18 Oct 2023 8:50 AM GMT
Summary
- കൊട്ടക് മഹീന്ദ്ര ബാങ്കിന് 3.95 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.
- ഐസിഐസിഐ ബാങ്കിന് 12.19 കോടി രൂപയാണ് പിഴ ചുമത്തിയത്.
കൊട്ടക് മഹീന്ദ്ര ബാങ്കിനും ഐസിഐസിഐ ബാങ്കിനും പിഴ ചുമത്തി ആര്‍ബിഐ. റിസ്‌ക് കൈകാര്യം ചെയ്യല്‍, ബാങ്കുമായി ബന്ധപ്പെട്ട റിക്കവറി ഏജന്റുമാര്‍, ബാങ്കിന്റെ ഉപഭോക്തൃ സേവനങ്ങള്‍, വായ്പകള്‍, അഡ്വാന്‍സുകള്‍ മറ്റ് സ്റ്റാറ്റിയൂട്ടറി നിയന്ത്രണങ്ങള്‍ എന്നിങ്ങനെ ബാങ്കുകളുടെ ധനകാര്യ സേവനങ്ങള്‍ ഔട്ട് സോഴ്‌സ് ചെയ്യുന്നതിലെ പെരുമാറ്റച്ചട്ടം പാലിക്കാത്തത് എന്നിവയ്ക്കാണ് പിഴ ഈടാക്കിയത്.
കൊട്ടക് മഹീന്ദ്ര ബാങ്കിന് 3.95 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. ബാങ്കിനെതിരെ മറ്റ് ചില വീഴ്ച്ചകളും ആര്‍ബിഐ കണ്ടെത്തിയട്ടുണ്ട്. വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ചില വായ്പകള്‍ക്ക് പലിശ ഈടാക്കി, കൂടാതെ ബാങ്കിന്റെ വാര്‍ഷിക അവലോകനം നടത്തുന്നതില്‍ പരാജയപ്പെട്ടു, രാത്രി 7 മണിക്ക് ശേഷവും രാവിലെ 7 മണിക്ക് മുമ്പും ഉപഭോക്താക്കളുമായി ബന്ധപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടു, വായ്പാ അനുമതിയുടെ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിരുദ്ധമായി, വിതരണം ചെയ്ത യഥാര്‍ത്ഥ തീയതിക്ക് പകരം വായ്പ അനുവദിച്ച തീയതിയില്‍ നിന്ന് പലിശ ഈടാക്കുന്നു എന്നിങ്ങനെയാണ് ആര്‍ബിഐ കണ്ടെത്തിയ പിഴവുകള്‍.
ഐസിഐസിഐ ബാങ്കിന് 12.19 കോടി രൂപയാണ് പിഴ ചുമത്തിയത്. ബാങ്കിനെതിരെ ഐസിഐസിഐ ബാങ്കിലെ രണ്ട് ഡയറക്ടര്‍മാര്‍ അവര്‍ ഡയറക്ടര്‍മാരായിട്ടുള്ള കമ്പനികള്‍ക്ക് ചട്ടവിരുദ്ധമായി വായ്പ അനുവദിച്ചു. ധനകാര്യേതര ഉത്പന്നങ്ങളുടെ വില്‍പ്പനയിലും ബാങ്ക് ഏര്‍പ്പെട്ടു. കൂടാതെ, ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പ് കണ്ടെത്തിയാല്‍ മൂന്നു മാസത്തിനുള്ളില്‍ ആര്‍ബിഐയെ അറിയിക്കണമെന്ന നിര്‍ദ്ദേശം പാലിക്കുന്നതിലും ഐസിഐസിഐ ബാങ്ക് പരാജയപ്പെട്ടു. 2020 മാര്‍ച്ചിനും 2021 മാര്‍ച്ചിനും ഇടയിലാണ് ചട്ടലംഘനം കണ്ടെത്തിയത്.