10 Feb 2024 6:05 AM GMT
Summary
- പൊതുമേഖല ബാങ്കുകൾ 64.2 ശതമാനം ഉയർന്നു
- സ്വകാര്യ ബാങ്കുകൾ തുച്ഛമായ 27 ശതമാനം റിട്ടേൺ നൽകി
- വിപണിയിലെ കുതിപ്പിൽ സ്വകാര്യ ബാങ്ക് ഓഹരികൾക്ക് പങ്കാളികളാവാൻ കഴിയാതിരുന്നത് എന്തുകൊണ്ട്?
സ്വകാര്യ മേഖല ബാങ്കുകൾ എപ്പോഴും ലാഭം ബുക്ക് ചെയ്യുന്നത് നമുക്ക് കാണാം. എന്നാൽ, ദീർഘകാല നിക്ഷേപകർ അതിൽ വിഷമിക്കേണ്ടതുണ്ടോ? എന്തുകൊണ്ടാണ് ഇപ്പോൾ വിപണിയിൽ അനുഭവപ്പെട്ട കുതിപ്പിൽ സ്വകാര്യ മേഖല ബാങ്ക് ഓഹരികൾക്ക് പങ്കാളികളാവാൻ കഴിയാതിരുന്നത്?
പൊതുമേഖല ബാങ്കുകളെയും സ്വകാര്യമേഖല ബാങ്കുകളെയും താരതമ്യം ചെയ്യുമ്പോൾ സ്വകാര്യമേഖലയുടെ പ്രകടനം നിരാശാജനകമാണ്. 2023 സാമ്പത്തിക വർഷത്തിൽ വിപണികൾ പ്രക്ഷുബ്ധമായിരുന്നപ്പോൾ, പൊതുമേഖല ബാങ്കുകൾ 64.2 ശതമാനം ഉയർന്നു; എന്നാൽ, സ്വകാര്യ ബാങ്കുകൾക്ക് തുച്ഛമായ 27 ശതമാനം റിട്ടേൺ നൽകാൻ മാത്രമേ കഴിഞ്ഞുള്ളു.
രണ്ട് മേഖല സൂചികകളും ഏറ്റവും ഉയർന്ന നിലയിലായിരുന്നിട്ടും, പൊതുമേഖല ബാങ്കുകൾ മികച്ച പ്രകടനം കാഴ്ചവെച്ചത് എന്തുകൊണ്ടാണെന്ന് നമുക്ക് പരിശോധിക്കാം.
പൊതുമേഖലയിലെ വായ്പ വർധന
കോർപ്പറേറ്റ് വായ്പകളിൽ പൊതുമേഖലാ ബാങ്കുകൾക്കാണ് പ്രാധാന്യം എന്നതാണിതിന് പ്രധാന കാരണം. നിരക്കുകൾ കുറച്ച അവസരങ്ങളിലെല്ലാം പൊതുമേഖലയിലെ ബാങ്കുകൾ കോർപ്പറേറ്റുകൾക്കുള്ള വായ്പകളും അഡ്വാൻസും വർധിപ്പിച്ചു.
സർക്കാർ കമ്മി 5.1 ശതമാനമായി കുറയ്ക്കുമെന്നും വ്യവസായങ്ങൾക്ക് കൂടുതൽ വായ്പ ലഭ്യമാക്കാൻ ആവശ്യമായ വ്യവസ്ഥകൾ ചെയ്യുമെന്നും ധനമന്ത്രാലയം പറഞ്ഞതാണ് പൊതുമേഖലാ ബാങ്കുകളെ പ്രോത്സാഹിപ്പിച്ച ഒരു പ്രധാന ഘടകം. അതേസമയം, നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചികയിലെ ഹെവി വെയ്റ്റായ എച്ച്‌ഡിഎഫ്‌സി ബാങ്കും കൊട്ടക് മഹീന്ദ്ര ബാങ്കും വരുമാന പ്രതീക്ഷകൾ നഷ്‌ടപ്പെടുത്തി, ഇത് അവയുടെ ഓഹരി വില കുത്തനെ ഇടിയാനും സൂചികയെ താഴേക്ക് വലിച്ചിടാനും കാരണമായി.
