21 Jun 2024 4:17 AM GMT
Summary
- ബോണ്ടുകള്‍, സെക്യൂരിറ്റികള്‍, മറ്റ് വിവിധ സാമ്പത്തിക ഇടപാടുകള്‍ എന്നിവയിലെല്ലാം കുറവ്
- 2023-ന്റെ അവസാനത്തില്‍ ഇന്ത്യാക്കാര്‍ക്ക് നല്‍കേണ്ട തുക കുറഞ്ഞു
- എന്നാല്‍ കള്ളപ്പണത്തിന്റെ അളവ് ഇതില്‍ സൂചിപ്പിക്കുന്നില്ല
സ്വിസ് ബാങ്കുകളില്‍ താല്‍പ്പര്യം കുറയുന്നതായി അവരുടെ സെന്‍ട്രല്‍ ബാങ്കില്‍ നിന്നുള്ള വാര്‍ഷിക കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രാദേശിക ശാഖകള്‍ വഴിയും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ വഴിയും ഇന്ത്യന്‍ വ്യക്തികളും സ്ഥാപനങ്ങളും സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന ഫണ്ടുകള്‍ 2023-ല്‍ 70 ശതമാനം ഇടിഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത് നാല് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1.04 ബില്യണ്‍ സ്വിസ് ഫ്രാങ്ക് (9,771 കോടി രൂപ) ആണ്.
2021-ല്‍ 14 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയതിനുശേഷമാണ് ഇന്ത്യന്‍ ഇടപാടുകാരുടെ മൊത്തം ഫണ്ടുകളില്‍ ഇടിവുണ്ടായത്. ബോണ്ടുകള്‍, സെക്യൂരിറ്റികള്‍, മറ്റ് വിവിധ സാമ്പത്തിക ഇടപാടുകള്‍ എന്നിവ വഴിയുള്ള ഫണ്ടുകളിലെല്ലാം ഇടിവാണ് സംഭവിച്ചത്.
കൂടാതെ, ഉപഭോക്തൃ നിക്ഷേപ അക്കൗണ്ടുകളിലെയും ഇന്ത്യയിലെ മറ്റ് ബാങ്ക് ശാഖകള്‍ വഴിയുള്ള ഫണ്ടുകളിലെയും തുക ഗണ്യമായി കുറഞ്ഞു, ഡാറ്റ കാണിക്കുന്നു. സ്വിസ് നാഷണല്‍ ബാങ്കിന് (എസ്എന്‍ബി) ബാങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഔദ്യോഗിക കണക്കുകളാണിവ. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇന്ത്യക്കാര്‍ കൈവശം വച്ചിരിക്കുന്നതായി പറയപ്പെടുന്ന കള്ളപ്പണത്തിന്റെ അളവ് ഇതില്‍ സൂചിപ്പിക്കുന്നില്ല.
സ്വിസ് ബാങ്കുകളുടെ 'മൊത്തം ബാധ്യതകള്‍' അല്ലെങ്കില്‍ 2023-ന്റെ അവസാനത്തില്‍ അവരുടെ ഇന്ത്യന്‍ ക്ലയന്റുകള്‍ക്ക് നല്‍കാനുള്ള തുക കുറഞ്ഞു. മറ്റ് ബാങ്കുകള്‍ വഴി കൈവശം വച്ചിരിക്കുന്ന തുക, വിശ്വസ്തര്‍ അല്ലെങ്കില്‍ ട്രസ്റ്റുകള്‍ വഴിയുള്ള നിക്ഷേപം, ബോണ്ടുകളുടെ രൂപത്തില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കേണ്ട മറ്റ് തുകകള്‍ തുടങ്ങിയവയിലെല്ലാം കുറവുണ്ടായി.
