image

27 May 2024 11:07 AM GMT

Banking

ബാങ്കുകളില്‍ അവകാശികളില്ലാത്ത നിക്ഷേപം 42,270 കോടി

MyFin Desk

42,270 crore unclaimed deposits in banks
X

Summary

  • എസ്ബിഐയില്‍ അവകാശികളില്ലാതെ സൂക്ഷിക്കുന്നത് 2.16 കോടി അക്കൗണ്ടുകളിലായി 8069 കോടി രൂപയാണ്
  • സ്വകാര്യ മേഖലയില്‍ അവകാശികളില്ലാത്ത നിക്ഷേപം ഏറ്റവും കൂടുതല്‍ സൂക്ഷിക്കുന്നത് ഐസിഐസിഐ ബാങ്കാണ്
  • കോവിഡിനു ശേഷം നോമിനി ഇല്ലാത്ത ഉപഭോക്താക്കള്‍ മരണപ്പെട്ടത് അവകാശികളില്ലാത്ത നിക്ഷേപങ്ങളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായതായി കണക്കാക്കുന്നുണ്ട്


കോവിഡിനു ശേഷം അവകാശികളില്ലാത്ത ബാങ്ക് നിക്ഷേപങ്ങളുടെ എണ്ണം രണ്ടര മടങ്ങ് വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

പൊതുമേഖല, സ്വകാര്യമേഖല, വിദേശ, റീജ്യനല്‍ റൂറല്‍ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ബാങ്കുകളില്‍ 2023 മാര്‍ച്ച് വരെ അവകാശികളില്ലാതെയിരിക്കുന്നത് 42,270 കോടി രൂപയുടെ നിക്ഷേപങ്ങളാണെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. ഇതില്‍ 33,303 കോടി രൂപയും പൊതുമേഖലാ ബാങ്കുകളിലാണുള്ളത്.

ഇത് അവകാശികളില്ലാത്ത നിക്ഷേപത്തിന്റെ 83 ശതമാനത്തോളം വരും.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയില്‍ അവകാശികളില്ലാതെ സൂക്ഷിക്കുന്നത് 2.16 കോടി അക്കൗണ്ടുകളിലായി 8069 കോടി രൂപയാണ്.

പഞ്ചാബ് നാഷണല്‍ ബാങ്കിലുള്ളത് 5,298 കോടി രൂപയാണ്. 2019-ലേതിനേക്കാള്‍ അഞ്ചിരട്ടിയോളം വരും ഈ നിക്ഷേപം.

സ്വകാര്യ മേഖലയില്‍ അവകാശികളില്ലാത്ത നിക്ഷേപം ഏറ്റവും കൂടുതല്‍ സൂക്ഷിക്കുന്നത് ഐസിഐസിഐ ബാങ്കാണ്. ഐസിഐസിഐയില്‍ 2022 ഡിസംബര്‍ വരെയായി 31.8 ലക്ഷം അക്കൗണ്ടുകളിലായി 1074 കോടി രൂപയുണ്ട്.

എച്ച്ഡിഎഫ്‌സി ബാങ്ക് സൂക്ഷിക്കുന്നത് 447 കോടി രൂപയുമാണ്.

ബാങ്കുകളിലെ അവകാശികളില്ലാത്ത നിക്ഷേപം 2019 ഡിസംബറില്‍ 19,379 കോടി രൂപയായിരുന്നു. ഇത് 2022 ഡിസംബറായപ്പോള്‍ 39,900 കോടി രൂപയായി ഉയര്‍ന്നു.

10 വര്‍ഷത്തേക്ക് ഇടപാടുകളൊന്നും നടത്താത്ത സേവിംഗ്‌സ്, കറന്റ് അക്കൗണ്ടുകളിലെ ബാലന്‍സ് അല്ലെങ്കില്‍ കാലാവധി പൂര്‍ത്തിയായിട്ടും 10 വര്‍ഷമായി ക്ലെയിം ചെയ്യാത്ത ടേം ഡിപ്പോസിറ്റുകളെയാണ് അവകാശികളില്ലാത്ത നിക്ഷേപമായി കണക്കാക്കുന്നത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിപ്പോസിറ്റര്‍ എജ്യുക്കേഷന്‍ ആന്‍ഡ് അവയര്‍നെസ് ഫണ്ടിലേക്കായിരിക്കും അവകാശികളില്ലാത്ത നിക്ഷേപങ്ങളെ ബാങ്കുകള്‍ നീക്കം ചെയ്യുന്നത്.

കോവിഡിനു ശേഷം നോമിനി ഇല്ലാത്ത ഉപഭോക്താക്കള്‍ മരണപ്പെട്ടത് അവകാശികളില്ലാത്ത നിക്ഷേപങ്ങളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായതായി കണക്കാക്കുന്നുണ്ട്.