28 Aug 2024 12:24 PM IST
Summary
- ആദ്യ ത്രൈമാസത്തില്‍ നിക്ഷേപങ്ങള്‍ 2,65,072 കോടി രൂപയിലെത്തി
- വായ്പകള്‍ക്ക് അനുസൃതമായി നിക്ഷേപം വളര്‍ത്തുന്നത് ബാങ്കുകള്‍ക്ക് വെല്ലുവിളി
- കറന്റ് സേവിങ്‌സ് അക്കൗണ്ട് അനുപാതത്തിലും വളര്‍ച്ച
രാജ്യത്തെ ഏറ്റവും വലിയ ആറാമത്തെ സ്വകാര്യ ബാങ്കായ യെസ് ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ നിക്ഷേപങ്ങളുടെ കാര്യത്തില്‍ 20.8 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. ഇതോടെ നിക്ഷേപങ്ങള്‍ 2,65,072 കോടി രൂപയിലെത്തി. ബാങ്കിന്റെ ശക്തമായ സാമ്പത്തിക അടിത്തറയില്‍ നിക്ഷേപകര്‍ക്കുള്ള വിശ്വാസവും ഉപഭോക്തൃ കേന്ദ്രീകൃതമായ നീക്കങ്ങളുടെ വിജയവുമാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് ബാങ്കിന്റെ പത്രക്കുറിപ്പ് പറയുന്നു.
വായ്പകള്‍ക്കുള്ള ആവശ്യം വര്‍ധിച്ചു വരുന്നതിന് അനുസൃതമായി നിക്ഷേപവും വളര്‍ത്തുക എന്ന വെല്ലുവിളി ഇന്ന് ബാങ്കുകള്‍ നേരിടുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് മേഖലയിലെ ശരാശരിയേയും മറികടക്കുന്ന യെസ് ബാങ്കിന്റെ നേട്ടം.
ബാങ്കിന്റെ കറന്റ് സേവിങ്‌സ് അക്കൗണ്ട് അനുപാതം മുന്‍ വര്‍ഷം ആദ്യ ത്രൈമാസത്തിലെ 29.4 ശതമാനത്തെ അപേക്ഷിച്ച് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ 30.8 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 17 ലക്ഷത്തോളം പുതിയ കറന്റ് സേവിങ്‌സ് അക്കൗണ്ടുകളാണ് ബാങ്ക് പുതുതായി ആരംഭിച്ചത്. കറന്റ് സേവിങ്‌സ് അക്കൗണ്ടുകള്‍ കൂടുതലുള്ള ക്ലസ്റ്ററുകളില്‍ 133 പുതിയ ബ്രാഞ്ചുകള്‍ യെസ് ബാങ്ക് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിക്കുകയും ചെയ്തു.