4 Dec 2024 7:14 AM GMT
Summary
- ചാര്‍ജ് വര്‍ധനക്കുള്ള വഴികള്‍ പരിശോധിക്കുന്നതായി സ്വിഗ്ഗി
- അതിവേഗം ലാഭമുണ്ടാക്കാന്‍ കമ്പനികള്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം
- പ്ലാറ്റ് ഫോം ഫീസ് 18 മാസത്തിനുള്ളില്‍ അഞ്ചിരട്ടിയാക്കി സ്വിഗ്ഗി വര്‍ധിപ്പിച്ചു
ഇന്‍സ്റ്റാമാര്‍ട്ട് ഓര്‍ഡറുകളില്‍ ഡെലിവറി ചാര്‍ജ് ഉയര്‍ത്താന്‍ സ്വിഗ്ഗി. ഡെലിവറി ഫീസ് വര്‍ധിപ്പിക്കുന്നതിനുള്ള വഴികള്‍ പരിശോധിക്കുന്നതായി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ രാഹുല്‍ ബോത്രയാണ് അറിയിച്ചത്. കമ്പനിയുടെ ത്രൈമാസ ഫലങ്ങള്‍ പ്രഖ്യാപിച്ച ശേഷം അനലിസ്റ്റുകളോട് സംസാരിക്കുയായിരുന്നു ബോത്ര. എന്നിരുന്നാലും, ഇതിന് പ്രത്യേക സമയക്രമങ്ങളൊന്നും അദ്ദേഹം സൂചിപ്പിട്ടില്ല.
സ്വിഗ്ഗി വണ്‍ (ലോയല്‍റ്റി പ്രോഗ്രാം) ഉപയോക്താക്കള്‍ക്ക് മാത്രം ഡെലിവറി സൗജന്യമാണെന്നും മറ്റുള്ളവര്‍ ഫീസ് നല്‍കേണ്ടിവരും എന്നുമാണ് സൂചന.സൊമാറ്റോയുടെ ഉടമസ്ഥതയിലുള്ള ബ്ലിങ്കിറ്റ്, ഓരോ ഓര്‍ഡറിലും ഡെലിവറി ഫീസ് വാങ്ങുന്നുണ്ട്. ഈ രംഗത്തെ മറ്റൊരു പ്രധാന കമ്പനിയായ സെപ്‌റ്റോ ഉപയോക്താക്കള്‍ക്കുള്ള ഡെലിവറി ഫീ ഒഴിവാക്കുന്നുണ്ട്. എന്നാല്‍ സ്വിഗ്ഗിയുടെ ഇന്‍സ്റ്റാമാര്‍ട്ട് മറ്റുള്ളവരില്‍ നിന്ന് ഒരു ഫീസ് വാങ്ങുന്നു.
സ്വിഗ്ഗിയുടെ ഏറ്റവും പ്രധാനപ്പെട്ട ഡിവിഷനുകളില്‍ ഒന്നാണ് ഇന്‍സ്റ്റാമാര്‍ട്ട്.
കമ്പനി തലത്തില്‍, സ്വിഗ്ഗിയുടെ വരുമാനം ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 3,601.5 കോടി രൂപയായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 2,763.3 കോടിയില്‍ നിന്ന് 30 ശതമാനം വര്‍ധന.
ക്വിക്ക് കൊമേഴ്സ് രംഗത്തെ മത്സര തീവ്രത വര്‍ധിക്കുകയും ശരാശരി ഓര്‍ഡര്‍ മൂല്യങ്ങള്‍ വര്‍ധിപ്പിക്കാനും അതിവേഗം ലാഭമുണ്ടാക്കാനും കമ്പനികള്‍ ശ്രമിക്കുന്ന സമയത്താണ് സിഎഫ്ഒ ബോത്രയുടെ അഭിപ്രായങ്ങള്‍.
ഫുഡ് ഡെലിവറി ഓര്‍ഡറുകളില്‍ പ്ലാറ്റ്ഫോം ഫീസ് നിരന്തരം വര്‍ധിപ്പിക്കാനുള്ള കമ്പനിയുടെ നീക്കവുമായി ഇത് പൊരുത്തപ്പെടുന്നു. സ്വിഗ്ഗി 2023 ഏപ്രിലില്‍, ഉപഭോക്തൃ പ്രൊഫൈലും ഓര്‍ഡര്‍ വലുപ്പവും പരിഗണിക്കാതെ, ഒരു ഓര്‍ഡറിന് നാമമാത്രമായ 2 രൂപ പ്ലാറ്റ്ഫോം ഫീസായി ശേഖരിക്കാന്‍ തുടങ്ങിയിരുന്നു. അതിനുശേഷം, ഓരോ ഓര്‍ഡറും മുമ്പത്തേതിനേക്കാള്‍ ലാഭകരമാക്കാന്‍ പ്ലാറ്റ്ഫോം ഫീസ് ഉയര്‍ത്തിക്കൊണ്ടുവന്നു. ഏകദേശം 18 മാസത്തിനുള്ളില്‍, പ്ലാറ്റ്ഫോം ഫീസ് 2 രൂപയില്‍ നിന്ന് 10 രൂപയായി 5 മടങ്ങ് വര്‍ധിപ്പിച്ചു.
സ്വിഗ്ഗിയുടെ എതിരാളിയായ സൊമാറ്റോ പോലും ഇത് പിന്തുടര്‍ന്നു. ഗുരുഗ്രാം ആസ്ഥാനമായുള്ള കമ്പനി ഉത്സവ സീസണിലെ തിരക്കിനിടയില്‍ 10 രൂപ വരെ പ്ലാറ്റ്‌ഫോം ഫീസ് മാത്രമേ ഈടാക്കുന്നുള്ളൂവെന്ന് പറഞ്ഞിരുന്നെങ്കിലും, ലാഭം മെച്ചപ്പെടുത്തുന്നതിനാല്‍ ഉത്സവ സീസണിന് ശേഷവും അതേ തുക തന്നെ ഈടാക്കുന്നു.