23 Aug 2023 10:24 AM GMT
Summary
- കരാര്‍ പ്രകാരം പത്ത് എയര്‍ബസ് വിമാനങ്ങള്‍ ഇന്‍ഡിഗോയ്ക്ക് ലഭിക്കും
- ഇന്‍ഡിഗോയുടെ വിപുലീകരണ തന്ത്രത്തിന്റെ ഭാഗമാണ് ബിഒസിയുമായുള്ള കരാര്‍
സിംഗപ്പൂരിലെ ബിഒസി ഏവിയേഷന്‍ ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍ലൈനായ ഇന്‍ഡിഗോയുമായി പത്ത് എയര്‍ബസ്, വിമാനങ്ങള്‍ക്കായുള്ള വാടകക്കരാറില്‍ ഒപ്പുവച്ചു. ഇന്‍ഡിഗോയുടെ ഫ്‌ളീറ്റ് കൂടുതല്‍ വിപുലീകരിക്കുന്നതിനുവേണ്ടിയാണ് കരാറെന്ന് ബിഒസി അധികൃതര്‍ അറിയിച്ചു. ബിഒസി ഏവിയേഷന്‍ 652 വിമാനങ്ങളുള്ള ഒരു ആഗോള എയര്‍ക്രാഫ്റ്റ് ഓപ്പറേറ്റിംഗ് ലീസിംഗ് കമ്പനിയാണ്.
എ320 നിയോ വിമാനങ്ങളാണ് ഈ കരാറിലൂടെ ഇൻഡിഗോയിക്ക് കിട്ടുന്നത് . എല്ലാ വിമാനങ്ങളും 2023-ല്‍ത്തന്നെ ഇന്‍ഡിഗോയ്ക്ക് ലഭിക്കും.
'ബിഒസിയുടെ ദീര്‍ഘകാല ഉപഭോക്താവായ ഇന്‍ഡിഗോയുമായി മറ്റൊരു ഇടപാടില്‍ ഏര്‍പ്പെടുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഇത് അത്യാധുനിക വിമാനങ്ങള്‍ ഉപയോഗിച്ച് വിമാനക്കമ്പനി വിപുലീകരിക്കാന്‍ എയര്‍ലൈനെ പ്രാപ്തരാക്കുന്നു,' ബിഒസി ഏവിയേഷന്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ സ്റ്റീവന്‍ ടൗനെന്‍ഡ് പറഞ്ഞു.
ഈ 10 വിമാനങ്ങള്‍ക്കുള്ള പാട്ടക്കരാര്‍ വഴി ബിഒസി ഏവിയേഷനുമായുള്ള പങ്കാളിത്തം മെച്ചപ്പെടുത്തുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഇന്‍ഡിഗോ ചീഫ് എയര്‍ക്രാഫ്റ്റ് അക്വിസിഷന്‍ ആന്‍ഡ് ഫിനാന്‍സിംഗ് ഓഫീസര്‍ റിയാസ് പീര്‍ മുഹമ്മദ് പറഞ്ഞു. ആഭ്യന്തര, അന്തര്‍ദേശീയ വിപണികളിലുടനീളം ഇന്‍ഡിഗോയുടെ വിപുലീകരണ തന്ത്രത്തിന്റെ ഭാഗമാണ് ബിഒസിയുമായുള്ള ഈ സഹകരണം.
നിലവില്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സിവില്‍ ഏവിയേഷന്‍ വിപണികളില്‍ ഒന്നാണ് ഇന്ത്യ. ഈ മേഖലയില്‍ ഇന്‍ഡിഗോയുടെ സ്ഥാനം ഉറപ്പിക്കാന്‍ ഈ വിമാനങ്ങള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ലോകമെമ്പാടുമുള്ള 42 രാജ്യങ്ങളിലെ 91 എയര്‍ലൈനുകള്‍ക്ക് ബിഒസി വിമാനങ്ങള്‍ വാടകക്ക് നല്‍കിയിട്ടുണ്ട്.
ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡ് (ഇന്‍ഡിഗോ) ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ചെലവ് കുറഞ്ഞ കാരിയറുകളില്‍ ഒന്നാണ്. 300-ലധികം വിമാനങ്ങളുള്ള എയര്‍ലൈന്‍, പ്രതിദിനം 1,900 ഫ്ളൈറ്റുകള്‍ നടത്തുകയും 79 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളെ ബന്ധിപ്പിക്കുകയും ചെയ്യുന്നു.