1 March 2025 10:05 AM IST
Summary
- 2022 ലാണ് ഫ്‌ലിപ്കാര്‍ട്ട് എഎന്‍എസ് കൊമേഴ്സ് ഏറ്റെടുത്തത്
- ഫ്‌ലിപ്കാര്‍ട്ട് ഐപിഒയ്ക്ക് തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് അടച്ചുപൂട്ടല്‍
- പിരിച്ചുവിടപ്പെട്ട ജീവനക്കാരുടെ എണ്ണം കൃത്യമായി കണക്കാക്കിയിട്ടില്ല
ഇ-കൊമേഴ്സ് കമ്പനിയായ ഫ്‌ലിപ്കാര്‍ട്ട് അവരുടെ വിഭാഗമായ എഎന്‍എസ് കൊമേഴ്സ് അടച്ചുപൂട്ടി. എഎന്‍എസ് കൊമേഴ്സ് ഉപഭോക്താക്കള്‍ക്ക് നേരിട്ടുള്ള സേവനങ്ങള്‍ നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ സെക്ഷനിലെ എല്ലാ ജീവനക്കാരെയും കമ്പനി പിരിച്ചുവിട്ടതായും ഉറവിടങ്ങള്‍ സൂചിപ്പിക്കുന്നു.
2017-ല്‍ സ്ഥാപിതമായ ഈ സ്ഥാപനം, തങ്ങളുടെ ഉല്‍പ്പന്നം ഓണ്‍ലൈനായി വില്‍ക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാര്‍ക്കറ്റിംഗ് ഉപകരണങ്ങള്‍, വെയര്‍ഹൗസിംഗ് തുടങ്ങിയ എല്ലാ പിന്തുണയും നല്‍കിക്കൊണ്ടിരുന്നതാണ്. അടച്ചുപൂട്ടുന്നതിന് മുമ്പ്, ഇത് 600,000-ലധികം ഓര്‍ഡറുകള്‍ നിറവേറ്റിയതായി റിപ്പോര്‍ട്ടുണ്ട്.
2022 ലാണ് ഫ്‌ലിപ്കാര്‍ട്ട് ഇത് ഏറ്റെടുത്തത്. അതിനുശേഷം ഈ വിഭാഗം വികസിച്ചിരുന്നു.
വിശദമായ പരിഗണനയ്ക്ക് ശേഷം, 2022 ല്‍ കമ്പനി ഏറ്റെടുത്ത ഒരു ഫുള്‍-സ്റ്റാക്ക് ഇ-കൊമേഴ്സ് എനേബ്ലറായ എഎന്‍എസ് കൊമേഴ്സ്, അതിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി ഫ്‌ലിപ്കാര്‍ട്ട് പറഞ്ഞു. 'പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമ്പോള്‍, ജീവനക്കാരും ഉപഭോക്താക്കളും ഉള്‍പ്പെടെ എല്ലാ പങ്കാളികള്‍ക്കും സുഗമമായ മാറ്റം ഉറപ്പാക്കാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്',കമ്പനി പറയുന്നു. എഎന്‍എസ് കൊമേഴ്സ് അടച്ചുപൂട്ടുമ്പോള്‍ ജീവനക്കാര്‍ക്ക് ഉണ്ടാകുന്ന പ്രതിസന്ധി ഒഴിവാക്കുന്നതിന് ചില പദ്ധതികളും ഫ്‌ലിപ്കാര്‍ട്ട് ആസൂത്രണം ചെയ്യുന്നുന്നുണ്ട്. ഇതനുസരിച്ച് ഫ്‌ലിപ്കാര്‍ട്ടില്‍ മറ്റ് അവസരങ്ങള്‍, ഔട്ട്പ്ലേസ്മെന്റ് സേവനങ്ങള്‍, സെവറന്‍സ് പാക്കേജുകള്‍ എന്നിവ അടച്ചുപൂട്ടിയ വിഭാഗത്തിലെ ജീവനക്കാര്‍ക്ക് വാഗ്ദാനം ചെയ്യും.
അടച്ചുപൂട്ടല്‍ ബാധിച്ച ജീവനക്കാരുടെ എണ്ണം കൃത്യമായി കണക്കാക്കിയിട്ടില്ല. 2022 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ എഎന്‍എസ് കൊമേഴ്സിന് 600 ജീവനക്കാരുണ്ടായിരുന്നു.
ഗോകുല്‍ രാജാറാം, വെഞ്ച്വര്‍ കാറ്റലിസ്റ്റ്സ്, കുനാല്‍ ഷാ, കുനാല്‍ ബഹല്‍ തുടങ്ങിയ നിക്ഷേപകരുടെ പിന്തുണയോടെ 2021-ലെ ഒരു പ്രീ-സീരീസ് എ റൗണ്ടില്‍ ആന്‍സ് കൊമേഴ്സ് 2.2 മില്യണ്‍ യുഎസ് ഡോളര്‍ സമാഹരിച്ചിരുന്നു.
ഫണ്ടിംഗും വളര്‍ച്ചയും ഉണ്ടായിരുന്നിട്ടും, അടുത്തിടെ അടച്ചുപൂട്ടിയ നിരവധി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായി ഇതും മാറി.
അടുത്ത 12 മുതല്‍ 18 മാസത്തിനുള്ളില്‍ ഫ്‌ലിപ്കാര്‍ട്ട് ഒരു പൊതു ലിസ്റ്റിംഗിനായി തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് അടച്ചുപൂട്ടല്‍ എന്ന് വിലയിരുത്തപ്പെടുന്നു.
കമ്പനി അതിന്റെ ഐപിഒയ്ക്ക് മുന്നോടിയായി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുകയും ചെലവ് കുറയ്ക്കുകയും നേതൃത്വത്തെ പുനഃക്രമീകരിക്കുകയും ചെയ്യുകയാണ്.