ഡിമാൻഡ് വർധിക്കുന്നതോടെ ബോണ്ടുകളുടെ വില വർദ്ധിക്കും. പൊതുമേഖല ബാങ്കുകളുടെ ബാലൻസ് ഷീറ്റിൽ പൊതു കടത്തിൻ്റെ അഥവാ ബോണ്ടുകളുടെ ഗണ്യമായ പങ്ക് ഉണ്ടാവും. ഇത് മൂല്യ നിർണയം ഉയർത്താൻ പൊതുമേഖല ബാങ്കുകളെ സഹായിച്ചു. അങ്ങനെ, 2023-24 സാമ്പത്തിക വർഷത്തിൽ നാളിതുവരെ പൊതുമേഖല ബാങ്കുകൾ 83.14 ശതമാനം ആദായം നൽകിയപ്പോൾ സ്വകാര്യമേഖല ബാങ്കുകളാകട്ടെ നാമമാത്രമായ 20 ശതമാനം പ്രതിഫലം മാത്രമാണ് നൽികിയത്.
കണക്കുകൾ പറയുന്നത്
ബാങ്കുകളെ സംബന്ധിച്ചിടത്തോളം, കാസ (CASA), എൻഐഎം (NIM), എൻപിഎ (NPA) എന്നി അനുപാതങ്ങൾ അവയുടെ പ്രകടനം വെളിപ്പെടുത്തുന്നതിൽ വളരെ നിർണായക പങ്ക് വഹിക്കുന്നു. ഈ അളവുകോലുകളെ അടിസ്ഥാനമാക്കി സ്വകാര്യ മേഖലയിലെ ഏറ്റവും മികച്ചതും മോശവുമായ ബാങ്കുകളെ പ്രധാനപ്പെട്ട ബ്രോക്കറേജുകൾ എങ്ങനെയാണ് തരം തിരിച്ചിരിക്കുന്നതെന്ന് നമുക്ക് പരിശോധിക്കാം.
ഈ സ്വകാര്യ ബാങ്കുകൾ പ്രസിദ്ധീകരിച്ച 2023-24 സാമ്പത്തിക വർഷത്തിലെ മൂന്നാം ഫലങ്ങളെ അടിസ്ഥാനമാക്കിയാണ് കണക്കുകൾ സമാഹരിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട ഓരോ മെട്രിക്കിൻ്റെയും വ്യവസായ ശരാശരി ഇപ്രകാരമാണ്: കാസ (CASA): 38.44 ശതമാനം ; എൻഐഎം (NIM): 4.55 ശതമാനം; എൻപിഎ (NPA): 0.70 ശതമാനം; ലാഭ വളർച്ച: 22.75 ശതമാനം.
ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്ക് മികച്ച ഒരു സ്വകാര്യ ബാങ്ക് തന്നെയാണ്. അവർ ശക്തമായ പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ബാങ്കിന്റെ വാർഷിക വായ്പ വളർച്ച 28 ശതമാനമാണ്; അതുപോലെ റീട്ടെയിൽ, കോർപ്പറേറ്റ് ലോൺ ബുക്കുകളിലെ വർധനയാകട്ടെ യഥാക്രമം 19 ശതമാനം 13 ശതമാനം എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അവരുടെ 4.40 ശതമാനം എൻഐഎം ശരാശരിയേക്കാൾ അല്പം താഴ്ന്നതാണ്. പാദാനുപാദം താരതമ്യം ചെയ്താൽ കാസ 40.8 ശതമാനത്തിൽ നിന്ന് 39.6 ശതമാനമായി കുറഞ്ഞു, എങ്കിലും, അത് ശരാശരിക്ക് മുകളിൽ തുടരുന്നു. എൻ പി എ 0.40 ശതമാനം അതേ നിലയിൽ നിലനിൽക്കുമ്പോഴും അത് വ്യവസായ ശരാശരിയേക്കാൾ 30 ബേസിസ് പോയിൻ്റ് താഴെയാണെന്ന് കാണാം. ഇത് ഒരു നല്ല പ്രവണതയാണ്.
ശരാശരി വളർച്ചയേക്കാൾ 10.26 ശതമാനം കൂടുതലായി 33 ശതമാനം ലാഭ വളർച്ചയാണ് ഐസിഐസിഐ കാഴ്ചവെച്ചത്. ബാങ്കിന്റെ ഒപെക്‌സ് അനുപാതങ്ങൾ 40.50-ശതമാനത്തിൽ സ്ഥിരമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് വരുന്ന വർഷം 2.2-2.3 ശതമാനം പരിധിയിൽ റിട്ടേൺ ഓൺ അസ്സെറ്റ് (RoA) നേടാൻ ബാങ്കിനെ പ്രാപ്തമാക്കുന്നു.
