image

11 Jun 2023 11:34 AM GMT

E-commerce

ഇ-കൊമേഴ്‌സ് കയറ്റുമതി ബംഗാള്‍ വര്‍ധിപ്പിക്കും

MyFin Desk

bengal to boost e-commerce exports
X

Summary

  • വ്യാപാരികളുടെ വരുമാനം വര്‍ധിപ്പിക്കുക ലക്ഷ്യം
  • സംസ്ഥാനത്തെ കയറ്റുമതിക്കാര്‍ക്ക് മികച്ച പ്ലാറ്റ്‌ഫോം ഒരുക്കും
  • സംസ്ഥാനത്തിന്റെ സാമ്പത്തികവളര്‍ച്ചയ്ക്ക് ഈ നടപടി വേഗംകൂട്ടും


ഓണ്‍ലൈന്‍ ട്രേഡിംഗ് പ്ലാഫോമുകള്‍ ഉപയോഗിച്ച് സംസ്ഥാനത്ത് ഇ-കൊമേഴ്സ് കയറ്റുമതി അവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. പശ്ചിമ ബംഗാള്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഫിക്കി, ആമസോണ്‍ തുടങ്ങിയവ ചേര്‍ന്ന് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ സംസ്ഥാന വ്യവസായ, വാണിജ്യ, എന്റര്‍പ്രൈസസ് മന്ത്രി ശശി പഞ്ചയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ഇ-കൊമേഴ്സ് കയറ്റുമതി സംസ്ഥാനത്തെ കയറ്റുമതിക്കാര്‍ക്ക് മികച്ച പ്ലാറ്റ്ഫോം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കയറ്റുമതിയും വ്യാപാരവും വര്‍ധിക്കണമെങ്കില്‍ സ്വാഭാവികമായും സാങ്കേതികവിദ്യയെ കൂട്ടുപിടിക്കേണ്ടത് അനിവാര്യമാണ്.

ഈ സാഹചര്യത്തിലാണ് കച്ചവടക്കാരുടെ വരുമാനം വര്‍ധിപ്പിക്കുക എന്നലക്ഷ്യത്തോടെ ഇങ്ങനയൊരു കൂട്ടായ്മ സംഘടിപ്പിച്ചത്. കൊല്‍ക്കത്തയിലെ

ശില്‍പ സദനില്‍ നടന്ന പരിപാടിയില്‍ നഗരത്തില്‍നിന്നും മാത്രമല്ല സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ നിന്നുമുള്ള 200-ലധികം കയറ്റുമതിക്കാരും എംഎസ്എംഇകളും പങ്കെടുത്തു.

ഇ-കൊമേഴ്സ് കയറ്റുമതി അവസരങ്ങളെക്കുറിച്ചുള്ള മുഖ്യ സെഷനുകള്‍, ഇ-കൊമേഴ്സ് കയറ്റുമതിയുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള മാസ്റ്റര്‍ ക്ലാസുകള്‍, പങ്കെടുക്കുന്ന കയറ്റുമതിക്കാര്‍ക്കായി ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗിലെ ഓണ്‍-ദി-സ്‌പോട്ട് രജിസ്ട്രേഷനുകള്‍ എന്നിവ ചടങ്ങില്‍ അവതരിപ്പിച്ചു.

ഈ ക്ലാസുകളും മറ്റ് സെഷനുകളും വ്യാപാരികള്‍ക്കും സംരംഭകര്‍ക്കും പ്രചോദനമായി. വില്‍പ്പന വിപുലീകരിക്കുക, അതിലൂടെ വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവും അവര്‍ക്കു മുന്നില്‍ വിശദീകരിക്കപ്പെട്ടു.

ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗില്‍ വ്യാപാരികള്‍ക്കുള്ള കൂടുതല്‍ സാധ്യതകള്‍ വിശദീകരിക്കപ്പെട്ടു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ചെറുകിട വ്യാപാരികള്‍ക്ക് ഇത് ഒരു അവസരമായിരുന്നു.

സംസ്ഥാനത്ത് നിന്നുള്ള കൂടുതല്‍ കയറ്റുമതിക്കാര്‍ക്ക് ഇ-കൊമേഴ്സ് കയറ്റുമതി അവസരം തുറക്കുന്നതിന് പശ്ചിമ ബംഗാള്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഫിക്കി എന്നിവയുമായി കൈകോര്‍ക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ആമസോണ്‍ ഇന്ത്യ ഡയറക്ടര്‍ ഭൂപന്‍ വകങ്കര്‍ പറഞ്ഞു.

ഇ-കയറ്റുമതിക്കായി പശ്ചിമ ബംഗാള്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ആമസോണുമായി സഹകരിക്കുന്നതില്‍ ഫിക്കിയുടെ സന്തോഷം ഫിക്കി ചെയര്‍മാന്‍ (പശ്ചിമ ബംഗാള്‍) രുദ്ര ചാറ്റര്‍ജി പ്രകടിപ്പിച്ചു.

2030-ഓടെ ചരക്ക് കയറ്റുമതിയില്‍ ഒരു ട്രില്യണ്‍ ഡോളര്‍ എന്ന ലക്ഷ്യം നേടാന്‍ ്ഇന്ത്യ പ്രവര്‍ത്തിക്കുമ്പോള്‍ എല്ലാവരും ഒത്തുചേര്‍ന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കേണ്ടതാണ്. ഈ അവസരം പ്രയോജനപ്പെടുത്താന്‍ എംഎസ്എംഇകളെ പ്രാപ്തരാക്കുക എന്നതും വളരെ നിര്‍ണായകമാണ് എന്ന് ഫിക്കി വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ നിലവിലുള്ള സാമ്പത്തിക സ്ഥിതി കൂടുതല്‍ മെച്ചെപ്പെടുത്താന്‍ ഇ-കൊമേഴ്‌സ് കയറ്റുമതിവഴി സാധിക്കും. നിരവധി ഉല്‍പ്പന്നങ്ങള്‍ സംസ്ഥാനത്തിന് പുറത്തേക്ക് ഒഴുകാന്‍ ഇത് അവസരമൊരുക്കും. ഈ നടപടി ബംഗാളിലേക്കുള്ള പണമൊഴുക്കിനെ വര്‍ധിപ്പിക്കും. ക്രമേണ സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയില്‍ത്തന്നെ ഈ നീക്കം ചലനങ്ങള്‍ ഉണ്ടാക്കുമെന്ന് ഉറപ്പാണ്.