25 Oct 2023 1:41 PM GMT
Summary
- പൊതുമേഖല ബാങ്കുകള്‍ സേവിംഗ്‌സ് അക്കൗണ്ടിലെ നിക്ഷേപത്തിന് 2.70 ശതമാനം മുതല്‍ നാല് ശതമാനം വരെയാണ് പലിശ നല്‍കുന്നത്.
- ടേം ഡെപ്പോസിറ്റ് നിരക്കുകളിലെ വര്‍ധന വായ്പാ പലിശ നിരക്കുകളിലേതിനെക്കാള്‍ അധികമാണ്.
സേവിങ്സ് ബാങ്ക് അക്കൗണ്ടുകളുടെ പലിശ നിരക്കുകള്‍ ഉയർത്തി, ഉയർന്ന നിരക്കുകളുടെ പ്രയോജനം ആ അക്കൗണ്ടുകൾക്കു കൂടി ലഭ്യമാക്കണമെന്നാണ് ആർ ബി ഐ യുടെ കാഴ്ചപ്പാടെങ്കിലും, അവരുടെ ലാഭത്തെ അത് ബാധിക്കും എന്നത് കൊണ്ട് ബാങ്കുകൾ അതിനു തയ്യാറാകുന്നില്ലെന്ന് ബാങ്കിങ് മേഖലയിലുള്ളവർ തന്നെ പറയുന്നു.
ഇന്ത്യയിലെ ബാങ്കുകളിലെ നിക്ഷേപത്തിന്റെ മൂന്നിലൊന്നും ഏറ്റവും കുറഞ്ഞ പലിശ ലഭിക്കുന്ന സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപങ്ങളാണ്. നിക്ഷേപങ്ങളുടെ നിരക്കുകൾ, വായ്‌പ്പാ നിരക്കുകൾ പോലെ റിപോയുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതിനാൽ സേവിങ്സ് അക്കൗണ്ടുകളുടെ പലിശ കൂട്ടണമെന്ന് ആർ ബി ഐ ക്കു ബാങ്കുകളെ നിർബന്ധിക്കാൻ പറ്റില്ല.
. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുതല്‍ ആര്‍ബിഐ റീപോ നിരക്ക് 2.5 ശതമാനം പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ 6.5 ശതമാനമാണ് റീപോ നിരക്ക്. ഈ നിരക്കിന് മുകളിലാണ് ബാങ്കുകളുടെ വായ്‌പ്പാ നിരക്കുകൾ. ആർ ബി ഐ അനുവദിച്ചിട്ടുള്ള ഈ ഉയർന്ന ഈ വായ്‌പ്പാ നിരക്കുകളിൽ നിന്ന് ബാങ്കുകൾക്ക് കിട്ടുന്ന ലാഭത്തിന്റെ ഒരു വിഹിതം ബാങ്കുകളിലെ നിക്ഷേപകർക്കുകൂടി, പ്രത്യകിച്ചു സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപം നടത്തിയവർക്ക് കൂടി ലഭിക്കണം എന്നതാണ് ആര്‍ബിഐയുടെ നിലപാട്.
ഇപ്പോഴും കുറഞ്ഞ നിരക്കുകളാണ് സേവിങ്സ് ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍ക്കു ലഭിക്കുന്നത്. പൊതുമേഖല ബാങ്കുകള്‍ സേവിംഗ്‌സ് അക്കൗണ്ടിലെ നിക്ഷേപത്തിന് 2.70 ശതമാനം മുതല്‍ നാല് ശതമാനം വരെയാണ് പലിശ നല്‍കുന്നത്. സ്വകാര്യ മേഖലയിലെ വലിയ ബാങ്കുകള്‍ മൂന്ന് ശതമാനം മുതല്‍ 4.50 ശതമാനം വരെ പലിശ നല്‍കുന്നുണ്ട്.
ഒരു സേവിംഗ്‌സ് അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കാനുള്ള ചെലവും സാങ്കേതിക ചെലവും ഉയര്‍ന്നതാണ്. ബാങ്കുകളെ കാര്യമായി ബാധിക്കുന്നതാണ് 0.2 ശതമാനം മുതല്‍ 0.25 ശതമാനം വരെയുള്ള നിരക്കുയര്‍ത്തല്‍.നിലവിലെ കര്‍ശന പണനയത്തില്‍ ടേം ഡെപ്പോസിറ്റ് നിരക്കുകളിലെ വര്‍ധന വായ്പാ പലിശ നിരക്കുകളിലേതിനെക്കാള്‍ അധികമാണ്. എന്നാല്‍, സേവിംഗ്‌സ് അക്കൗണ്ടുകളിലെ നിരക്ക് വര്‍ധന മാറ്റമില്ലാതെ തുടരുകയാണെന്ന് ആര്‍ബിഐ ധനനയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത് ബാങ്കുകളുടെ മൊത്തത്തിലുള്ള ചെലവിലെ വര്‍ധന മിതമാക്കുകയും ഉയര്‍ന്ന പലിശ വരുമാനത്തില്‍ പ്രതിഫലിക്കുകയും ചെയ്യുന്നുണ്ടെന്നും ആര്‍ബിഐ വ്യക്തമാക്കി.യെസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ക്ക് അടുത്തൊന്നും നിരക്കുയര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു.