14 Sep 2023 8:46 AM GMT
Summary
- യുഎസ് അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്
- വരള്‍ച്ച ഖാരിഫ് വിളകളില്‍ കനത്ത ആഘാതമുണ്ടാക്കും
- 2023-24 ലെ ഖാരിഫ് വിളയുടെ സര്‍ക്കാര്‍ എസ്റ്റിമേറ്റ് പുറത്തുവിട്ടിട്ടില്ല
ഓഗസ്റ്റിലുണ്ടായ കനത്ത വരള്‍ച്ച ഇന്ത്യന്‍ കാര്‍ഷികമേഖലക്ക് തിരിച്ചടിയാവുന്നു. 2023-24 സീസണില്‍ ഇന്ത്യയുടെ നെല്ലുല്‍പ്പാദനം ഇക്കാരണത്താല്‍ രണ്ട് ദശലക്ഷം ടണ്‍ കുറയുമെന്ന് യുഎസ് അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് (യുഎസ്ഡ്എ) പറയുന്നു. ഇന്ത്യ ഈ വര്‍ഷം പ്രതീക്ഷിക്കുന്ന അരി ഉല്‍പ്പാദനം ഏകദേശം 132 ദശലക്ഷം ടണ്‍ ആയിരിക്കുമെന്ന് യുഎസ്ഡ്എ നിരീക്ഷിക്കുന്നു. ശരാശരിയിലും താഴെയുള്ള മണ്‍സൂണ്‍ ഖാരിഫ് വിളയില്‍ കനത്ത ആഘാതമുണ്ടാക്കും.
. ഭക്ഷ്യധാന്യ ഉല്‍പ്പാദനത്തില്‍ സര്‍ക്കാരിന്റെ മൂന്നാമത്തെ മുന്‍കൂര്‍ എസ്റ്റിമേറ്റ് പ്രകാരം, 2022-23 സീസണില്‍ (ഖാരിഫ് + റാബി + വേനല്‍ വിള) മൊത്തം അരി ഉല്‍പ്പാദനം ഏകദേശം 135.54 ദശലക്ഷം ടണ്‍ ആയിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ജൂലൈ ഒന്നുമുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവിനെയാണ് കാർഷിക സീസണായി കണക്കാക്കുന്നത്.
ഓഗസ്റ്റിലെ ശരാശരിയിലും താഴെയുള്ള മണ്‍സൂണ്‍ മഴ മൂലം 2023-24 ലെ ഇന്ത്യയുടെ അരി ഉല്‍പ്പാദനം രണ്ട് ദശലക്ഷം ടണ്‍ ആണ് കുറയുമെന്ന് യുഎസ്ഡിഎ അതിന്റെ ഏറ്റവും പുതിയ വിലയിരുത്തലില്‍ പറഞ്ഞു. എന്നാല്‍, 2023-24 ലെ ഖാരിഫ് വിളയുടെ ഗവണ്‍മെന്റിന്റെ ഔദ്യോഗിക ഉല്‍പ്പാദന എസ്റ്റിമേറ്റ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതിനാല്‍ യുഎസ്ഡിഎയുടെ വിലയിരുത്തല്‍ സര്‍ക്കാരിന്റെ വിലയിരുത്തലുമായി പൊരുത്തപ്പെടുന്നില്ല.
ആഗോള തലത്തില്‍, 2023-24 ല്‍ അരി ഉപഭോഗം 200,000 ടണ്‍ കുറഞ്ഞ് ഏകദേശം 522.7 ദശലക്ഷം ടണ്‍ ആയിരിക്കുമെന്ന് യുഎസ്ഡിഎ റിപ്പോര്‍ട്ട് പറയുന്നു. ഈ കുറവ് പ്രധാനമായും ബംഗ്ലാദേശിലെയും വിയറ്റ്‌നാമിലെയും ഉപഭോഗത്തെ ബാധിക്കുന്നതാണ്.
2023-24 ലെ ആഗോള അരി വ്യാപാരം 522 ദശലക്ഷം ടണ്ണില്‍ എത്തുമെന്നും ഇത് 800,000 ടണ്‍ കുറയുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള അരി കയറ്റുമതി കുറച്ചതാണ് ഈ ഇടിവിന് കാരണം. തായ്ലന്‍ഡ്, വിയറ്റ്നാം, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള വർധിച്ച കയറ്റുമതി ഇത് ഭാഗികമായി മാത്രമേ നികത്തപ്പെടുകയുള്ളൂ.
2023-24ല്‍ ലോക അരി സ്റ്റോക്കുകള്‍ 4.2 ദശലക്ഷം ടണ്‍ കുറഞ്ഞ് 167.6 ദശലക്ഷം ടണ്‍ ആകും. ഇതില്‍ പ്രധാനമായും ഇന്ത്യയിലാണ്.
ഖാരിഫ് വിളയിറക്കല്‍ സംബന്ധിച്ച മണ്‍സൂണ്‍ മഴയുടെ പുനരുജ്ജീവനം മൂലം കൂടുതല്‍ പ്രദേശങ്ങളില്‍ ഖാരിഫ് വിളയിറക്കില്‍ സംഭവിച്ചിട്ടുണ്ടെന്ന് ഏറ്റവും പുതിയ സര്‍ക്കാര്‍ കണക്കുകള്‍ പറുന്നു. സെപ്റ്റംബര്‍ എട്ടു വരെയുള്ള കണക്കനുസരിച്ച്, ഖാരിഫ് സീസണില്‍ നെല്‍കൃഷിയുടെ വിസ്തൃതി മുന്‍വര്‍ഷത്തേക്കാള്‍ ഏകദേശം 2.7 ശതമാനം കൂടുതലാണ്.
മമണ്‍സൂണ്‍ അവസാനിക്കാന്‍ രണ്ടാഴ്ച ബാക്കി നില്‍ക്കേ സെപ്റ്റംബര്‍ 13 വരെ രാജ്യത്തൊട്ടാകെ ലഭിച്ച മഴ 707 .1 മില്ലീമീറ്ററാണ്. സാധാരണ ഈ കാലയളവില്‍ ലഭിക്കേണ്ടത് 784 .3 മില്ലീമീറ്ററാണ്. ദീർഘാകാല ശരാശരിയേക്കാള്‍ 10 ശതമാനം കുറവാണിത്.