15 Jan 2022 2:49 AM GMT
Summary
വടക്കുകിഴക്കന്‍ മേഖലയില്‍ ഉടനീളമുള്ള 6,000-ലധികം ഡീലര്‍മാരുടെയും, റീട്ടെയിലര്‍മാരുടെയും ശൃംഖലയിലൂടെയാണ് വിപണനം ചെയ്യുന്നത്
വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും വലിയ സിമന്റ് നിര്‍മ്മാതാക്കളില്‍ ഒന്നാണ് സ്റ്റാര്‍ സിമന്റ്. (മുമ്പ് സിമന്റ് മാനുഫാക്ചറിംഗ് കമ്പനി ലിമിറ്റഡ്). സിമന്റ് ക്ലിങ്കര്‍, സിമന്റ് എന്നിവയുടെ നിര്‍മ്മാണത്തിലും വില്‍പ്പനയിലും കമ്പനി ഏര്‍പ്പെട്ടിരിക്കുന്നു. കമ്പനിയുടെ നിര്‍മ്മാണ യൂണിറ്റുകള്‍ ലുംഷ്നോംഗ് (മേഘാലയ), ഗുവാഹത്തി (ആസം) എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്നു. കമ്പനി ഇന്ത്യയുടെ വടക്ക് കിഴക്കന്‍, കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉടനീളം വില്‍പ്പന നടത്തുന്നു.
വടക്കുകിഴക്കന്‍ മേഖലയില്‍ ശക്തമായ സാന്നിധ്യമുള്ള സ്റ്റാര്‍ സിമന്റ്, പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ പുതിയ പ്ലാന്റ്് സ്ഥാപിച്ചു കൊണ്ട് പ്രവര്‍ത്തനം വിപുലീകരിക്കുന്നു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. 0.6 മില്യണ്‍ ടണ്‍ ശേഷിയുള്ള, വാടകയ്‌ക്കെടുത്ത ഗ്രൈന്‍ഡിംഗ് യൂണിറ്റുകളിലൂടെ കമ്പനി ഇതിനകം തന്നെ ഈ മേഖലയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കമ്പനിക്ക് ഇപ്പോള്‍ തന്നെ വടക്കുകിഴക്കന്‍ മേഖലയില്‍ 25% വിപണി വിഹിതമുണ്ട്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കാരണം മറ്റ് സിമന്റ് നിര്‍മ്മാതാക്കള്‍ക്ക് ഈ മേഖലയില്‍ ചുവടുറപ്പിക്കാന്‍ ബുദ്ധിമുട്ടു നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ കമ്പനിക്ക് ഇവിടെ വലിയ മത്സരം ഉണ്ടാകന്‍ സാധ്യതയില്ല.
സെപ്തംബര്‍ അവസാനിച്ച പാദത്തില്‍ വില്‍പ്പനയില്‍ 8% വളര്‍ച്ചയാണ് കമ്പനിക്കുണ്ടായത്. വടക്കുകിഴക്കന്‍ മേഖലയില്‍ ഉടനീളമുള്ള 6,000-ലധികം ഡീലര്‍മാരുടെയും, റീട്ടെയിലര്‍മാരുടെയും ശൃംഖലയിലൂടെയാണ് വിപണനം ചെയ്യുന്നത്.
നിലവില്‍ സ്റ്റാര്‍ സിമന്റ് ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലെ വിവിധ ഗ്രൈന്‍ഡിംഗ് യൂണിറ്റുകളിലേക്ക് സൂപ്പര്‍ ക്വാളിറ്റി ക്ലിങ്കര്‍ വിപണനം ചെയ്യുന്നു. കമ്പനിക്ക് ബിഐഎസ് ലൈസന്‍സും, ഐഎസ്ഒ സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്.