image

30 Jun 2023 7:24 AM GMT

E-commerce

ആമസോണില്‍ കൂടുതല്‍ നേരം ചിലവഴിക്കുന്നത് ഈ ഇന്ത്യന്‍ നഗരം

MyFin Desk

indian city spends the most time in the amazon
X

Summary

  • വസ്ത്രങ്ങളാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ വാങ്ങുന്നത്
  • ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ കൂടുതലായി ഓണ്‍ലൈനില്‍ വാങ്ങുന്നത് നാഗ്പൂരാണ്
  • പുതുതലമുറക്കാരില്‍ 51 ശതമാനം പേരും ഓണ്‍ലൈനായി ഷോപ്പു ചെയ്യുന്നവരാണ്


ആമസോണ്‍, മീഷോ തുടങ്ങിയ ഷോപ്പിംഗ് ആപ്പുകളില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന ഇന്ത്യന്‍ നഗരം ഏതെന്ന് അറിയാമോ? സ്വാഭാവികമായും അതിനുള്ള ഉത്തരം ഡല്‍ഹിയോ മുംബൈയോ പോലുള്ള മെട്രോപോളിറ്റന്‍ നഗരമെന്നാകും. എന്നാല്‍ ഈ രണ്ട് നഗരങ്ങളുമല്ല.

സമീപകാലത്തു നടത്തിയ ഒരു പഠനത്തില്‍ ബെംഗളുരു നഗരമാണ് ആമസോണില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന നഗരമെന്നാണു കണ്ടെത്തിയത്.

ആഴ്ചയില്‍ ശരാശരി നാല് മണിക്കൂറും രണ്ട് മിനിറ്റുമാണ് ആമസോണില്‍ ബെംഗളുരു നഗരം സമയം ചെലവഴിക്കുന്നത്.

ടയര്‍ II, ടയര്‍ I നഗരങ്ങളിലെ ഓണ്‍ലൈന്‍ ഷോപ്പിംഗ് ശീലങ്ങളെ കുറിച്ചായിരുന്നു പഠനം ശ്രദ്ധ കേന്ദ്രീകരിച്ചത്. ആളുകള്‍ ഇ-കൊമേഴ്സില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന നഗരമായി ബെംഗളുരു വളര്‍ന്നു. സൈബര്‍ മീഡിയ റിസര്‍ച്ചാണ് പഠനം നടത്തിയത്.

ഗുവാഹത്തി, കോയമ്പത്തൂര്‍, ലഖ്നൗ തുടങ്ങിയ ടയര്‍ II നഗരങ്ങളും ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ കൂടുതല്‍ എന്‍ഗേജ് ചെയ്യുന്നതായി പഠനം കണ്ടെത്തി. ശരാശരി, ഈ നഗരങ്ങളില്‍ നിന്നുള്ള ആളുകള്‍ ആഴ്ചയില്‍ ഏകദേശം 2 മണിക്കൂറും 25 മിനിറ്റും ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്തുന്നുണ്ട്.

ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ നല്‍കുന്ന സൗകര്യം ടയര്‍ II-ലെ ഉപഭോക്താക്കളെ കൂടുതല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ ഏര്‍പ്പെടാന്‍ പ്രാപ്തരാക്കുന്നു. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, മീഷോ, ടാറ്റ, റിലയന്‍സ് എന്നിവയുള്‍പ്പെടെ വിപണിയിലെ പ്രധാനികള്‍ ഈ വളരുന്ന വിപണി പിടിച്ചെടുക്കാന്‍ കടുത്ത മത്സരത്തിലാണ്. എന്നിരുന്നാലും, ആമസോണ്‍ ഉപഭോക്താക്കളുടെ വിശ്വാസം നേടിയിട്ടുണ്ടെന്നും ഇന്ത്യയിലുടനീളമുള്ള അവരുടെ വിപുലമായ സാന്നിധ്യം കാരണം കസ്റ്റമേഴ്‌സിന്റെ ഇഷ്ടപ്പെട്ട ഓണ്‍ലൈന്‍ ഷോപ്പിംഗ് കേന്ദ്രമായി ആമസോണ്‍ മാറിയെന്നും പഠനം പറയുന്നു.