ഐസിഐസിഐ ബാങ്കിന്റെ മികച്ച പ്രകടനം കണക്കിലെടുത്ത്, ആക്സിസ് സെക്യൂരിറ്റീസ് ഐസിഐസിഐ ഓഹരിക്ക് വാങ്ങാം (BUY) എന്ന റേറ്റിംഗ് നൽകിയിട്ടുണ്ട്; കാരണം അത് വിശകലന വിദഗ്ധരുടെ കണക്കുകൂട്ടലുകളെ മറികടക്കും. ഓഹരിയുടെ ലക്ഷ്യം നിലവിലെ ലെവലിൽ നിന്ന് 1250 രൂപയാണ്. ഇത് ഏകദേശം 25 ശതമാനം ഉയർച്ച സാധ്യത കാണിക്കുന്നു.
ഇൻഡസ്ഇൻഡ് ബാങ്ക്
ഇൻഡസ്ഇൻഡ് ബാങ്ക് ലിമിറ്റഡ് സ്വകാര്യമേഖല ബാങ്ക് ഓഹരികളിലെ മറ്റൊരു മികച്ച തിരഞ്ഞെടുപ്പാണ്, കാരണം അതിന്റെ മൂന്നാം പാദ (Q3) പ്രകടനം പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ടതാണ്. അവർ 230.14 കോടിയേക്കാൾ നല്ല PAT റിപ്പോർട്ട് ചെയ്തിട്ടുണ്ട്, അവർ പ്രതീക്ഷിച്ച തുകയായ 222.63-കോടിയേക്കാൾ 3.4 ശതമാനം കൂടുതലാണ്. റിപ്പോർട്ട് ചെയ്ത പാദത്തിലെ CASA 48.4 ശതമാനം ആണ്, അതാകട്ടെ ഈ മേഖലയിലെ ഏറ്റവും ഉയർന്ന മൂല്യമാണ്. പാദാനുപാദത്തിൽ നോക്കിയാൽ അവരുടെ എൻഐഎം 4.29 ശതമാനത്തിൽ നിൽക്കുന്നു.
കൂടുതൽ റീട്ടെയിൽ നിക്ഷേപങ്ങൾ നേടുന്നതിനായി ബാങ്ക് അതിൻ്റെ തുല്യസ്ഥാനക്കാരേക്കാൾ 50 ബിപിഎസ് മുതൽ 75 ബിപിഎസ് വരെ ഉയർന്ന നിക്ഷേപ നിരക്ക് വാഗ്ദാനം ചെയ്യുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. വായ്പയിലും അഡ്വാൻസ് പോർട്ട്‌ഫോളിയോയിലും ബാങ്ക് ആരോഗ്യകരമായ 20 ശതമാനം വളർച്ച കൈവരിച്ചു. ഇൻഡസ്ഇൻഡ് ബാങ്കിൻ്റെ ലാഭ വളർച്ച 28.80 ശതമാനമാണ്; ഇത് വ്യവസായ ശരാശരിയേക്കാൾ 6.06 ശതമാനം കൂടുതലാണ്. ഈ ബാങ്കിൻ്റെ എൻ പി എ ആകട്ടെ 60 ശതമാനമാണ്, ശരാശരിയേക്കാൾ 10 ശതമാനം കുറവിലും.കുറവാണ്.
