12 Dec 2022 11:51 AM GMT
ഡാല്‍മിയ ഭാരത് ലിമിറ്റഡ് ജെയ്പീ ഗ്രൂപ്പിന്റെ സിമന്റ് ആസ്തികള്‍ ഏറ്റെടുക്കും, ഇടപാട് 5,666 കോടി രൂപയുടെ
MyFin Desk
Summary
സെന്‍ട്രല്‍ ഇന്ത്യയിലേക്ക് കമ്പനിയെ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കല്‍. ഇന്ത്യയിലുടനീളമുള്ള സിമന്റ് കമ്പനിയായി ഉയര്‍ന്നു വരികയെന്ന ഉദ്ദേശത്തോടെ 2027 സാമ്പത്തിക വര്‍ഷമാവുമ്പോഴേക്കും ഡാല്‍മിയയുടെ സ്ഥാപിത ശേഷി 75 മില്യണ്‍ ടണ്‍ ആയി വര്‍ധിപ്പിക്കാനും തുടര്‍ന്ന് 2031 ഇല്‍ ഇത് 110 -130 ആയി വര്‍ധിപ്പിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഡെല്‍ഹി: പ്രമുഖ സിമന്റ് നിര്‍മാണ കമ്പനിയായ ഡാല്‍മിയ ഭാരത് ലിമിറ്റഡ്, ജെപി ഗ്രൂപ്പിന്റെ മുന്‍ നിര സ്ഥാപനമായ ജയ് പ്രകാശ് അസ്സോസിയേറ്റ്‌സ് ലിമിറ്റഡിനെയും അനുബന്ധ സ്ഥാപനങ്ങളെയും 5,666 കോടി രൂപയ്ക്ക് ഏറ്റെടുക്കും. പ്രതിവര്‍ഷം 9.4 ദശലക്ഷം ടണ്‍ സിമന്റ് നിര്‍മാണ ശേഷിയുള്ള പ്ലാന്റും, 6.7 ദശലക്ഷം ടണ്‍ ക്ലിങ്കര്‍ ശേഷിയുള്ള പ്ലാന്റും 280 മെഗാ വാട്ട് ശേഷിയുള്ള താപവൈദ്യുത നിലയങ്ങളും ഏറ്റെടുക്കുന്നതിനാണ് കരാര്‍.
മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലാണ് പ്ലാന്റുകള്‍ സ്ഥിതി ചെയുന്നത്. സെന്‍ട്രല്‍ ഇന്ത്യയിലേക്ക് കമ്പനിയെ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കല്‍. ഇന്ത്യയിലുടനീളമുള്ള സിമന്റ് കമ്പനിയായി ഉയര്‍ന്നു വരികയെന്ന ഉദ്ദേശത്തോടെ 2027 സാമ്പത്തിക വര്‍ഷമാവുമ്പോഴേക്കും ഡാല്‍മിയയുടെ സ്ഥാപിത ശേഷി 75 മില്യണ്‍ ടണ്‍ ആയി വര്‍ധിപ്പിക്കാനും തുടര്‍ന്ന് 2031 ഇല്‍ ഇത് 110 -130 ആയി വര്‍ധിപ്പിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഇടപാട് ആവശ്യമായ അനുമതികള്‍ക്കും വ്യവസ്ഥയ്ക്കും വിധേയമാണെന്ന് കമ്പനി വ്യക്തമാക്കി. ജെപി പവര്‍ വെഞ്ച്വര്‍ അവരുടെ മധ്യ പ്രദേശിലെ നിഗ്രി സിമന്റ് പ്ലാന്റ് ഒഴിവാകുന്നതുമായി ബന്ധപ്പെട്ട യോഗം വിളിച്ചു ചേര്‍ക്കുമെന്ന് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.
ജെപി അസോസിയേറ്റ്സ് ലിമിറ്റഡിന്റെ നിലവിലെ സ്ഥാപിത ശേഷി പ്രതിവര്‍ഷം 6 ദശലക്ഷം ടണ്ണാണ്. ജയ് പ്രകാശ് പവര്‍ വെഞ്ചറിന് 4 ദശലക്ഷം ടണ്‍ ശേഷിയും ഉണ്ട്.
ഒക്ടോബറിലാണ് ജെപി അസ്സോസിയേറ്റ്സും ജയ്പ്രകാശ് പവര്‍ വെഞ്ച്വറും അവരുടെ സിമന്റ് ബിസിനസും മറ്റു ബിസിനസുകളും ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചത്. ബാധ്യത കുറക്കുന്നതിനാണ് ഇത്തരമൊരു നടപടി കമ്പനി സ്വീകരിച്ചത്.