20 Jun 2023 6:45 AM GMT
Summary
- എക്‌സിക്യുട്ടീവ് വൈസ് ചെയര്‍മാന്‍ ജോസഫ് സായ് പുതിയ ചെയര്‍മാനാകും
- പടിയിറങ്ങുന്ന ഡാനിയല്‍ ഷാങ് അലിബാബ ഗ്രൂപ്പിന്റെ ക്ലൗഡ് ഇന്റലിജന്‍സ് യൂണിറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കും
- അലിബാബയുടെ കണക്കാക്കപ്പെടുന്ന മൂല്യം 238 ബില്യണ്‍ ഡോളറാണ്
ചൈനീസ് ഇ-കൊമേഴ്സ് ഭീമനായ അലിബാബയുടെ സിഒയായി എഡ്ഡി യോങ്മിംഗ് വു ചുമതലയേല്‍ക്കും. ഡാനിയല്‍ ഷാങ്ങായിരുന്നു ചെയര്‍മാന്‍, സിഇഒ സ്ഥാനം അലങ്കരിച്ചിരുന്നത്. അലിബാബയുടെ ഉടമസ്ഥതയിലുള്ള ടിമാള്‍ & താബോയുടെ ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു എഡ്ഡി യോങ്മിംഗ് വു.
എക്‌സിക്യുട്ടീവ് വൈസ് ചെയര്‍മാന്‍ ജോസഫ് സായ് പുതിയ ചെയര്‍മാനാകുമെന്നും അലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് അറിയിച്ചു. ഈ വര്‍ഷം സെപ്റ്റംബര്‍ പത്തിനായിരിക്കും പുതിയ സിഇഒയും ചെയര്‍മാനും സ്ഥാനമേല്‍ക്കുന്നത്.
സിഇഒ സ്ഥാനത്തുനിന്നും പടിയിറങ്ങുന്ന ഡാനിയല്‍ ഷാങ് ഇനി മുതല്‍ അലിബാബ ഗ്രൂപ്പിന്റെ ക്ലൗഡ് ഇന്റലിജന്‍സ് യൂണിറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ചെയര്‍മാന്‍ സ്ഥാനവും അദ്ദേഹം അലങ്കരിക്കുമെന്ന് കമ്പനി അറിയിച്ചു.
2015-ലാണ് ഡാനിയല്‍ ഷാങ് സിഇഒയായി സ്ഥാനമേറ്റത്. 2019-ല്‍ ജാക്ക് മാ അലിബാബയുടെ കോര്‍പറേറ്റ് സ്ഥാനങ്ങളില്‍നിന്നും പിന്‍മാറ്റം അറിയച്ചപ്പോഴാണ് ഡാനിയല്‍ ഷാങ് ചെയര്‍മാന്‍ സ്ഥാനവും ഏറ്റെടുത്തത്.
1996- ല്‍ സെജിയാങ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബാച്ചിലേഴ്‌സ് ബിരുദം നേടിയ പുതിയ സിഇഒയായ എഡ്ഡി യോങ്മിംഗ് വു, അലിബാബയുടെ സഹസ്ഥാപകരില്‍ ഒരാള്‍ കൂടിയാണ്. അലിബാബയുടെ ആദ്യ പ്രോഗ്രാമറും വു തന്നെയാണ്. ഇപ്പോള്‍ അലിബാബയുടെ മൂന്ന് ബിസിനസ് യൂണിറ്റുകളുടെ മേല്‍നോട്ടം വഹിക്കുന്നുണ്ട്.
ക്ലൗഡ് കംപ്യൂട്ടിംഗ്, ഇ-കൊമേഴ്‌സ്, ലോജിസ്റ്റിക്‌സ്, മീഡിയ, എന്റര്‍ടെയ്ന്‍മെന്റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയില്‍ വ്യാപിച്ചുകിടക്കുന്ന ബിസിനസാണ് അലിബാബയുടേത്. ചൈനയിലെ ഹാങ്ഷൗ ആസ്ഥാനമായിട്ടാണ് അലിബാബ പ്രവര്‍ത്തിക്കുന്നത്.
ഈ വര്‍ഷം മാര്‍ച്ചില്‍ ആലിബാബ ആറ് ഗ്രൂപ്പുകളായി വിഭജിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ക്ലൗഡ് ഇന്റലിജന്‍സ്, താബോ ടിമാള്‍, ലോക്കല്‍ സര്‍വീസ്, ഗ്ലോബല്‍ ഡിജിറ്റല്‍, കാന്യോ സ്മാര്‍ട് ലോജിസ്റ്റിക്‌സ്, ഡിജിറ്റല്‍ മീഡിയ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് എന്നിങ്ങനെയായിരിക്കും ആറ് ഗ്രൂപ്പുകളെന്നും കമ്പനി അറിയിച്ചിരുന്നു.
ചൈനയിലെ റെഗുലേറ്റര്‍ ആന്റി ട്രസ്റ്റ് നിയമങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് അലിബാബയ്‌ക്കെതിരെ വന്‍ തുക പിഴ ഈടാക്കുകയും ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് അലിബാബ ആറ് ഗ്രൂപ്പൂകളായി വിഭിക്കുമെന്ന പ്രഖ്യാപനം വന്നത്.
1997-ല്‍ സ്ഥാപിതമായ ആലിബാബയുടെ കണക്കാക്കപ്പെടുന്ന മൂല്യം 238 ബില്യണ്‍ ഡോളറാണ്. ഗെയിമിംഗ് ഭീമനായ ടെന്‍സെന്റും (Tencent) ബിവറേജ് കമ്പനിയായ ക്വെയ്ചോ മൗട്ടയും (Kweichow Moutai) കഴിഞ്ഞാല്‍ ചൈനയിലെ ഏറ്റവും മൂല്യമുള്ള മൂന്നാമത്തെ കമ്പനിയാണിത്.