10 Feb 2025 2:11 PM GMT
Summary
- സ്വര്‍ണ വായ്പയെടുക്കുന്നവര്‍ക്ക് ആശ്വാസകരമായ നീക്കം
- വ്യവസ്ഥകള്‍ പാലിക്കാതെ സ്വര്‍ണം ലേലം ചെയ്യുന്നതില്‍ ആശങ്ക
- ബാങ്കുകളും എന്‍ബിഎഫ്‌സികളും ലേല നടപടിയില്‍ വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി
സ്വര്‍ണ ലേല വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ബാങ്കുകള്‍ക്കെതിരേ ഇനി ശക്തമായ നടപടി. എന്‍ബിഎഫ്‌സികള്‍ക്കും മുന്നറിയിപ്പ് നല്‍കി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.
രാജ്യത്ത് സ്വര്‍ണ വായ്പയെടുക്കുന്നവര്‍ക്ക് ആശ്വാസകരമായ നീക്കമാണ് ധനമന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുണ്ടായത്.
വായ്പാ തിരിച്ചടവ് മുടങ്ങുമ്പോള്‍ വ്യവസ്ഥകള്‍ പാലിക്കാതെ സ്വര്‍ണം ലേലം ചെയ്യുന്നതില്‍ നേരത്തെ റിസര്‍വ് ബാങ്ക് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ധനമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ബാങ്കുകളും എന്‍ബിഎഫ്‌സികളും ലേല നടപടിയില്‍ വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടിയാണ് നേരിടേണ്ടി വരിക. വിഷയത്തില്‍ റിസര്‍വ് ബാങ്ക് കര്‍ശന നിയമവ്യവസ്ഥകള്‍ കൊണ്ടുവരാനും സാധ്യതയുണ്ട്. നിലവില്‍ രാജ്യത്ത് സ്വര്‍ണ വായ്പകളെടുക്കുന്ന ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുള്ളത്.
സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സ്വര്‍ണത്തെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായാണ് സാമ്പത്തിക വിദഗ്ധരുടെയും വിലയിരുത്തല്‍. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സ്വര്‍ണ വായ്പകള്‍ക്കായുള്ള നയങ്ങള്‍ അവലോകനം ചെയ്യാന്‍ സൂപ്പര്‍വൈസ്ഡ് എന്റിറ്റികളോട് ആര്‍ബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്വര്‍ണ വായ്പ സംബന്ധിച്ച് ആര്‍ബിഐ നേരത്തെയും തുടര്‍ച്ചയായി ആശങ്ക രേഖപ്പെടുത്തിയിരുന്നു. സ്വര്‍ണപ്പണയ വായ്പകള്‍ അനുവദിക്കുന്ന ചില സ്ഥാപനങ്ങള്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്.
വായ്പാ പരിധി, റിസ്‌ക് വെയ്റ്റ്, പരിശുദ്ധി പരിശോധന തുടങ്ങിയവയിലും വീഴ്ചകള്‍ കണ്ടെത്തിയിരുന്നു. ചട്ടവിരുദ്ധമായി വായ്പയില്‍ ടോപ്-അപ്പ് അനുവദിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.