image

7 Aug 2023 6:16 AM GMT

Industries

ആഗോള അരി വിപണിയില്‍ പ്രതിസന്ധി; വില ഉയര്‍ന്നേക്കും

MyFin Desk

crisis in global rice market price may go up
X

Summary

  • തായ് ലന്‍ഡ് നെല്‍കൃഷിയില്‍ നിയന്ത്രണം കൊണ്ടുവരുന്നു
  • കരിങ്കടല്‍ കരാറില്‍നിന്ന് റഷ്യ പിന്‍വാങ്ങിയതും വിലവര്‍ധനവിന് കാരണമാകുന്നു
  • എല്‍ നിനോയുടെ തിരിച്ചുവരവ് നെല്‍കൃഷിയെ ഗുരുതരമായി ബാധിക്കും


ഇന്ത്യ അരികയറ്റുമതി വെട്ടിക്കുറച്ചതോടെ ആഗോള അരി വിപണിയില്‍ പ്രതിസന്ധി. ഇന്ത്യയുടെ തീരുമാനത്തെത്തുടര്‍ന്ന് അതിനനുസരിച്ചുള്ള നടപടികള്‍ മറ്റ് രാജ്യങ്ങളും സ്വീകരിച്ചതോടെ ലോകമെങ്ങും പൊതുവേ അരിവില ഉയരാനും ഇടയായിട്ടുണ്ട്. ഈ നീക്കത്തിന്റെ ആഘാതം ഏറ്റവും കൂടുതല്‍ നേരിടേണ്ടിവരിക ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളാണെന്നു വിലയിരുത്തുന്നു.

ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതിക്കാരായ ഇന്ത്യ, ബസുമതി ഇതര വെള്ള അരിക്ക് കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയത് ആഭ്യന്തരമാര്‍ക്കറ്റില്‍ വിലകുറയ്ക്കുന്നതിനും ഉത്സവ സീസണില്‍ ലഭ്യത ഉറപ്പാക്കാനുമാണ്. ഇന്ത്യന്‍ അരിയുടെ പ്രധാന ഇറക്കുമതിക്കാരും പുനര്‍ കയറ്റുമതിക്കാരുമായ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, മറ്റ് രാജ്യങ്ങളിലേക്കുള്ള അരി വിതരണത്തിന്റെ വില്‍പ്പന ഇതേതുടര്‍ന്ന് പരിമിതപ്പെടുത്തിയിരുന്നു.

ലോകത്തിലെ രണ്ടാമത്തെ വലിയ അരി കയറ്റുമതിക്കാരായ തായ് ലന്‍ഡ്, ജലം സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നെല്‍കൃഷി കുറയ്ക്കാന്‍ കര്‍ഷകരോട് അഭ്യര്‍ത്ഥിച്ചത് അരിവിപണിയില്‍ മറ്റൊരു തിരിച്ചടിയായി. മഴയുടെ അളവ് സാധാരണ നിലയേക്കാള്‍ 40 ശതമാനത്തോളം കുറവാണ് . ഇത് വലിയ ജലക്ഷാമത്തിന് വഴിതെളിച്ചേക്കാമെന്ന് അധികൃതര്‍ വിലയിരുത്തുന്നു. കുറഞ്ഞ വെള്ളവും വിളവെടുപ്പു ചക്രികവുമുള്ള വിളകള്‍ നടുന്നതു പരിഗണിക്കാന്‍ തായ്ലന്‍ഡിലെ നാഷണല്‍ വാട്ടര്‍ അഡ്മിനിസ്‌ട്രേഷന്‍ കർഷകരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

തായ്, വിയറ്റ്‌നാമീസ് കയറ്റുമതിക്കാര്‍ ഓഗസ്റ്റിലെ കയറ്റുമതിക്കായി ഏകദേശം അഞ്ചു ലക്ഷം ടണ്ണിന്റെ വില്‍പ്പന കരാറുകളുടെ നിരക്ക് വീണ്ടും ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് ഈമാസം ആദ്യം വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു.

