20 Dec 2024 4:40 AM GMT
Summary
- പത്ത് മിനിറ്റിനുള്ളിലെ ഫുഡ് ഡെലിവറി ട്രെന്‍ഡാകുന്നു
- സമാനമായ സേവനങ്ങള്‍ക്ക് ആഗോളതലത്തില്‍ കൂടുതല്‍ സമയം വേണം
- ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി മാര്‍ക്കറ്റ് 15 ബില്യണ്‍ ഡോളറിലെത്തുമെന്ന് റിപ്പോര്‍ട്ട്
ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്കിടയില്‍ അക്ഷമരായ ഉപഭോക്താക്കളുടെ മത്സരം ശക്തമാകുന്നു. 10 മിനിറ്റിനുള്ളില്‍ ഉപഭോക്താക്കളുടെ വീട്ടുവാതില്‍ക്കല്‍ ചൂടുള്ള ഭക്ഷണ, പാനീയങ്ങള്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ വാഗ്ദാനം ചെയ്യുന്നു. ഇതോടെ ഈ രംഗത്തെ ബിസിനസ് കൊഴുക്കുകയാണ്.
സൊമാറ്റോയും സ്വിഗ്ഗിയും ഉള്‍പ്പെടെ കുറഞ്ഞത് അഞ്ച് കമ്പനികളെങ്കിലും ദ്രുത ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള പദ്ധതികള്‍ അവതരിപ്പിക്കുകയോ പ്രഖ്യാപിക്കുകയോ ചെയ്തിട്ടുണ്ട്.
എന്നാല്‍ അവര്‍ അത് ചെയ്യുന്ന രീതിയില്‍ വ്യത്യാസമുണ്ട്. സൊമാറ്റോ യൂണിറ്റ് ബ്ലിങ്കിറ്റിന്റെ ഫുഡ് ഡെലിവറി ആപ്പ് ബിസ്ട്രോയും സെപ്റ്റോ കഫേയും ഇന്‍-ഹൗസ് കിച്ചണുകളെ ആശ്രയിക്കുന്നു. അതേസമയം സ്വിഗ്ഗി സ്റ്റാര്‍ബക്സ് കോര്‍പ്പറേഷന്‍ മുതല്‍ മക്ഡൊണാള്‍ഡ്‌സ് കോര്‍പ്പറേഷന്‍ വരെയുള്ള റെസ്റ്റോറന്റുകളുമായി സഹകരിക്കുന്നു.
പതിറ്റാണ്ടുകളായി ഇന്ത്യയില്‍ ഡോര്‍സ്റ്റെപ്പ് ഡെലിവറി നിലവിലുണ്ട്. ഭൂരിപക്ഷം സ്റ്റോറുകളും റെസ്‌റ്റോറെന്റുകളും ഇതിനായി ആള്‍ക്കാരെ നിയമിക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇതിന് വളരെ വലിയ മാറ്റം വന്നു.അള്‍ട്രാ ഫാസ്റ്റ് ഡെലിവറികള്‍ വാഗ്ദാനം ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകളെ വികസിപ്പിക്കാന്‍ സാങ്കേതികവിദ്യ സഹായിച്ചു. സമ്പന്നരും സ്മാര്‍ട്ട്ഫോണ്‍ വിദഗ്ദ്ധരും തല്‍ക്ഷണ സംതൃപ്തിയില്‍ താല്‍പ്പര്യമുള്ള നഗരവാസികളും ഇവയെ ഉപയോഗപ്പെടുത്തി.
ഇതിന്റെ പരിണിതഫലം സെപ്‌റ്റോ, ബ്ലിങ്കിറ്റ് പോലുള്ള ആപ്പുകള്‍ ആയിരുന്നു. സമാനമായ സേവനങ്ങള്‍ക്ക് സാധാരണയായി ലോകത്ത് മറ്റെവിടെയാണെങ്കിലും കൂടുതല്‍ സമയം എടുക്കും.
''ദ്രുത വാണിജ്യം ഉപഭോക്താക്കളെ മാറ്റി, അവര്‍ കൂടുതല്‍ ആവേശഭരിതരായ വാങ്ങലുകാരായി മാറിയിരിക്കുന്നു,'' എലാറ സെക്യൂരിറ്റീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് കരണ്‍ തൗരാനി പറഞ്ഞു. ഈ പ്രേരണകളെ തൃപ്തിപ്പെടുത്തുന്നതിനും ''ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും'' കൂടുതല്‍ പ്ലാറ്റ്ഫോമുകള്‍ ഇപ്പോള്‍ ദ്രുത ഭക്ഷണ വിതരണങ്ങള്‍ ആരംഭിച്ചു.
