7 Feb 2025 2:25 PM GMT
Summary
- തട്ടിപ്പുകളില്‍ നിന്നും ഉപയോക്താക്കളെ സംരക്ഷിക്കാനാണ് നടപടി
- എല്ലാ അംഗീകൃത ബാങ്കുകളും ബാങ്ക് ഡോട്ട് ഇന്‍ എന്ന ഡൊമൈനിലേക്ക് മാറണം
- ഏപ്രില്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തിലാകും
രാജ്യത്തെ ബാങ്കുകള്‍ക്ക് പുതിയ ഇന്റര്‍നെറ്റ് ഡൊമൈന്‍ അവതരിപ്പിച്ച് റിസര്‍വ് ബാങ്ക്. ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചുള്ള തട്ടിപ്പുകളില്‍ നിന്നും ഉപയോക്താക്കളെ സംരക്ഷിക്കാനാണ് ആര്‍.ബി.ഐ യുടെ നീക്കം..
ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചുള്ള തട്ടിപ്പുകള്‍ വ്യാപകമായതോടെയാണ് റിസര്‍വ് ബാങ്കിന്റെ പുതിയ നീക്കം. പണനയ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയാണ് പുതിയ ഇന്റര്‍നെറ്റ് ഡൊമൈന്‍ നടപ്പാക്കുന്ന കാര്യം അറിയിച്ചത്.
നിലവില്‍ സാമ്പത്തികരംഗത്തെ സ്ഥാപനങ്ങള്‍ക്കെല്ലാം ഫിന്‍ ഡോട്ട് ഇന്‍ എന്ന ഇന്റര്‍നെറ്റ് ഡൊമൈനാണ് ഉപയോഗിക്കാറുള്ളത്. ബാങ്കുകളും മറ്റ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുമെല്ലാം ഇതേ ഡൊമൈന്‍ ഉപയോഗിക്കുന്നുണ്ട്. ഇതില്‍നിന്ന് ബാങ്കുകളില്‍ നിന്നാണ് തനിക്ക് സന്ദേശം ലഭിച്ചതെന്നും യഥാര്‍ഥ ബാങ്കിന്റേതായ ലിങ്കാണ് വന്നിരിക്കുന്നതെന്നും പെട്ടെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് പുതിയ ഡൊമൈന്‍. ഇനി മുതല്‍ രാജ്യത്തെ എല്ലാ അംഗീകൃത ബാങ്കുകളും fin.in എന്ന ഡൊമൈനിനു പകരം ബാങ്ക് ഡോട്ട് ഇന്‍ എന്ന ഡൊമൈനിലേക്ക് മാറണമെന്നാണ് നിര്‍ദ്ദേശം.
2025 ഏപ്രില്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തിലാകും. ഈ ഇന്റര്‍നെറ്റ് ഡൊമൈന്‍ അംഗീകൃത ബാങ്കുകള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളു. യഥാര്‍ഥ ബാങ്കുകളെയും തട്ടിപ്പുകാരെയും തിരിച്ചറിയാന്‍ ഈ രീതി സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍.
ഇതിന് പുറമെ രാജ്യത്തിനകത്ത് വെച്ച് നടത്തുന്ന ഓണ്‍ലൈന്‍ പണമിപാടുകള്‍ക്ക് അഡീഷണല്‍ ഫാക്ടര്‍ ഓതന്റിക്കേഷന്‍ എന്നൊരു സുരക്ഷാ സംവിധാനം കൂടി ഏര്‍പ്പെടുത്തുമെന്നും ആര്‍ബിഐ അറിയിച്ചു. ഓണ്‍ലൈന്‍ ബാങ്കിംഗിന് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്.