28 July 2024 9:34 AM GMT
Summary
- നിക്ഷേപം അടുത്ത മൂന്ന് മാസത്തിനകം
- ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയില്‍ ഭക്ഷ്യ വ്യാപാരികളുടെയും റെസ്റ്റോറന്റുകളുടെയും പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക ലക്ഷ്യം
സര്‍ക്കാര്‍ പിന്തുണയുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഒഎന്‍ഡിസിയില്‍ ഒരു ലക്ഷത്തിലധികം പുതിയ റെസ്റ്റോറന്റുകളും ക്ലൗഡ് കിച്ചണുകളും ഓണ്‍ബോര്‍ഡ് ചെയ്യുന്നതിന് അടുത്ത മൂന്ന് മാസത്തിനുള്ളില്‍ 100 കോടി രൂപ നിക്ഷേപിക്കാന്‍ ഹൈപ്പര്‍ലോക്കല്‍ ഇ-കൊമേഴ്സ് സ്ഥാപനമായ മാജിക്പിന്‍ പദ്ധതിയിടുന്നു.
പുതുതായി പങ്കാളികളായ റെസ്റ്റോറന്റുകളില്‍ ഉപഭോക്താക്കള്‍ക്ക് സീറോ കമ്മീഷന്‍, സീറോ ഓണ്‍ബോര്‍ഡിംഗ് ഫീസ്, സൗജന്യ ഹോം ഡെലിവറി തുടങ്ങിയ ഓണ്‍ബോര്‍ഡിംഗ് ഇന്‍സെന്റീവുകള്‍ വാഗ്ദാനം ചെയ്യുന്നതിനായി മാജിക്പിന്‍ ഫണ്ട് നിക്ഷേപിക്കും.
ഉയര്‍ന്ന കമ്മീഷനുകളും ഓണ്‍ബോര്‍ഡിംഗ് ഫീസും പോലുള്ള പ്രവേശന തടസ്സങ്ങള്‍ ഒഴിവാക്കി ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയില്‍ ഭക്ഷ്യ വ്യാപാരികളുടെയും റെസ്റ്റോറന്റുകളുടെയും പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം. അതിനാണ് 100 കോടി രൂപ മാറ്റിവെക്കുന്നതെന്ന് മാജിക്പിന്‍ വിശദീകരിച്ചു.
ഒഎന്‍ഡിസിയിലെ മുന്‍നിര വില്‍പന ആപ്പുകളില്‍ ഒന്നാണ് മാജിക്പിന്‍. ഇതിന്റെ ഫുഡ് ടെക് വെര്‍ട്ടിക്കല്‍ സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി ആപ്പുകളുമായി മത്സരിക്കുന്നു.
വൈവിധ്യമാര്‍ന്ന റസ്റ്റോറന്റ് പങ്കാളികള്‍ക്കിടയില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്വീകരിക്കുന്നത് ത്വരിതപ്പെടുത്തുക എന്നത് മാജിക്പിന്നിന്റെ ലക്ഷ്യമാണ്. ഇത് മൊത്തത്തിലുള്ള ഒഎന്‍ഡിസി ഇക്കോസിസ്റ്റത്തിന് പ്രയോജനം ചെയ്യും.ഈ അവസരങ്ങള്‍ അന്തിമ ഉപഭോക്താക്കള്‍ക്ക് ചിലവ് കുറയ്ക്കുകയും ചെയ്യും.
സംരംഭത്തിന്റെ ഭാഗമായി, റെസ്റ്റോറന്റുകള്‍, ചെറുകിട, ഇടത്തരം ഭക്ഷണ വിതരണ വ്യാപാരികള്‍ എന്നിവരെ അഞ്ച് മിനിറ്റിനുള്ളില്‍ ഒഎന്‍ഡിസിയില്‍ ചേരാന്‍ സഹായിക്കുന്നതിന് സ്വയം-ഓണ്‍ബോര്‍ഡിംഗ് ടൂള്‍ അവതരിപ്പിച്ചതായി കമ്പനി അവകാശപ്പെടുന്നു.
ഡിജിറ്റല്‍ വാണിജ്യത്തെ ജനാധിപത്യവല്‍ക്കരിക്കുക എന്നതാണ് ഒഎന്‍ഡിസിയുടെ ദൗത്യം. കൂടുതല്‍ പ്രാദേശിക വ്യാപാരികളെ ഒഎന്‍ഡിസിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാജിക്പിന്‍ നിക്ഷേപം ഇന്ത്യയെ കൂടുതല്‍ ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയാക്കാന്‍ സഹായിക്കുന്നു,' ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് (ഒഎന്‍ഡിസി) എംഡിയും സിഇഒയുമായ ടി കോശി പറഞ്ഞു.