21 March 2025 8:45 AM IST
Summary
- പേര് മാറ്റത്തിന് കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അനുമതി
- സോമാറ്റോ, ബ്ലിങ്കിറ്റ്, ഡിസ്ട്രിക്റ്റ്, ഹൈപ്പര്‍പ്യൂര്‍ എന്നീ നാല് ബിസിനസുകള്‍ എറ്റേണല്‍ ലിമിറ്റഡിന് കീഴില്‍
പേര് മാറ്റത്തിന് ഭക്ഷ്യ, പലചരക്ക് വിതരണ പ്രമുഖരായ സൊമാറ്റോയ്ക്ക് കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അനുമതി. ഇതോടെ സൊമാറ്റോയുടെ പേര് ഔദ്യോഗികമായി 'എറ്റേണല്‍ ലിമിറ്റഡ്' എന്നായി.
കമ്പനിയുടെ ഓഹരി ഉടമകള്‍ ഈ മാസം ആദ്യം സ്ഥാപനത്തെ 'എറ്റേണല്‍' എന്ന് പുനര്‍നാമകരണം ചെയ്യുന്നതിനുള്ള പ്രത്യേക പ്രമേയത്തിന് അംഗീകാരം നല്‍കിയിരുന്നു.
കമ്പനിയുടെ ഫുഡ് ഡെലിവറി ബിസിനസായ സൊമാറ്റോയുടെ ബ്രാന്‍ഡ് നാമം ആപ്പിനൊപ്പം തന്നെ തുടരും. എങ്കിലും, കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ പേര് എറ്റേണല്‍ എന്നായി മാറും. സോമാറ്റോ, ബ്ലിങ്കിറ്റ്, ഡിസ്ട്രിക്റ്റ്, ഹൈപ്പര്‍പ്യൂര്‍ എന്നിങ്ങനെ നാല് പ്രധാന ബിസിനസുകള്‍ എറ്റേണലില്‍ ഉള്‍പ്പെടും.
കഴിഞ്ഞമാസം ഓഹരി ഉടമകള്‍ക്ക് അയച്ച കത്തില്‍ സൊമാറ്റോ സ്ഥാപകനും സിഇഒയുമായ പീന്ദര്‍ ഗോയല്‍ കമ്പനി ബോര്‍ഡ് പേര് മാറ്റത്തിന് അംഗീകാരം നല്‍കിയതായി വ്യക്തമാക്കിയിരുന്നു. ഈ മാറ്റത്തെ പിന്തുണയ്ക്കാന്‍ അദ്ദേഹം ഷെയര്‍ഹോള്‍ഡര്‍മാരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. മാറ്റം അംഗീകരിക്കപ്പെട്ടപ്പോള്‍ കോര്‍പ്പറേറ്റ് വെബ്സൈറ്റ് zomato.com-ല്‍നിന്ന് eternal.com ലേക്ക് മാറി.
കമ്പനിയുടെ പേര് പരസ്യമായി പുനര്‍നാമകരണം ചെയ്യാനുള്ള തീരുമാനം ബ്ലിങ്കിറ്റ് അതിന്റെ ഭാവിയുടെ ഒരു പ്രധാന ചാലകമായി മാറുന്നതിനനുസരിച്ചാണെന്നും അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തു.
കമ്പനി ബ്ലിങ്കിറ്റ് സ്വന്തമാക്കിയപ്പോള്‍ കമ്പനിയും ബ്രാന്‍ഡും/ആപ്പും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ സൊമാറ്റോയ്ക്കുപകരം എറ്റേണല്‍ എന്ന് ഉപയോഗിക്കാന്‍ തുടങ്ങിയതായി പ്രസ്താവന പറയുന്നു.