7 Jan 2025 4:04 PM GMT
കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം; സ്കോളര്ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
MyFin Desk
കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2024 അധ്യയന വർഷത്തെ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കുട്ടികൾ കേരളത്തിനകത്തുള്ള സർക്കാർ / എയ്ഡഡ് കോളേജുകളിൽ പഠിച്ചവരായിരിക്കണം.
2024 വർഷത്തെ ഡിഗ്രി, പിജി, പ്രൊഫഷണൽ ഡിഗ്രി, പ്രൊഫഷണൽ പിജി, ടിടിസി, ഐടിഐ, പോളിടെക്നിക്, ജനറൽ നഴ്സിംഗ്, ബിഎഡ്, മെഡിക്കൽ ഡിപ്ലോമ തുടങ്ങിയ അവസാന വർഷ പരീക്ഷകലിൽ നിശ്ചിത ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയ വിദ്യാർഥികളുടെ മാതാപിതാക്കളിൽ നിന്നും നിശ്ചിത ഫോറത്തിലുള്ള അപേക്ഷ തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ ജനുവരി 31 ന് വൈകുന്നേരം 5 മണി വരെ സ്വീകരിക്കും. അപേക്ഷകൾ യൂണിയൻ പ്രതിനിധികൾ മുഖേന സമർപ്പിക്കണം.
അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെയും ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അംഗത്തിന്റെ ക്ഷേമനിധി പാസ്ബുക്കിന്റെ ആദ്യ പേജിന്റെയും അംശാദായ അടവിന്റേയും പകർപ്പ്, അംഗത്തിന്റെ ബാങ്ക് പാസ്ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ്, കർഷക തൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്റെ സാക്ഷ്യപത്രം, അപേക്ഷയിലോ രജിസ്ട്രേഷൻ രേഖയിലോ പേര്, വിലാസം എന്നിവയിൽ വ്യത്യാസം ഉണ്ടെങ്കിൽ വൺ ആന്റ് സെയിം സർട്ടിഫിക്കറ്റും സമർപ്പിക്കണം.
പരീക്ഷാ തീയതിക്ക് തൊട്ടു മുമ്പുള്ള മാസത്തിൽ അംഗം 12 മാസത്തെ അംഗത്വം പൂർത്തീകരിച്ചിരിക്കണം. കുടിശ്ശികയുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല. കേരളത്തിനകത്തെ സർവകലാശാലകളിൽ റഗുലർ കോഴ്സിൽ പഠിച്ചവരായിരിക്കണം. വിദ്യാർഥികൾ, സ്വാശ്രയ സ്ഥാപനങ്ങളിൽ മാനേജ്മെന്റ് ക്വാട്ടയിൽ പഠിച്ച വിദ്യാർഥികൾ ഈ ആനുകൂല്യത്തിന് അർഹരല്ല. വിശദവിവരങ്ങൾക്ക് ഫോൺ: 0471 2729175.