ഓണ്‍ലൈന്‍ ഷോപ്പിംഗിലേക്ക് ആളുകളെ ആകര്‍ഷിക്കുന്ന മൂന്ന് പ്രധാന ഘടകങ്ങളെയും പഠനം കണ്ടെത്തി. വില, സൗകര്യപ്രദമായ റിട്ടേണ്‍ / എക്‌സ്‌ചേഞ്ച് സൗകര്യം, ഓഫറുകള്‍ എന്നിവയാണ് ഉപഭോക്താക്കളുടെ പര്‍ച്ചേസിംഗ് നടത്താനുള്ള തീരുമാനത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങള്‍.

ഇ-കൊമേഴ്‌സിനായി ഏകദേശം 149 മണിക്കൂറാണ് സ്ത്രീ സംരംഭകര്‍ പ്രതിവര്‍ഷം ചെലവഴിക്കുന്നത്. അവരില്‍ 29 ശതമാനം പേരും 15000-20000 രൂപ വരെ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ ഓണ്‍ലൈനായി വാങ്ങുന്നുവെന്നതാണ് പഠനം പറയുന്നത്.

1990-കളുടെ മധ്യത്തിലും 2000-ന്റെ ആരംഭത്തിലും ജനിച്ച Gen Z എന്നു വിളിക്കുന്ന പുതുതലമുറക്കാരില്‍ 51 ശതമാനം പേരും ഓണ്‍ലൈനായി ഷോപ്പു ചെയ്യുന്നവരാണ്.

ടയര്‍ I നഗരങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കള്‍ ചെലവിടുന്ന അത്രയും തന്നെ തുക ടയര്‍ II നഗരങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ പര്‍ച്ചേസിനായി ചെലവഴിക്കുന്നുണ്ട്.

ടയര്‍ II നഗരങ്ങളില്‍ നിന്നുള്ളവര്‍ കഴിഞ്ഞ ആറ് മാസം ഓണ്‍ലൈനില്‍ ശരാശരി ചെലവഴിക്കുന്ന തുക 20,100 രൂപയാണ്. അതേസമയം ടയര്‍ I നഗരങ്ങളില്‍ നിന്നുള്ളവര്‍ ചെലവഴിക്കുന്നത് 21,700 രൂപയും. മുംബൈയിലാണ് ഏറ്റവും കൂടുതല്‍ ചെലവിടുന്നത്. 24,200 രൂപ. തൊട്ടുപിന്നില്‍ 21,600 രൂപ ചെലവിടുന്ന നാഗ്പൂരും, കോയമ്പത്തൂരുമുണ്ട്.

ഉല്‍പ്പന്നങ്ങളില്‍, വസ്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളുമാണ് ഓണ്‍ലൈനില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വാങ്ങുന്നത്.

അതു കഴിഞ്ഞാല്‍ ഇലക്ട്രോണിക് ഗാഡ്ജെറ്റുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍. ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ ഏറ്റവും കൂടുതലായി ഓണ്‍ലൈനില്‍ വാങ്ങുന്നത് നാഗ്പൂരാണ്. ഇക്കാര്യത്തില്‍ കോയമ്പത്തൂരും ഭുവനേശ്വറുമാണ് നാഗ്പൂരിന്റെ പിന്നില്‍.

സ്മാര്‍ട്ട്ഫോണുകള്‍, ഹെഡ്ഫോണുകള്‍/ഇയര്‍ഫോണുകള്‍, സ്മാര്‍ട്ട്ബാന്‍ഡുകള്‍/സ്മാര്‍ട്ട്വാച്ചുകള്‍ എന്നിവയാണ് ഓണ്‍ലൈനായി ഏറ്റവും കൂടുതല്‍ വാങ്ങുന്ന മൂന്ന് ഉല്‍പ്പന്നങ്ങള്‍. ഉപഭോക്താക്കള്‍ക്കിടയില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചോയ്‌സ് ആമസോണാണ്. അതിനു പിന്നിലുള്ളത് ഫ്‌ളിപ്കാര്‍ട്ടുമാണ്.