ഇൻഡസ്ഇൻഡ് ബാങ്കിന് അവരുടെ എസ്റ്റിമേറ്റുകളെ മറികടക്കാൻ കഴിഞ്ഞതിനാൽ ഇക്വിറ്സ് ക്യാപിറ്റൽ BUY റേറ്റിംഗ് നിലനിർത്തിയിട്ടുണ്ട്, അവരുടെ ലാഭ വളർച്ച 28.80 ശതമാനം കണക്കിലെടുക്കുമ്പോൾ, ഭാവിയിലും ബാങ്ക് മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടാർഗെറ്റ് വില 1850 ആണ്, അതായത് ഏകദേശം 23 ശതമാനം ഉയരാനുള്ള സാധ്യതയുണ്ട്.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
വായ്പകളും അഡ്വാൻസുകളും വാർഷികാടിസ്ഥാനത്തിൽ 25 ശതമാനവും പാദാടിസ്ഥാനത്തിൽ 3 ശതമാനവും വർധിച്ചതിനാൽ ഐ ഡി എഫ് സി ഫസ്റ്റ് ബാങ്ക് മികച്ച പ്രകടനക്കാരുടെ പട്ടികയിലുണ്ട്. കൂടാതെ, ഈ പോർട്ട്‌ഫോളിയോ FY24 മുതൽ FY29 വരെ 20.3 ശതമാനം സംയുക്ത വാർഷികാടിസ്ഥാനത്തിൽ (CAGR) ൽ വളരുമെന്ന് പ്രതീക്ഷിക്കുന്നു. ബാങ്കിന്റെ നിക്ഷേപം 26 ശതമാനം വർധിച്ച് 1,47,109ൽ നിന്ന് 1,89,475 ആയി. അവരുടെ കാസ (CASA) അനുപാതത്തെക്കുറിച്ച് പറയുമ്പോൾ, അത് ഏറ്റക്കുറച്ചിലുകളില്ലാതെ കഴിഞ്ഞ പാദത്തിലുള്ള പോലെ 48.4 -ൽ അതേപടി തുടരുന്നു; എന്നാൽ വ്യവസായ ശരാശരിയേക്കാൾ (+10 ശതമാനം) വളരെ മുകളിലാണ്,
ബാങ്കിന്റെ എൻ ഐ എം ഈ മേഖലയിലെ ഏറ്റവും ഉയർന്ന 6.40 ശതമാനമാണ്. ഇത് കഴിഞ്ഞ പാദത്തിലോ വർഷത്തിലോ മാറ്റമില്ലാതെ തുടരുന്നു. എൻപിഎയും വ്യവസായ ശരാശരിയായ 0.70 ശതമാനത്തിന് അനുസൃതമാണ്. ഈ അവസാന പാദത്തിൽ ബാങ്ക് 49.80 ശതമാനം ലാഭ വളർച്ചയും പ്രകടിപ്പിച്ചു, അത് ശരാശരിയേക്കാൾ 27 ശതമാനം കൂടുതലാണ്.
ആക്സിസ് സെക്യൂരിറ്റീസ് 100 എന്ന ലക്ഷ്യ വിലയുള്ള ഒരു BUY റേറ്റിംഗ് നൽകിയിട്ടുണ്ട്. അതേ വളർച്ച തുടരുമെന്ന് അവർ പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, വിവിധ പ്രദേശങ്ങളിൽ ബിസിനസ്സ് കെട്ടിപ്പടുക്കുന്നതിൽ ബാങ്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ പ്രവർത്തന ചെലവുകൾ സമീപകാലത്ത് ഉയർന്നതായി തുടരാമെന്നും അവർ പറയുന്നു.
ആക്സിസ് ബാങ്ക്
ആക്‌സിസ് ബാങ്കിൻ്റെ ഈ പാദത്തിലെ ഫലങ്ങൾ ഷെയർഖാൻ്റെ അനലിസ്റ്റ് കണക്കുകൾക്ക് അനുസൃതമാണ്. അവർ കാസ (CASA) ശരാശരിയെക്കാൾ ഉയർന്ന 40 ശതമാനംമായി നിലനിർത്തിയിട്ടുണ്ട്; എൻ പി എ പാദാടിസ്ഥാനത്തിൽ 0.36 - 0.38 ശതമാനം പരിധിയിലാണ്, എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് 0.47 ശതമാനത്തിൽ നിന്ന് കുറഞ്ഞു. ബാങ്കിന്റെ എൻ ഐ എം (NIM) 4.01 ശതമാനമാണ്; കഴിഞ്ഞ വര്ഷം ഇത് 4.26 ശതമാനത്തിലായിരുന്നു. എന്നിരുന്നാലും, അവർ അവരുടെ നെറ്റ് അഡ്വാൻസുകൾ വാർഷികാടിസ്ഥാനത്തിൽ ഏകദേശം 22 ശതമാനവും പാദാടിസ്ഥാനത്തിൽ ~4 ശതമാനവും വളർന്നിട്ടുണ്ട്.
