7 Oct 2023 11:20 AM GMT
Summary
- ഡെപ്യൂട്ടി ഇന്റേണല്‍ ഓംബുഡ്‌സ്മാന്‍ തസ്തിക അവതരിപ്പിക്കാനും ആര്‍ബിഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ബാങ്കുകളിലെയും മറ്റ് നിയന്ത്രിത സ്ഥാപനങ്ങളിലെയും വിവിധ ഓംബുഡ്‌സ്മാന്‍ പദ്ധതികളിലെ നിര്‍ദ്ദേശങ്ങള്‍ ഏകീകരിക്കാന്‍ ആര്‍ബിഐ. ഉപഭോക്തൃ പരാതി പരിഹാര സംവിധാനം മികച്ചതാക്കാനും ഉപഭോക്താക്കള്‍ക്ക് സംതൃപ്തമാകുന്ന രീതിയില്‍ പരാതികള്‍ കൈകാര്യം ചെയ്യുന്നതിനും സഹായിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
നിലവില്‍ ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്കുകള്‍, പ്രീപെയിഡ് പേയ്‌മെന്റ് ഇന്‍സ്ട്രുമെന്റുകള്‍ (പിപിഐ) ഇഷ്യു ചെയ്യുന്ന ബാങ്കേതര സ്ഥാപനങ്ങള്‍, ബാങ്കിംഗേതര ധനകാര്യ സ്ഥാപനങ്ങള്‍, ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍ (സിഐസിഎസ്) എന്നിവയ്ക്ക് പ്രത്യേകം പ്രത്യകം മാര്‍ഗനിര്‍ദ്ദേശങ്ങളാണുള്ളത്.
ഇന്റേണല്‍ ഓംബുഡ്‌സ്മാന്‍ ഉദ്യോഗസ്ഥര്‍ക്ക് പരാതികള്‍ നല്‍കുന്നതിനുള്ള സമയപരിധി, ഇന്റേണല്‍ ഓംബുഡ്‌സ്മാന്റെ താല്‍ക്കാലിക അഭാവം ഉണ്ടായാല്‍ പ്രവര്‍ത്തനം എങ്ങനെ, അവര്‍ക്ക് ഉണ്ടായിരിക്കേണ്ട മിനിമം യോഗ്യതകള്‍, റിപ്പോര്‍ട്ടിംഗ് ഫോര്‍മാറ്റുകള്‍ തുടങ്ങിയ കാര്യങ്ങള്‍ ഏകീകരിക്കുകയാണ് ലക്ഷ്യം.
ഡെപ്യൂട്ടി ഇന്റേണല്‍ ഓംബുഡ്‌സ്മാന്‍ തസ്തിക അവതരിപ്പിക്കാനും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആഭ്യന്തര പരാതി പരിഹാര സംവിധാനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി സെന്‍ട്രല്‍ ബാങ്ക് 2015 ല്‍ ചില ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളില്‍ ഇന്റേണല്‍ ഓംബുഡ്‌സ്മാന്‍ സംവിധാനം ആദ്യമായി അവതരിപ്പിച്ചിരുന്നു. പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കും മുമ്പ് ഉപഭോക്താക്കള്‍ക്ക് വാദം എന്താണെന്നു കേള്‍ക്കാനും നടപടിക്രമങ്ങള്‍ സുഗമമാക്കുകയും അവരുടെ പരാതികള്‍ ബാങ്കിനുള്ളില്‍ അവലോകനം ചെയ്യുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പിന്നീട് പ്രീ-പെയ്ഡ് ഇന്‍സ്ട്രുമെന്റുകള്‍, എന്‍ബിഎഫ്‌സികള്‍, എല്ലാ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍ എന്നിങ്ങനെ ഈ ചട്ടക്കൂട് വിപുലീകരിച്ചു.
ബാങ്കുകളിലെ ആഭ്യന്തര പരാതി പരിഹാര ചട്ടക്കൂടുകളും ഓംബുഡ്‌സ്മാന്‍ സ്‌കീമുകളും ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള നിരവധി നടപടികള്‍ റിസര്‍വ് ബാങ്ക് അടുത്തിടെ പ്രപ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം ജൂണില്‍, റിസര്‍വ് ബാങ്ക് സ്ഥാപിച്ച ബിപി കനുങ്കോ കമ്മിറ്റി ബാങ്കുകളിലെ ഉപഭോക്തൃ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി നോ-യുവര്‍-കസ്റ്റമര്‍ (കെവൈസി) മാനദണ്ഡങ്ങള്‍, മരിച്ച നിക്ഷേപ ഉടമകളുടെ അക്കൗണ്ടുകള്‍ തടസ്സരഹിതമായി തീര്‍പ്പാക്കല്‍ എന്നിവ നിര്‍ദ്ദേശിച്ചിരുന്നു.