഘടകങ്ങളെ പരിഗണിച്ചാകും. അതുകൊണ്ട് വിദേശ വിദ്യാഭ്യാസത്തിനൊരുങ്ങുന്നവര്‍ പ്രത്യേകിച്ച് സ്‌കോളര്‍ഷിപ്പിനെ ആശ്രയിക്കാനൊരുങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ചുവടെ നല്‍കിയിരിക്കുന്നത്.
നല്ല പ്രൊഫൈല്‍ തയ്യാറാക്കാം
വിദേശ വിദ്യാഭ്യാസവും സ്‌കോളര്‍ഷിപ്പും ആഗ്രഹിക്കുന്നവര്‍ അതിനായി സ്‌കൂള്‍ കാലം മുതല്‍ ഒരുങ്ങേണ്ടതുണ്ട്. കാരണം അതീവ മത്സരക്ഷമമാണ് ലോകം. വിദ്യാര്‍ഥികള്‍ അവരുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ ശക്തമായ പ്രൊഫൈല്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്നവരാണ്.
പ്രൊഫൈല്‍ തയ്യാറാക്കുമ്പോള്‍ പഠിക്കാനാഗ്രഹിക്കുന്ന രാജ്യം, യൂണിവേഴ്‌സിറ്റി, കോഴ്‌സ് എന്നിവ പരിഗണിക്കണം. തെരഞ്ഞെടുത്ത യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്താണ് എന്നതും പരിഗണിക്കണം. ഉദാഹരണത്തിന്, ഗവേഷണ അധിഷ്ടിത സ്‌കോളര്‍ഷിപ്പുകളാണ് ലക്ഷ്യമിടുന്നതെങ്കില്‍ പ്രസിദ്ധീകരണങ്ങളിലൂടെയുള്ള ഗവേഷണ വൈദഗ്ധ്യം, ഗവേഷണങ്ങളില്‍ അസിസ്റ്റ് ചെയ്തുള്ള അനുഭവം, അധ്യാപന പരിചയം അടിസ്ഥാനമാക്കിയുള്ള സ്റ്റൈപന്‍ഡുകള്‍ എന്നിവ പരിഗണിക്കും.
ട്യൂഷന്‍ ഫീസിലെ ഇളവുകള്‍ക്ക് മികച്ച ആശയ വിനിമയ ശേഷി (കമ്യൂണിക്കേഷന്‍ സ്‌കില്‍) അത്യാവശ്യമാണ്. ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് അസ് എ ഫോറിന്‍ ലാംഗ്വേജ് (ടോഇഎഫ്എല്‍), ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് (ഐഇഎല്‍ടിഎസ്) എന്നീ പരീക്ഷകളിലെ സംസാര (സ്പീക്കിംഗ്) പരീക്ഷയ്ക്ക് ഉയര്‍ന്ന മാര്‍ക്ക് അത്യാവശ്യമാണ്. രണ്ട് പരീക്ഷകളും ഇംഗ്ലീഷ് ദേശീയ ഭാഷയായി ഉപയോഗിക്കാത്ത രാജ്യക്കാര്‍ക്കുള്ളതാണ്. ഇനി മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള സ്‌കോളര്‍ഷിപ്പാണ് ലക്ഷ്യമിടുന്നതെങ്കില്‍ പാഠ്യവിഷയങ്ങളില്‍ മികവ് പുലര്‍ത്തേണ്ടതുണ്ട്. ഇനി മാനേജ്‌മെന്റ് മേഖലയിലെ പഠനവും സ്‌കോളര്‍ഷിപ്പുമാണ് ലക്ഷ്യമെങ്കില്‍ പാഠ്യേതര വിഷയങ്ങളിലെ മികവ്, എന്തെങ്കിലും ജോലിയിലെ മികവ് എന്നിവ ആവശ്യമാണ്.