കടുത്ത പണലഭ്യത സാഹചര്യങ്ങൾ കാരണം ബാങ്ക് നിക്ഷേപം വർദ്ധിപ്പിക്കുന്നതിൽ നിരവധി വെല്ലുവിളികൾ അഭിമുഖീകരിക്കുന്നു, അത് അങ്ങനെ തന്നെ നിലനിൽക്കാനാണ് സാധ്യത. കൂടാതെ, ഡിജിറ്റൽ, അത്യാധുനിക സാങ്കേതിക ശേഷികൾ എന്നിവ സജ്ജീകരിക്കുന്നതിന് ബാങ്ക് നിക്ഷേപം നടത്തുന്നതിനാൽ അവയുടെ ചെലവ് ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ, ആക്സിസ് ബാങ്കിൻ്റെ ലാഭ വളർച്ച വ്യവസായ ശരാശരിയേക്കാൾ 7.55 ശതമാനം കുറഞ്ഞ് 15.2 ശതമാനമായിട്ടുണ്ട്.
എന്നിട്ടും, 1350 രൂപ എന്ന ലക്ഷ്യ വിലയിൽ ആക്‌സിസ് ബാങ്കിനായുള്ള BUY റേറ്റിംഗ് ഷെയർഖാൻ നിലനിർത്തുന്നു; മാത്രമല്ല, അത് നിലവിലെ ലെവലിൽ നിന്ന് ~30 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നും പറയുന്നു.
കൊട്ടക് മഹീന്ദ്ര ബാങ്ക്
ഈ മേഖലയിലെ മറ്റ് ബാങ്കുകളെപ്പോലെ, കൊട്ടക് മഹീന്ദ്രയും റീട്ടെയിൽ, എംഎസ്എംഇ മേഖലകൾക്കുള്ള വായ്പയിൽ വാർഷികാടിസ്ഥാനത്തിൽ 18 ശതമാനവും പാദാടിസ്ഥാനത്തിൽ 5 ശതമാനവും ശക്തമായ വളർച്ച കാഴ്ചവെച്ചിട്ടുണ്ട്. അവരുടെ നിക്ഷേപ വളർച്ച (YoY 19 ശതമാനം/ QoQ 2 ശതമാനം) നിക്ഷേപങ്ങളിലെ ശക്തമായ ട്രാക്ഷൻ (YoY 33 ശതമാനം, QoQ 3 ശതമാനം) ആണ്.
അവരുടെ കാസ (CASA) കഴിഞ്ഞ വർഷത്തെ 53.3 ശതമാനത്തിൽ നിന്ന് 47.7 ശതമാനത്തിലേക്ക് താഴ്ന്നപ്പോൾ എൻ ഐ എം (NIM) കഴിഞ്ഞ വർഷത്തെ 5.5 ൽ നിന്ന് 5.2 ആയി. ഈ പാദത്തിലെ എൻ പി എ (NPA) 0.40% ൽ നിൽക്കുന്നു; കഴിഞ്ഞ പാദത്തിൽ അത് 0.30 ശതമാനമായിരുന്നു. എന്നിരുന്നാലും, ബാങ്ക് അതിൻ്റെ ആസ്തി നിലവാരം വർധിപ്പിച്ചിട്ടുണ്ട്; വായ്പകൾ, പാദാനുപാദം 3.24 ശതമാനം വർധിച്ച് 2,596 കോടിയിൽ നിന്ന് 3,483 കോടിയായി. ലാഭ വളർച്ച 22.40 ശതമാനമായപ്പോൾ അത് ശരാശരിയേക്കാൾ 0.35 ശതമാനം കുറവാണ്.
ആക്‌സിസ് സെക്യൂരിറ്റീസ് 2145 രൂപ എന്ന ലക്ഷ്യ വിലയോടെ ~22 ശതമാനം അപ്‌സൈഡ് സാധ്യതകളോടെ വാങ്ങാം എന്ന റേറ്റിംഗ് നൽകിയിട്ടുണ്ട്.
എച്ച്ഡിഎഫ്‌സി ബാങ്ക്
പ്രമുഖ അനലിസ്റ്റ് ഗ്രൂപ്പുകൾ പറയുന്നതനുസരിച്ച്, എച്ച്ഡിഎഫ്‌സി ബാങ്ക് സമ്മിശ്ര ഫലങ്ങൾ റിപ്പോർട്ട് ചെയ്തതിനാൽ ഓഹരികൾ കനത്ത വിൽപ്പന നടത്തി. അവരുടെ കാസ (CASA) വാർഷികാടിസ്ഥാനത്തിൽ 44 ശതമാനത്തിൽ നിന്ന് ശരാശരി 38 ശതമാനത്തിനടുത്തെത്തി. എന്നിരുന്നാലും, ഈ മേഖലയിലെ മറ്റ് ബാങ്കുകളെ അപേക്ഷിച്ച് എൻപിഎ (NPA) 0.30 ശതമാനം എന്ന താഴ്ന്ന ലെവലിലാണ്.
