image

15 March 2025 5:40 PM IST

Banking

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്: അഭ്യൂഹങ്ങള്‍ ആര്‍ബിഐ തള്ളി

MyFin Desk

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്: അഭ്യൂഹങ്ങള്‍   ആര്‍ബിഐ തള്ളി
X

Summary

  • നിക്ഷേപകര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല
  • ഡെറിവേറ്റീവ് വ്യാപാരത്തില്‍ 1500 കോടിയുടെ നഷ്ടം നേരിട്ടതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണം


ഇന്‍ഡസ് ഇന്‍ഡ് ബാങ്കുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ തള്ളി റിസര്‍വ് ബാങ്ക്. നിക്ഷേപകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ,ബാങ്ക് മികച്ച മൂലധനക്ഷമതയും സാമ്പത്തിക സ്ഥിരതയും നിലനിര്‍ത്തുന്നുവെന്നും പ്രസ്താവനയില്‍ അറിയിച്ചു.

ഡെറിവേറ്റീവ് വ്യാപാരത്തില്‍ 1500 കോടിയുടെ നഷ്ടം നേരിട്ടതോടെയാണ് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരി നിലം പതിക്കുകയും അഭ്യൂഹങ്ങള്‍ ശക്തമാവുകയും ചെയ്തത്. എന്നാല്‍ നിക്ഷേപര്‍ ഭയപ്പെടേണ്ടതില്ലെന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്.

സുരക്ഷിതവും അല്ലാത്തതുമായ വായ്പ, ബോണ്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ട റിസ്‌കുകള്‍ കൈകാര്യം ചെയ്യാന്‍ ബാങ്കിന് സാധിക്കും. ഇതിന്റെ അളവ് കോലായ ക്യാപിറ്റല്‍ അഡിക്വസി റേഷ്യോ 16. 46 ശതമാനം ആണെന്നത് ഇക്കാര്യമാണ് വ്യക്തമാക്കുന്നത്. നിഷ്‌ക്രിയ ആസ്തികളിലെ റിസ്‌ക് മറികടക്കാനും ബാങ്കിന് ആവശ്യത്തിന് ഫണ്ടുണ്ട്. 70.20 ശതമാനം പ്രൊവിഷന്‍ കവറേജ് അനുപാതം ഇതാണ് സൂചിപ്പിക്കുന്നത്.

ഹ്ര്വസകാല ആവശ്യകത നിറവേറ്റാന്‍, വേഗത്തില്‍ പണമാക്കാവുന്ന ആസ്തികളും ആവശ്യത്തിന് ബാങ്കിന്റെ കൈവശമുണ്ടെന്നാണ് 113 ശതമാനമെന്ന ലിക്വിഡിറ്റി കവറേജ് വ്യക്തമാക്കുന്നതെന്നും റിസര്‍വ് ബാങ്ക് പറഞ്ഞു. സുതാര്യത ഉറപ്പാക്കി കൊണ്ട് 2025 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ തിരുത്തല്‍ നടപടികള്‍ നടപ്പിലാക്കാന്‍ ബാങ്കിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

ഡെറിവേറ്റീവ്സ് പോര്‍ട്ട്‌ഫോളിയോയുടെ അക്കൗണ്ടിംഗ് വിലയിരുത്താന്‍ ഇന്‍ഡസ് ബാങ്ക് പുറത്ത് നിന്ന് ഓഡിറ്ററെ നിയമിച്ചതായും ആര്‍ബിഐ ചൂണ്ടികാണിച്ചു. ബാങ്കിന്റെ സാമ്പത്തിക ആരോഗ്യം തൃപ്തികരമാണെന്ന് ഊന്നിപ്പറഞ്ഞ ആര്‍ബിഐ അഭ്യൂഹങ്ങള്‍ നിക്ഷേപകര്‍ അവഗണിക്കണമെന്നും ആവശ്യപ്പെട്ടു.