6 Jan 2024 10:00 AM GMT
Summary
- രണ്ട് വര്‍ഷത്തിലേറെയായി ഇടപാടുകള്‍ നടക്കാത്ത സേവിംഗ്‌സ്/ കറന്റ് അക്കൗണ്ടുകളെ പ്രവര്‍ത്തന രഹിതമായി കണക്കാക്കും
- 2024 ഏപ്രില്‍ 1 മുതല്‍ ആര്‍ബിഐ പരിഷ്‌കരിച്ച നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും
- ആര്‍ബിഐ പുറത്തിറക്കിയ ഈ സര്‍ക്കുലര്‍ എല്ലാ വാണിജ്യ ബാങ്കുകള്‍ക്കും എല്ലാ സഹകരണ ബാങ്കുകള്‍ക്കും ബാധകമാണ്
ബാങ്കുകളില്‍ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.
അക്കൗണ്ടുകളെ പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകള്‍, നിക്ഷേപങ്ങളെ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍ എന്നിങ്ങനെ തരംതിരിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബി ഐ) പരിഷ്‌കരിച്ചത്.
രണ്ട് വര്‍ഷത്തിലേറെയായി ഇടപാടുകള്‍ നടക്കാത്ത സേവിംഗ്‌സ്/ കറന്റ് അക്കൗണ്ടുകളെ പ്രവര്‍ത്തന രഹിതമായി കണക്കാക്കും.
പത്ത് വര്‍ഷമോ അതില്‍ കൂടുതലോ ആയി ക്ലെയിം ചെയ്യാതെയിരിക്കുന്ന ഡിപ്പോസിറ്റ് അക്കൗണ്ടിലെ ക്രെഡിറ്റ് ബാലന്‍സ്, ആര്‍ബിഐയുടെ ' ഡിപ്പോസിറ്റര്‍ എജ്യുക്കേഷന്‍ ആന്‍ഡ് അവയര്‍നെസ്സ് ഫണ്ടിലേക്ക് (dea) മാറ്റും.
പ്രവര്‍ത്തന രഹിതമായ അക്കൗണ്ടുകളുടെ ഉടമകളെ കണ്ടെത്താനും ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനും ബാങ്കിന് കത്ത്, ഇ-മെയില്‍, എസ്എംഎസ് എന്നിവ ഉപയോഗിക്കണമെന്ന് ആര്‍ബിഐ നിര്‍ദേശിക്കുന്നു. ഇതിലൂടെ കണ്ടെത്താന്‍ സാധിക്കാതെ വന്നാല്‍ അക്കൗണ്ട് തുടങ്ങിയ സമയത്ത് അക്കൗണ്ട് ഉടമയെ ബാങ്കിന് പരിചയപ്പെടുത്തിയ ആളുമായി ബാങ്കുകള്‍ ബന്ധപ്പെടണമെന്നും നിര്‍ദേശത്തിലുണ്ട്.
പ്രവര്‍ത്തനരഹിതമായ അക്കൗണ്ട് എന്ന് തരംതിരിക്കുന്ന ഏതെങ്കിലും അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് പിഴ ഈടാക്കാന്‍ ബാങ്കുകള്‍ക്ക് അനുവാദമില്ല.
2024 ഏപ്രില്‍ 1 മുതല്‍ ആര്‍ബിഐ പരിഷ്‌കരിച്ച നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും.
ആര്‍ബിഐ പുറത്തിറക്കിയ ഈ നിര്‍ദേശങ്ങള്‍ എല്ലാ വാണിജ്യ ബാങ്കുകള്‍ക്കും (ആര്‍ആര്‍ബികള്‍ ഉള്‍പ്പെടെ) എല്ലാ സഹകരണ ബാങ്കുകള്‍ക്കും ബാധകമാണ്.
ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ തോത് കുറയ്ക്കുന്നതിനും, അത്തരം നിക്ഷേപങ്ങള്‍ യഥാര്‍ഥ ഉടമ, അല്ലെങ്കില്‍ അവകാശി എന്നിവരുടെ കൈകളില്‍ എത്തിച്ചേരുന്നതിനായി ആര്‍ബിഐയും ബാങ്കുകളും സംയുക്തമായി നടത്തുന്ന പരിശ്രമങ്ങള്‍ ലക്ഷ്യം കാണുമെന്നാണ് പ്രതീക്ഷയെന്നും ആര്‍ബിഐ അറിയിച്ചു.