എവിടെ അപേക്ഷിക്കും
മിക്ക വിദേശ സര്‍വകലാശാലകളും സ്‌കോളര്‍ഷിപ്പ് വാഗ്ദാനം ചെയ്യാറുണ്ട്. കോഴ്‌സിനുള്ള അപേക്ഷ സമര്‍പ്പിച്ച് കോളജുകളുടെ ചുരുക്കപ്പട്ടിക വന്നു കഴിഞ്ഞാല്‍ ഓരോ കോളജിന്റെയും വെബ്‌സൈറ്റുകള്‍ പരിശോധിച്ച് സ്‌കോളര്‍ഷിപ്പുകളെക്കുറിച്ച് അറിയാം. ലരും പഠിക്കുന്ന സ്ഥാപനത്തിന്റെ വെബ്‌സൈറ്റുകള്‍ മാത്രം പരിശോധിക്കാറുള്ളു. സര്‍വകലാശാലയുടെ വെബ്‌സൈറ്റ് പരിശോധിച്ചെങ്കിലെ സ്‌കോളര്‍ഷിപ്പുകളെക്കുറിച്ച് വിശദമായി അറിയാന്‍ സാധിക്കൂ. കൂടാതെ, സമൂഹ മാധ്യമങ്ങളിലൂടെ നിങ്ങള്‍ പഠിക്കാനാഗ്രഹിക്കുന്ന സര്‍വകലാശാലയിലെ അല്ലെങ്കില്‍ കോളജിലെ പൂര്‍വ്വ വിദ്യാര്‍ഥികളുമായി ബന്ധപ്പെടാന്‍ ശ്രമിക്കാം. ഇതുവഴി കൂടുതല്‍ വിവരങ്ങള്‍ അറിയാം.
ഒരു വിദ്യാര്‍ത്ഥിക്ക് ഒന്നിലധികം ഫണ്ടിംഗ് സ്രോതസ്സുകള്‍ക്കായി അപേക്ഷിക്കാം. പക്ഷേ, നിബന്ധനകളുണ്ട്, സാധാരണയായി ഒന്നിലധികം സ്‌കോളര്‍ഷിപ്പുകള്‍ നേടുന്ന ഒരു വിദ്യാര്‍ത്ഥി ഏറ്റവും അനിവാര്യമായ ഒന്ന് സ്വീകരിക്കുകയും ബാക്കിയുള്ളവ ഉപേക്ഷിക്കുകയും വേണം. ചില സാഹചര്യങ്ങളില്‍, മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാല, സര്‍ക്കാര്‍ മുതലായവയില്‍ നിന്ന് ഒന്നിലധികം സ്‌കോളര്‍ഷിപ്പുകള്‍ നേടാന്‍ കഴിയും.
വിവരങ്ങളൊന്നും വ്യാജമാക്കരുത്
സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുമ്പോള്‍ യാഥാര്‍ത്ഥ്യത്തോടെയും സത്യസന്ധയമായതുമായ വിവരങ്ങള്‍ മാത്രം നല്‍കണം. സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുമ്പോള്‍ അ് വിലയിരുത്തുന്ന പാനലുകളില്‍ ഒരു നല്‍കിയ വിവരങ്ങള്‍ വ്യാജമോ, കൃത്രിമമായി തയ്യാറാക്കിയതോ ആണോയെന്ന് കണ്ടെത്താന്‍ കഴിയുന്ന വിദഗ്ധരുണ്ടെന്ന് ഓര്‍ക്കുക. മാത്രമല്ല, അഭിമുഖങ്ങള്‍ സ്‌കോളര്‍ഷിപ്പ് പ്രക്രിയയുടെ അവിഭാജ്യ ഘടകമാണ്, ഇതില്‍, ഒരു വിദ്യാര്‍ത്ഥിയുടെ സത്യസന്ധത, നല്ല വശങ്ങള്‍, മോശം വശങ്ങള്‍ എന്നിവയെല്ലാം പരീക്ഷിക്കപ്പെടുന്നു. വ്യാജം അല്ലെങ്കില്‍ ഇല്ലാത്ത കാര്യത്തിന്റെ ഏതെങ്കിലും സൂചന ലഭിച്ചാല്‍ അത് അപേക്ഷ നിരസിക്കുന്നതിലേക്ക് നയിച്ചേക്കാം.
