image

2 Oct 2024 12:08 PM GMT

Banking

രാജ്യത്തുടനീളം 600 ശാഖകള്‍ തുറക്കാന്‍ എസ് ബി ഐ

MyFin Desk

രാജ്യത്തുടനീളം 600 ശാഖകള്‍  തുറക്കാന്‍  എസ് ബി ഐ
X

Summary

  • ബാങ്ക് സേവനം നല്‍കുന്നത് 50 കോടി ഉപഭോക്താക്കള്‍ക്കെന്ന് എസ്ബിഐ ചെയര്‍മാന്‍
  • രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവ്കൂടിയാണ് എസ്ബിഐ
  • നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി ബാങ്ക് നൂതന ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കും


ഈ സാമ്പത്തിക വര്‍ഷം രാജ്യത്തുടനീളം 600 ശാഖകള്‍ തുറക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പദ്ധതിയിടുന്നു. വലിയ റസിഡന്‍ഷ്യല്‍ ടൗണ്‍ഷിപ്പുകള്‍ ഉള്‍പ്പെടെ ഉയര്‍ന്നുവരുന്ന മേഖലകളില്‍ ബിസിനസ് അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടിയുടെ ഭാഗമാണിത്.

'ബാങ്കിന് മികച്ച ബ്രാഞ്ച് വിപുലീകരണ പദ്ധതികളുണ്ട്. ഇത് പ്രധാനമായും ഉയര്‍ന്നുവരുന്ന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ധാരാളം റെസിഡന്‍ഷ്യല്‍ കോളനികള്‍ ഞങ്ങളുടെ പരിധിയില്‍ വരുന്നില്ല. ഏകദേശം 600 ശാഖകളാണ് ഈ വര്‍ഷം ഞങ്ങള്‍ ആസൂത്രണം ചെയ്യുന്നത്,' എസ്ബിഐ ചെയര്‍മാന്‍ സി എസ് സെട്ടി ഒരു അഭിമുഖത്തില്‍ പിടിഐയോട് പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 137 ശാഖകള്‍ തുറന്നു. 59 പുതിയ ഗ്രാമീണ ശാഖകള്‍ ഇതില്‍ ഉള്‍പ്പെടും. 2024 മാര്‍ച്ച് വരെ രാജ്യത്തുടനീളം 22,542 ശാഖകളുടെ ശൃംഖല എസ്ബിഐക്കുണ്ട്. ബ്രാഞ്ച് സാന്നിധ്യത്തിന് പുറമെ 65,000 എടിഎമ്മുകളും 85,000 ബിസിനസ് കറസ്പോണ്ടന്റുമാരുമുണ്ട്.

''ഞങ്ങള്‍ 50 കോടി ഉപഭോക്താക്കളെ സേവിക്കുന്നു, ഓരോ ഇന്ത്യക്കാരനും, അതിലും പ്രധാനമായി, എല്ലാ ഇന്ത്യന്‍ കുടുംബത്തിനും ഞങ്ങള്‍ ബാങ്കറാണെന്ന് പറയുന്നതില്‍ എസ്ബിഐ അഭിമാനിക്കുന്നു,'' അദ്ദേഹം പറഞ്ഞു.

എസ്ബിഐയെ ഏറ്റവും മികച്ച ബാങ്കാക്കി മാറ്റാനാണ് തന്റെ ശ്രമമെന്നും ഷെയര്‍ഹോള്‍ഡര്‍മാരുടെ കാഴ്ചപ്പാടില്‍ മാത്രമല്ല, എസ്ബിഐയുമായി ഇടപാട് നടത്തുന്ന ഓരോ പങ്കാളിയുടെയും വീക്ഷണകോണില്‍ നിന്ന് ഏറ്റവും മൂല്യമുള്ള ബാങ്കായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആവര്‍ത്തന നിക്ഷേപത്തിന്റെയും എസ്‌ഐപിയുടെയും കോംബോ ഉല്‍പ്പന്നം ഉള്‍പ്പെടെയുള്ള നൂതന ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാന്‍ ആലോചിക്കുന്നു.

സമ്പദ്വ്യവസ്ഥ പുരോഗമിക്കുന്നതിനനുസരിച്ച്, ഉപഭോക്താക്കള്‍ സാമ്പത്തികമായി കൂടുതല്‍ അവബോധമുള്ളവരും ആവശ്യപ്പെടുന്നവരുമായി മാറുകയാണെന്നും നൂതന നിക്ഷേപ സാധ്യതകള്‍ക്കായിി തിരയാന്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.