ചില്ലറ വിൽപ്പനയിലെ വളർച്ചയും വാണിജ്യ, ഗ്രാമീണ ബാങ്കിംഗിലെ തുടർച്ചയായ ട്രാക്ഷനും മൂലം വായ്‌പയുടെ വളർച്ച ആരോഗ്യകരമായിരുന്നു. അതിന്റെ 4.93 ശതമാനം വളർച്ച ഈ മേഖലയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. ഫലങ്ങൾ പ്രഖ്യാപിച്ചതുമുതൽ, ഓഹരികൾ 1597-ൽ നിന്ന് 11.60% ഇടിഞ്ഞ് 1411-ലേക്ക് പോയി. ഈ ഇടിവുണ്ടായിട്ടും, മോത്തിലാൽ ഓസ്വാൾ എച്ച്ഡിഎഫ്‌സി ബാങ്കിന് അവരുടെ വാങ്ങൽ (BUY) റേറ്റിംഗ് നിലനിർത്തിയിട്ടുണ്ട്. ലക്ഷ്യ വില ~38 ശതമാനം ഉയർത്തി 1950 രൂപ നിലവാരത്തിൽ കണക്കാക്കിയിരുന്നു.
സംഗ്രഹം
വരും കാലങ്ങളിൽ സ്വകാര്യമേഖലാ ബാങ്കുകൾ 8 ശതമാനത്തിലധികം വളർച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. FY24-ലെ മൂന്നാംപാദ ഫലങ്ങളെക്കുറിച്ച് പറയുമ്പോൾ, ശരാശരി മേഖലാ ലാഭം ഏകദേശം 23 ശതമാനം ഉയർന്നു; ഉയർന്ന വായ്പാ വിതരണവും പ്രവർത്തനച്ചെലവ് കുറഞ്ഞതുമാണ് അതിന്റെ പ്രധാന കാരണം. കൂടാതെ, സ്വകാര്യ ബാങ്കുകളുടെ മൊത്തത്തിലുള്ള ബാലൻസ് ഷീറ്റ് 16.8 ശതമാനം വർദ്ധിച്ചു. ആക്‌സിസ് സെക്യൂരിറ്റീസ്, ഇക്വിറ്സ് സെക്യൂരിറ്റീസ്, മോത്തിലാൽ ഓസ്‌വാൾ തുടങ്ങിയ ബ്രോക്കറേജുകളും ഗവേഷണ സ്ഥാപനങ്ങളും പ്രധാനപ്പെട്ട സ്വകാര്യ ബാങ്കുകൾക്ക് വാങ്ങാനും സൂക്ഷിക്കാനുമുള്ള റേറ്റിംഗുകൾ നൽകിയിട്ടുണ്ട്.
പൊതുമേഖല ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഹ്രസ്വകാല പ്രവർത്തനക്ഷമത കുറവാണെങ്കിലും, സ്വകാര്യമേഖല ബാങ്കുകൾക്ക് ഉറച്ച അടിസ്ഥാനതത്വങ്ങളും മെച്ചപ്പെട്ട ബാലൻസ് ഷീറ്റുകളും ഉണ്ട്. കൂടാതെ, ഉയർന്ന വരുമാനവും ഡിജിറ്റൽ ദത്തെടുക്കലും പോലുള്ള ദീർഘകാല വളർച്ചാ ചാലകങ്ങളിൽ നിന്ന് പ്രയോജനം പ്രതീക്ഷിക്കുന്നു. ദീർഘകാല നിക്ഷേപകർ ഈ താൽക്കാലിക പ്രതിസന്ധികളെ ആകർഷകമായ മൂല്യനിർണ്ണയത്തിൽ അവ നേടാനുള്ള അവസരമായി കണക്കാക്കാവുന്നതാണ്.
ചുരുക്കത്തിൽ, പൊതുമേഖല ബാങ്കുകളെപ്പോലെ സ്വകാര്യമേഖല ബാങ്കുകൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞില്ലെങ്കിലും ഓഹരികളുടെ വിലയിടിവ് താത്കാലികം മാത്രമാണെന്നാണ് മിക്ക വിശകലന വിദഗ്ധരും പറയുന്നത്.