image

27 May 2023 6:49 AM GMT

E-commerce

സ്വിഗ്ഗിയുടെ മൂല്യം വീണ്ടും വെട്ടിച്ചുരുക്കി

MyFin Desk

സ്വിഗ്ഗിയുടെ മൂല്യം വീണ്ടും വെട്ടിച്ചുരുക്കി
X

Summary

  • 10.7 ബില്യന്‍ ഡോളര്‍ അടിസ്ഥാന മൂല്യം കണക്കാക്കി സ്വിഗ്ഗി 2022 ജനുവരിയിലാണ് അവസാനമായി മൂലധന സമാഹരണം നടത്തിയത്
  • 2022 ഡിസംബറിലെ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷനില്‍ സമര്‍പ്പിച്ച ഫയലിംഗില്‍ സ്വിഗ്ഗിയുടെ മൂല്യം ബാരണ്‍ കാപിറ്റല്‍ 34 ശതമാനം കുറച്ചിരുന്നു.
  • 2023 മെയ് 26-ാം തീയതി വരെയുള്ള ദിവസത്തെ സൊമാറ്റോയുടെ മൂല്യം കണക്കാക്കുന്നത് 6.6 ബില്യന്‍ ഡോളറാണ്


ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പ് ആയ സ്വിഗ്ഗിയുടെ

ഉടമയായ ബണ്ടല്‍ ടെക്‌നോളജീസിന്റെ (Bundl Technologies Pvt.) അടിസ്ഥാന മൂല്യം (valuation) ബാരണ്‍ കാപിറ്റല്‍ പത്ത് ശതമാനം വെട്ടിക്കുറച്ചു. യുഎസ് ആസ്ഥാനമായ അസറ്റ് മാനേജ്‌മെന്റ് കമ്പനിയാണ് ബാരണ്‍ കാപിറ്റല്‍. ഇവര്‍ സ്വിഗ്ഗിയിലെ നിക്ഷേപകര്‍ കൂടിയാണ്.

ഇതോടെ ഈ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ സ്വിഗ്ഗിയുടെ മൂല്യം 6.5 ബില്യന്‍ ഡോളറായിട്ടായിരിക്കും ബാരണ്‍ കാപിറ്റലിന്റെ കണക്കുപുസ്തകത്തില്‍ കണക്കാക്കുന്നത്. മൂന്നു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സ്വിഗ്ഗിയുടെ മൂല്യം വെട്ടിച്ചുരുക്കുന്നത്.

നേരത്തേ 2022 ഡിസംബറിലെ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷനില്‍ (SEC) സമര്‍പ്പിച്ച ഫയലിംഗില്‍ സ്വിഗ്ഗിയുടെ മൂല്യം ബാരണ്‍ കാപിറ്റല്‍ 34 ശതമാനം കുറച്ചിരുന്നു.

ഇതിനുപുറമെ മെയ് ആദ്യ വാരം യുഎസ് ആസ്ഥാനമായ ഫണ്ട് മാനേജര്‍ ഇന്‍വെസ്‌കോ സ്വിഗ്ഗിയുടെ മൂല്യം 8.2 ബില്യന്‍ ഡോളറില്‍ നിന്നും 5.5 ബില്യന്‍ ഡോളറായി കുറച്ചിരുന്നു.

ഇപ്പോള്‍ ബാരണ്‍ കാപിറ്റല്‍ സ്വിഗ്ഗിയുടെ മൂല്യം പത്ത് ശതമാനം വെട്ടിച്ചുരുക്കിയതോടെ സ്വിഗ്ഗിയുടെ മൂല്യം അവരുടെ വിപണിയിലെ പ്രധാന എതിരാളിയായ സൊമാറ്റോയുടേതിനേക്കാള്‍ താഴെയായി. 2023 മെയ് 26-ാം തീയതി വരെയുള്ള ദിവസത്തെ സൊമാറ്റോയുടെ മൂല്യം കണക്കാക്കുന്നത് 6.6 ബില്യന്‍ ഡോളറാണ്.

10.7 ബില്യന്‍ ഡോളര്‍ അടിസ്ഥാന മൂല്യം കണക്കാക്കി സ്വിഗ്ഗി 2022 ജനുവരിയിലാണ് അവസാനമായി മൂലധന സമാഹരണം നടത്തിയത്. അതിലൂടെ രാജ്യത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായി സ്വിഗ്ഗി മാറുകയും ചെയ്തു. എന്നാല്‍ പിന്നീടുള്ള മാസങ്ങളില്‍ ബാരണ്‍ കാപിറ്റലും ഇന്‍വെസ്‌കോയും സ്വിഗ്ഗിയുടെ മൂല്യം വെട്ടിച്ചുരുക്കിയതോടെ കമ്പനി തിരിച്ചടി നേരിടുകയാണ്.

2014-ലാണ് സ്വിഗ്ഗി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമിനു തുടക്കമിട്ടത്. പലര്‍ക്കും പുതുമയുള്ള അന്ന് സ്വിഗ്ഗിയുടെ ബിസിനസ് മോഡല്‍. സ്വിഗ്ഗിയുടെ ബിസിനസ് മോഡല്‍ ലാഭകരമാകില്ലെന്നു പലരും വിലയിരുത്തുകയും ചെയ്തു. എന്നാല്‍ അത്തരം വാദങ്ങളെല്ലാം തെറ്റാണെന്നു സ്വിഗ്ഗി പിന്നീട് തെളിയിച്ചു. 2022-ല്‍ ഡൈന്‍ ഔട്ട് എന്ന ഓണ്‍ലൈന്‍ ടേബിള്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോമിനെ സ്വിഗ്ഗി ഏറ്റെടുത്തിരുന്നു.

ഇന്ന് ഭക്ഷണത്തിനു പുറമെ ഗ്രോസറി, ഹൈപ്പര്‍ ലോക്കല്‍ ഡെലിവറി സേവനങ്ങളും സ്വിഗ്ഗി വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരാഴ്ച മുന്‍പ് സ്വിഗ്ഗിയുടെ സിഇഒ ശ്രീഹര്‍ഷ മജേത്തി 2023 മാര്‍ച്ച് മാസം ലാഭം കൈവരിച്ചെന്ന് അവകാശപ്പെട്ട് ബ്ലോഗ് പോസ്റ്റും ചെയ്തിരുന്നു.