നേരത്തെ അപേക്ഷിക്കാം
എത്ര നേരത്തെ അപേക്ഷിക്കുന്നുവോ അത്രയും സ്‌കോളര്‍ഷിപ്പിനുള്ള സാധ്യതകളും വര്‍ധിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്നതിന് പല കോളജുകള്‍ക്കും ഒന്നലധികം റൗണ്ടുകളുണ്ട്. സ്‌കോളര്‍ഷിപ്പുകള്‍ക്കായി ഒരു നിശ്ചിത ഫണ്ടാകും ഓരോ സ്ഥാപനവും നീക്കിവെച്ചിട്ടുണ്ടാവുക. ആ ഫണ്ട് ലഭിക്കുന്ന അപേക്ഷകള്‍ക്കനുസരിച്ച് യോഗ്യരായവര്‍ക്ക് വിതരണം ചെയ്യും. അപേക്ഷിക്കാന്‍ താമസിക്കുന്നതിനനുസരിച്ച് സ്‌കോളര്‍ഷിപ്പ് ലഭിക്കാനുള്ള സാധ്യതയും കുറയും.
മറ്റ് മാര്‍ഗങ്ങള്‍
ഗവേഷണ അടിസ്ഥാനത്തിലുള്ള പ്രോഗ്രാമുകളില്‍ പ്രൊഫസര്‍മാര്‍ക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടാകും അതില്‍ നിന്നും സ്‌കോളര്‍ഷിപ്പ് ലഭിക്കാനുള്ള സാധ്യതയുണ്ട്. എംബിഎ കോഴ്‌സിന് അപേക്ഷിക്കുന്ന ഒരാള്‍ക്ക് അക്കൗണ്ടിംഗ് മേഖലയിലോ മറ്റോ പരിചയമുണ്ടെങ്കില്‍ അക്കൗണ്ടിംഗ് പ്രൊഫസര്‍മാരില്‍ ഒരാളെ സമീപിച്ച് സ്‌കോളര്‍ഷിപ്പ് അല്ലെങ്കില്‍ ഫണ്ടിംഗിനെക്കുറിച്ച് ചോദിക്കാം. അത് സര്‍വകലാശാല വഴിയോ അക്കൗണ്ടിംഗ് കമ്യൂണിറ്റി വഴിയോ ലഭിക്കുന്ന ഫണ്ടിംഗ് സ്രോതസുകള്‍ ആകാം.
നരോത്തം സെഖ്‌സാരിയ ഫൗണ്ടേഷന്‍, ജെഎന്‍ ടാറ്റ എന്‍ഡോവ്‌മെന്റ് തുടങ്ങിയ ട്രസ്റ്റുകള്‍ വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 'ലോണ്‍ സ്‌കോളര്‍ഷിപ്പുകള്‍' വാഗ്ദാനം ചെയ്യുന്നുണ്ട്. ഉദാഹരണത്തിന്, ജെഎന്‍ ടാറ്റ ട്രസ്റ്റ് പോസ്റ്റ് ഗ്രാജുവേറ്റ്, പിഎച്ച്ഡി അല്ലെങ്കില്‍ പോസ്റ്റ് ഡോക്ടറല്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം 2 ശതമാനം പലിശയ്ക്ക് 10 ലക്ഷം രൂപ വരെ ഒറ്റത്തവണ 'ലോണ്‍-സ്‌കോളര്‍ഷിപ്പ്' വാഗ്ദാനം ചെയ്യാറുണ്ട്. ട്രസ്റ്റികള്‍ക്ക് അവരുടെ വിവേചനാധികാരപ്രകാരം പലിശ ഒഴിവാക്കുകയോ കിഴിവ് നല്‍കുകയോ ചെയ്യാം.
ഇത്തരം സ്‌കോളര്‍ഷിപ്പുകള്‍ നേടുന്നതിന്, നിങ്ങളുടെ അക്കാദമിക് മികവിനൊപ്പം നിങ്ങള്‍ എന്തുകൊണ്ടാണ് ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നതെന്നും നിങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കേണ്ടത് എന്തുകൊണ്ടാണെന്നും വ്യക്തമാക്കേണ്ടതുണ്ട്.