image

6 Sep 2024 2:59 AM GMT

E-commerce

ആമസോണ്‍ ഇന്ത്യയുടെ കയറ്റുമതി 13 ബില്യണ്‍ ഡോളര്‍ മറികടക്കും

MyFin Desk

amazon indias exports soar
X

Summary

  • 2025 ഓടെ ഇന്ത്യയില്‍ നിന്നുള്ള 20 ബില്യണ്‍ യുഎസ് ഡോളറിന്റെ കയറ്റുമതി ലക്ഷ്യം
  • 8 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിക്കായി ആമസോണ്‍ എടുത്തത് 8 വര്‍ഷം
  • കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ സെല്ലര്‍ പ്രോഗ്രാമില്‍ എത്തിയത് 50,000 പുതിയ വില്‍പ്പനക്കാര്‍


ഇ-കൊമേഴ്സ് ഭീമന്‍ ആമസോണ്‍ ഇന്ത്യയുടെ കയറ്റുമതി ഈ വര്‍ഷം അവസാനത്തോടെ 13 ബില്യണ്‍ ഡോളര്‍ മറികടക്കുമെന്ന് കമ്പനിയുടെ ഗ്ലോബല്‍ ട്രേഡ് ഡയറക്ടര്‍ ഭൂപെന്‍ വകങ്കര്‍. കയറ്റുമതി 2025 ഓടെ 20 ബില്യണ്‍ ഡോളറിന്റെ ലക്ഷ്യം കൈവരിക്കാനുള്ള പാതയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കയറ്റുമതി പരിപാടി 2015-ല്‍ ആരംഭിച്ചതു മുതല്‍ ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് 40 കോടിയിലധികം മെയ്ഡ് ഇന്‍ ഇന്ത്യ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചിട്ടുണ്ട്.

ആമസോണ്‍ ഈ പദ്ധതി ആരംഭിച്ചപ്പോള്‍ ചെറുകിട, ഇടത്തരം ബിസിനസ് വിഭാഗങ്ങളില്‍നിന്നും 2025-ഓടെ 10 ബില്യണ്‍ ഡോളറിന്റെ സഞ്ചിത കയറ്റുമതിയാണ് ലക്ഷ്യമാക്കിയത്. 2020 ഇതിന്റെ ലക്ഷ്യം ഇരട്ടിയാക്കി. 2025-ഓടെ 20 ബില്യണ്‍ ഡോളറായി ഉയര്‍ത്തുകയും ചെയതു. ഇതിനകം 13 ബില്യണ്‍ യുഎസ് ഡോളറിന്റെ കയറ്റുമതി പൂര്‍ത്തിയാക്കി, 2025 ഓടെ ഇന്ത്യയില്‍ നിന്നുള്ള 20 ബില്യണ്‍ യുഎസ് ഡോളറിന്റെ ക്യുമുലേറ്റീവ് ഇ-കൊമേഴ്സ് കയറ്റുമതി പ്രാപ്തമാക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധരാണ്, ആമസോണിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് എക്സ്പോര്‍ട്ട് ഡൈജസ്റ്റ് 2024 ന്റെ ലോഞ്ച് ചെയ്യുന്ന വേളയില്‍ വകങ്കര്‍ പറഞ്ഞു.

8 ബില്യണ്‍ ഡോളര്‍ (2015-2023) കൈവരിക്കാന്‍ ആമസോണ്‍ ഏകദേശം 8 വര്‍ഷമെടുത്തു. ഒരു വര്‍ഷത്തിനുള്ളില്‍ (2023-2024) 8 ബില്യണ്‍ ഡോളറില്‍ നിന്ന് 13 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇത് അതിന്റെ ശ്രദ്ധേയമായ വളര്‍ച്ചാ പാതയുടെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 12 മാസത്തിനിടെ, സെല്ലര്‍ പ്രോഗ്രാമില്‍ 50,000 പുതിയ വില്‍പ്പനക്കാരെ ചേര്‍ത്തു, ഇത് 1.50 ലക്ഷം വില്‍പ്പനക്കാരായി ഉയര്‍ന്നു, അദ്ദേഹം പറഞ്ഞു. ഈ വില്‍പ്പനക്കാര്‍ ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് 40 കോടിയിലധികം ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചു.

യുഎസ് പോലുള്ള രാജ്യങ്ങളിലെ ആഗോള വിപണികളില്‍ നൂറുകണക്കിന് ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിലൂടെ ആഗോള ബ്രാന്‍ഡുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതി വില്‍പ്പനക്കാരെ പ്രാപ്തമാക്കുന്നു. യുകെ, യുഎഇ, സൗദി അറേബ്യ, കാനഡ, മെക്സിക്കോ, ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍, ഓസ്ട്രേലിയ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നു.

വ്യാഴാഴ്ച പുറത്തിറക്കിയ എക്സ്പോര്‍ട്ട് ഡൈജസ്റ്റ് 2024 റിപ്പോര്‍ട്ട് പറയുന്നത്, 2023-ല്‍ ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗിലെ ഏറ്റവും മികച്ച വളര്‍ച്ചാ വിഭാഗങ്ങളില്‍, സൗന്ദര്യ വര്‍ധക വിഭാഗം 40 ശതമാനം വാര്‍ഷിക വളര്‍ച്ചയുമായി മുന്നേറുന്നു എന്നാണ്. തുടര്‍ന്ന് വസ്ത്രങ്ങള്‍, ആരോഗ്യം, വ്യക്തിഗത പരിചരണം എന്നിവ വരുന്നു.

യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യുണൈറ്റഡ് കിംഗ്ഡം, കാനഡ, ജര്‍മ്മനി എന്നിവ ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗിലെ ഇന്ത്യന്‍ വില്‍പ്പനക്കാരുടെ മികച്ച അന്താരാഷ്ട്ര വിപണികളാണ്.

മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, രാജസ്ഥാന്‍, കര്‍ണാടക എന്നിവ ഏറ്റവും കൂടുതല്‍ കയറ്റുമതിക്കാരുള്ള സംസ്ഥാനങ്ങളായി ഉയര്‍ന്നു, റിപ്പോര്‍ട്ട് പറയുന്നു.