image

12 July 2023 7:43 AM

Industries

പ്രതീക്ഷിച്ച വളര്‍ച്ച നേടാനാകാതെ സ്റ്റാര്‍ ഇന്ത്യ; ബദല്‍ മാര്‍ഗം തേടി വാള്‍ട്ട് ഡിസ്‌നി

MyFin Desk

star india fails to achieve expected growth walt disney looked for an alternative
X

Summary

  • ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണെന്ന വാര്‍ത്ത ഇന്‍വെസ്റ്റര്‍ സെന്റിമെന്റില്‍ പോസിറ്റീവായി സ്വാധീനിച്ചു
  • ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍, സ്റ്റാര്‍ ഇന്ത്യ എന്നിവ ഉള്‍പ്പെടുന്നതാണു വാള്‍ട്ട് ഡിസ്‌നിയുടെ ഇന്ത്യയിലെ ബിസിനസ്
  • ഡിസ്‌നി സ്റ്റാറിന് ഇന്ത്യയില്‍ ഡസന്‍ കണക്കിന് ടിവി ചാനലുകളും ഒരു സിനിമാ നിര്‍മാണ കമ്പനിയില്‍ ഓഹരി പങ്കാളിത്തവുമുണ്ട്


വാള്‍ട്ട് ഡിസ്‌നിയുടെ ഇന്ത്യയിലെ ബിസിനസ്സായ സ്റ്റാര്‍ ഇന്ത്യയ്ക്ക് പ്രതീക്ഷിച്ച വളര്‍ച്ച നേടാനാകാതെ വന്നതോടെ സംയുക്ത സംരംഭമോ, വില്‍പ്പനയോ അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുകയാണു വാള്‍ട്ട് ഡിസ്‌നിയെന്ന് റിപ്പോര്‍ട്ട്. ജുലൈ 11ന് അമേരിക്കന്‍ മാധ്യമമായ വാള്‍ സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലാണെന്നും വാള്‍ട്ട് ഡിസ്‌നി ഏത് ഓപ്ഷനുകളാണു തിരഞ്ഞെടുക്കുകയെന്നും വ്യക്തമല്ലെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ കുറിച്ചു.

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ (Disney+ Hotstar ) സ്ട്രീമിംഗ് സര്‍വീസ്, സ്റ്റാര്‍ ഇന്ത്യ എന്നിവ ഉള്‍പ്പെടുന്നതാണു വാള്‍ട്ട് ഡിസ്‌നിയുടെ ഇന്ത്യയിലെ ബിസിനസ്.

2023 സെപ്റ്റംബറില്‍ അവസാനിക്കുന്ന അര്‍ദ്ധ സാമ്പത്തിക വര്‍ഷത്തിലെ സ്റ്റാറിന്റെ മൊത്തത്തിലുള്ള വരുമാനം ഏകദേശം 20 ശതമാനം ഇടിഞ്ഞ് 2 ബില്യന്‍ ഡോളറില്‍ താഴെയാകുമെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹോട്ട്സ്റ്റാറിന് അതിന്റെ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 8 മുതല്‍ 10 ദശലക്ഷം വരെയുള്ള വരിക്കാരെ നഷ്ടപ്പെടാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തി.

ഇതെല്ലാം അടിവരയിടുന്നത് കഴിഞ്ഞ വര്‍ഷം ഡിസ്‌നി സ്റ്റാര്‍ എന്നു പുനര്‍നാമകരണം (rebrand) ചെയ്യപ്പെട്ട സ്റ്റാര്‍ ഇന്ത്യ നേരിടുന്ന വെല്ലുവിളികളാണ്.

ഡിസ്‌നി സ്റ്റാറിന് ഇന്ത്യയില്‍ ഡസന്‍ കണക്കിന് ടിവി ചാനലുകളും ഒരു സിനിമാ നിര്‍മാണ കമ്പനിയില്‍ ഓഹരി പങ്കാളിത്തവുമുണ്ട്.

ഡിസ്‌നി ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണെന്ന വാര്‍ത്ത ഇന്‍വെസ്റ്റര്‍ സെന്റിമെന്റില്‍ പോസിറ്റീവായി സ്വാധീനിച്ചെന്നു വേണം കരുതാന്‍. കാരണം ജുലൈ 11ന് കമ്പനിയുടെ ഓഹരി ക്ലോസ് ചെയ്തത് 1.6 ശതമാനം മുന്നേറ്റം കൈവരിച്ചു കൊണ്ടായിരുന്നു.