എസ്എന്‍ബി ഡാറ്റപ്രകാരം 2006ല്‍ 6.5 ബില്യണ്‍ സ്വിസ് ഫ്രാങ്കിന്റെ നിക്ഷേപം ഉണ്ടായിരുന്നു.2020ല്‍ ഉപഭോക്തൃ നിക്ഷേപത്തില്‍ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. അതേസമയം 2021-ല്‍ എല്ലാ വിഭാഗങ്ങളിലും കുതിച്ചുചാട്ടമുണ്ടായി. 2022-ല്‍, ഫിഡ്യൂഷ്യറി വിഭാഗത്തില്‍ മാത്രമാണ് വര്‍ധനവ് ഉണ്ടായത്.
വ്യക്തികള്‍, ബാങ്കുകള്‍, സംരംഭങ്ങള്‍ എന്നിവയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ ഉള്‍പ്പെടെ സ്വിസ് ബാങ്കുകളിലെ ഇന്ത്യന്‍ ഉപഭോക്താക്കളുടെ എല്ലാത്തരം ഫണ്ടുകളും ഡാറ്റാ കണക്കിലെടുക്കുന്നുണ്ട്. ഇന്ത്യയിലെ സ്വിസ് ബാങ്കുകളുടെ ശാഖകളുടെ ഡാറ്റയും നിക്ഷേപേതര ബാധ്യതകളും ഇതില്‍ ഉള്‍പ്പെടുന്നു.
സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇന്ത്യന്‍ നിവാസികളുടെ കൈവശമുള്ള സ്വത്തുക്കള്‍ കള്ളപ്പണമായി കണക്കാക്കാനാവില്ലെന്നും നികുതി തട്ടിപ്പിനും വെട്ടിപ്പിനുമെതിരായ പോരാട്ടത്തില്‍ അവര്‍ ഇന്ത്യയെ സജീവമായി പിന്തുണയ്ക്കുന്നുവെന്നും സ്വിസ് അധികാരികള്‍ എപ്പോഴും വാദിക്കുന്നു.
സ്വിറ്റ്സര്‍ലന്‍ഡും ഇന്ത്യയും തമ്മിലുള്ള നികുതി കാര്യങ്ങളില്‍ സ്വയമേവയുള്ള വിവര കൈമാറ്റം 2018 മുതല്‍ പ്രാബല്യത്തില്‍ ഉണ്ട്. ഈ ചട്ടക്കൂടിന് കീഴില്‍, 2018 മുതല്‍ സ്വിസ് ധനകാര്യ സ്ഥാപനങ്ങളില്‍ അക്കൗണ്ടുള്ള എല്ലാ ഇന്ത്യക്കാരുടെയും വിശദമായ സാമ്പത്തിക വിവരങ്ങള്‍ ആദ്യമായി ഇന്ത്യന്‍ നികുതി അധികാരികള്‍ക്ക് നല്‍കിയത് 2019 സെപ്റ്റംബറിലാണ്. ഇത് എല്ലാ വര്‍ഷവും പിന്തുടരുന്നു.
പ്രഥമദൃഷ്ട്യാ തെളിവുകള്‍ സമര്‍പ്പിച്ചതിന് ശേഷം സാമ്പത്തിക ക്രമക്കേടുകളില്‍ ഏര്‍പ്പെട്ടതായി സംശയിക്കുന്ന ഇന്ത്യക്കാരുടെ അക്കൗണ്ടുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ സ്വിറ്റ്സര്‍ലന്‍ഡ് സജീവമായി പങ്കിടുന്നു. നൂറുകണക്കിന് കേസുകളില്‍ ഇത്തരത്തില്‍ വിവര കൈമാറ്റം ഇതുവരെ നടന്നിട്ടുണ്ട്.
സ്വിസ് ബാങ്കിലെ വിദേശ ഇടപാടുകാരുടെ പണത്തിന്റെ ചാര്‍ട്ടില്‍ യുകെ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍, യുഎസ് രണ്ടാമതും ഫ്രാന്‍സ് മൂന്നാമതുമെത്തി.