സ്വിഗ്ഗിയുടെയും സൊമാറ്റോയുടെയും തകര്‍പ്പന്‍ വിജയം ഇന്ത്യന്‍ റീട്ടെയില്‍ മേഖലയെ തകിടം മറിച്ചു. സ്വിഗ്ഗിയും സൊമാറ്റോയും ഓഹരി വിപണിയിലെ പ്രിയങ്കരരാകുകയും ചെയ്തു. കഴിഞ്ഞ മാസം ലിസ്റ്റ് ചെയ്തതിന് ശേഷം സ്വിഗ്ഗി ഓഹരികള്‍ 50 ശതമാനം ഉയര്‍ന്നപ്പോള്‍ സൊമാറ്റോ ഈ വര്‍ഷം 133 ശതമാനം ഉയര്‍ന്നു.
ഇന്ത്യയുടെ 10 മിനിറ്റ് മാനിയ ഫുഡ് ഡെലിവറി സെഗ്മെന്റിലേക്ക് പ്രവേശിക്കുമ്പോള്‍, ബ്രോക്കറേജുകള്‍ ഒരു പുതിയ വളര്‍ച്ചാ വഴി കാണുന്നു. അതേസമയം ചില ഉപഭോക്താക്കള്‍ അതിവേഗ പാചകത്തില്‍ ആശങ്കാകുലരാണ്. ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കപ്പെടണം എന്ന് അവര്‍ കരുതുന്നു.
2029 മാര്‍ച്ചോടെ ഇന്ത്യയുടെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി മാര്‍ക്കറ്റ് ഇരട്ടിയായി 15 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ജെഎം ഫിനാന്‍ഷ്യലിന്റെ ഡിസംബര്‍ 18-ലെ റിപ്പോര്‍ട്ട് പറയുന്നു. ചൈനയിലെ 40 ശതമാനവും യുഎസിലെ 58 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 2023ല്‍ രാജ്യത്തെ മൊത്തം ഭക്ഷ്യ ഉപഭോഗത്തിന്റെ 11 ശതമാനം മാത്രമാണ് പ്ലാറ്റ്ഫോമുകള്‍ കടന്നെത്തിയത്.
2022-ല്‍ ആദ്യമായി 10 മിനിറ്റ് ഫുഡ് ഡ്രോപ്പുകള്‍ ആരംഭിച്ച സെപ്‌റ്റോ കഫേ ഒരു മാസം 100 കഫേകള്‍ ചേര്‍ക്കുകയും ഒരു ദിവസം 30,000 ഓര്‍ഡറുകള്‍ നേടുകയും ചെയ്യുന്നു.
സോമാറ്റോയുടെ ബിസ്ട്രോ, സ്വിഗ്ഗിയുടെ ബോള്‍ട്ട്, ഒല കണ്‍സ്യൂമറിന്റെ ഡാഷ്, മാജിക്പിനിന്റെ മാജിക് നൗ എന്നിവയില്‍ നിന്ന് സെപ്‌റ്റോ കഫേ മത്സരം നേരിടും. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ബിഗ്ബാസ്‌ക്കറ്റ് ഈ ആഴ്ച സേവനം അന്തിമമാക്കുന്ന പ്രക്രിയയിലാണെന്നും വാര്‍ത്തയുണ്ട്.
ഇന്ത്യയില്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്കും പൊണ്ണത്തടി വര്‍ദ്ധിക്കുന്നതിനും ഇടയിലാണ് വേഗത്തിലുള്ള ഭക്ഷണത്തിലെ ഓട്ടം. ജങ്ക് ഫുഡിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളില്‍ രാജ്യവും ഉള്‍പ്പെടുന്നു.
അതേസമയം ഈ വേഗത്തിലുള്ള ഭക്ഷണം വാഗ്ദാനം ചെയ്യുന്ന കമ്പനികള്‍ ഭക്ഷണത്തിന്റെ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ഉറപ്പുനല്‍കുന്നു.
ഇന്ത്യയിലെ തിരക്കേറിയതും കുണ്ടും കുഴിയുമുള്ള റോഡുകളില്‍ ഡെലിവറി സമയം നിലനിര്‍ത്തുന്നത് ഒരു വെല്ലുവിളിയായിരിക്കുമെന്ന് എലാറയുടെ തൗരാനി പറയുന്നു. എന്നാല്‍ ബോള്‍ട്ടിനെ 400-ലധികം നഗരങ്ങളിലേക്ക് വ്യാപിപ്പിച്ച സ്വിഗ്ഗി ഉള്‍പ്പെടെയുള്ള സേവന ദാതാക്കളെ ഇത് തടസ്സപ്പെടുത്തുന്നില്ല.