9 Oct 2024 5:22 AM GMT
Summary
- പല രാജ്യങ്ങളും അവരുടെ പലിശനിരക്ക് കുറച്ച സാഹചര്യത്തില്‍ ആര്‍ബിഐയും നിരക്ക് കുറയ്ക്കാന്‍ സാധ്യതയെന്ന് സൂചനയുണ്ടായിരുന്നു
- എന്നാല്‍ ബ്ലൂംബെര്‍ഗ് സാമ്പത്തിക വിദഗ്ധരുടെ സര്‍വേയില്‍ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തും എന്നാണ് പ്രവചിച്ചിരുന്നത്
തുടര്‍ച്ചയായി പത്താം തവണയും പോളിസി നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. മോണിറ്ററി പോളിസി കമ്മിറ്റിയിലെ (എംപിസി) 6 അംഗങ്ങളില്‍ 5 അംഗങ്ങളുടെ സമ്മതത്തോടെ, പോളിസി നിരക്ക് 6.5 ശതമാനമായി നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.
ആര്‍ബിഐ പണനയ സമീപനം ന്യൂട്രല്‍ ആക്കിയതാണ് ഇത്തവണയുണ്ടായ പ്രഖ്യാപനങ്ങളില്‍ പ്രധാനം. ഇത് ഭാവിയില്‍ പലിശ നിരക്ക് കുറയ്ക്കാം എന്ന പ്രതീക്ഷ നല്‍കുന്നു. കൂടാതെ പണലഭ്യതയില്‍ ബുദ്ധിമുട്ട് ഉണ്ടാവില്ലെന്ന സൂചനയും ഇതിലടങ്ങിയിരിക്കുന്നു.
ഈ സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ നിഗമനം 7.2 ആയി ആര്‍ബിഐ നിലനില്‍ത്തിയിട്ടുമുണ്ട്.
യുഎസ് ഫെഡറല്‍ റിസര്‍വ് കഴിഞ്ഞ മാസം ബെഞ്ച്മാര്‍ക്ക് നിരക്കുകള്‍ 50 ബേസിസ് പോയിന്റ് കുറച്ചിട്ടും ആര്‍ബിഐ തല്‍സ്ഥിതി നിലനിര്‍ത്തുകയായിരുന്നു.ചില വികസിത രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്കുകളും അവരുടെ പലിശ നിരക്ക് കുറച്ചിട്ടുണ്ട്.
നടപ്പ് സാമ്പത്തിക വര്‍ഷത്തെ നാലാമത്തെ ദ്വൈമാസ ധനനയം പ്രഖ്യാപിച്ചുകൊണ്ട് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്, റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) തീരുമാനിച്ചതായി പറഞ്ഞു.
2023 ഫെബ്രുവരി മുതല്‍ ബെഞ്ച്മാര്‍ക്ക് പലിശ നിരക്കില്‍ ആര്‍ബിഐ തല്‍സ്ഥിതി നിലനിര്‍ത്തിവരികയാണ്.
ഇന്ത്യയുടെ ജിഡിപി വളര്‍ച്ച ശക്തമായി തുടരുമ്പോഴും ഉയര്‍ന്ന ഭക്ഷ്യ പണപ്പെരുപ്പം ആര്‍ബിഐ നിരീക്ഷിക്കുകയാണെന്ന് ദാസ് പറഞ്ഞു.
പുനഃസംഘടിപ്പിച്ച എംപിസിയുടെ ആദ്യ യോഗമായിരുന്നു ഇത്. രാം സിംഗ്, സൗഗത ഭട്ടാചാര്യ, നാഗേഷ് കുമാര്‍ എന്നിവരാണ് പുതുതായി നിയമിതരായ മൂന്ന് ബാഹ്യ അംഗങ്ങള്‍.
കഴിഞ്ഞ മാസമാണ് എംപിസി സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചത്.
'ആഭ്യന്തര വളര്‍ച്ച അതിന്റെ വളര്‍ച്ച നിലനിര്‍ത്തി. എങ്കിലും, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടം, ഉയര്‍ന്ന പൊതു കടം എന്നിവ കാരണം അപകടസാധ്യതകള്‍ നിലനില്‍ക്കുകയാണ് ' ദാസ് കൂട്ടിച്ചേര്‍ത്തു.