റഷ്യന്‍ ആക്രമത്തിനിടെ കരിങ്കടല്‍ വഴിയുള്ള ഉക്രൈന്‍ ധാന്യങ്ങള്‍ കയറ്റുമതി വിതരണം ചെയ്യാന്‍ അനുവദിക്കുന്ന കരിങ്കടല്‍ കരാര്‍ റഷ്യ അവസാനിപ്പിച്ചതും ആഗോള ഭക്ഷ്യവിപണിയില്‍ തിരിച്ചടിയായി. ഉക്രെയ്‌നിലെ തുറമുഖങ്ങളിലും ധാന്യ ശേഖരങ്ങളിലും റഷ്യ സൈനിക ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഇതിനകം തന്നെ ഭീഷണി നേരിടുന്ന ആഗോള അരി വ്യാപാരത്തേയും പല രാജ്യങ്ങളിലെ ഭക്ഷ്യസുരക്ഷാ സാഹചര്യത്തേയും ഇത് കൂടുതല്‍ വഷളാക്കുമെന്ന ആശങ്കയ്ക്ക് ഇത് ആക്കം കൂട്ടുന്നു.

അരിവില ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഉയര്‍ന്നു, കഴിഞ്ഞ ജൂണില്‍ നിന്ന് 14 ശതമാനം വര്‍ധനനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏഷ്യയിലുടനീളമുള്ള നെല്ലുല്‍പ്പാദനത്തെ നശിപ്പിക്കുന്ന ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയും ക്രമരഹിതമായ മഴയുമാണ് ഈ സാഹചര്യത്തിന് പ്രാഥമികമായ കാരണം. കഴിഞ്ഞ മാസങ്ങളില്‍, ഉത്തരേന്ത്യയിലെ പേമാരിയും വെള്ളപ്പൊക്കവുംകാരണം നിരവധി നെല്‍പ്പാടങ്ങള്‍ നശിച്ചു. കൂടാതെ, വളത്തിന്റെയും ഇന്ധനത്തിന്റെയും വില വര്‍ധിച്ചതും ഉല്‍പ്പാദനച്ചെലവ് വര്‍ധിക്കാന്‍ കാരണമായി. ഉക്രെയ്‌നില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധവും ആഗോള ധാന്യ ഇടപാടുകളുടെ വിതരണത്തെ പരിമിതപ്പെടുത്തി.

എല്‍ നിനോയുടെ തിരിച്ചുവരവ് വിളവെടുപ്പിനെ പ്രതികൂലമായി ബാധിക്കുകയാണ്. ഏഷ്യയിലെ പ്രധാന നെല്ലുല്‍പ്പാദന മേഖലകളില്‍ മഴകുറയുന്നതോടെ നെല്‍കൃഷി പ്രതിസന്ധിയിലാകുകയും ചെയ്യും. താഴേത്തട്ടിലുള്ള ജനവിഭാഗത്തെയാണ് ധാന്യങ്ങളുടെ വിലവര്‍ധനവും ദൗര്‍ലഭ്യവും ഗുരുതരമായി ബാധിക്കുക. ലോകത്തിലെ ജനസംഖ്യയുടെ പകുതിയോളം ആളുകളുടെ പ്രാഥമിക ഭക്ഷ്യവസ്തുക്കളില്‍ ഒന്നാണ് അരി. പ്രതിവര്‍ഷം 500 ദശലക്ഷം ടണ്‍ അരിയാണ് ലോകത്താകെ ഉല്‍പ്പാദിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷം, ഇന്ത്യ 140 രാജ്യങ്ങളിലേക്കായി ഏകദേശം 22 ദശലക്ഷം ടണ്‍ അരി കയറ്റുമതി ചെയ്തു. ഇത് ആഗോള ധാന്യ വ്യാപാരത്തിന്റെ ഏകദേശം 40 ശതമാനമാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, രാജ്യത്തെ അരി കയറ്റുമതിയുടെ ഏകദേശം 80 ശതമാനം ബസുമതി ഇതര ഇനങ്ങളായിരുന്നു. സാമ്പത്തികമായി വെല്ലുവിളി നേരിടുന്ന രാജ്യങ്ങളായ ബംഗ്ലാദേശ്, നേപ്പാള്‍, സെനഗല്‍, ബെനിന്‍, സഹാറന്‍ ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ഇത്തരം അരിക്കാണ് കൂടുതല്‍ ഡിമാന്‍ഡുള്ളതുമാണ്. വില താങ്ങാവുന്നതാണ് എന്നതാണ് കാരണം. ബസ്മതി ഇതര അരിയുടെ മേലുള്ള ഇന്ത്യയുടെ കയറ്റുമതി നിരോധനം ഈ രാജ്യങ്ങളില്‍ പലതിന്‍റേയും ഭക്ഷ്യസുരക്ഷയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.