4 Sept 2023 5:44 PM IST
Summary
- മിനിമം ബാലന്‍സ് നിലനിര്‍ത്താനുള്ള പരിധി നഗര-ഗ്രാമ തലത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു
- പ്രധാനമന്ത്രി ജന്‍ധന്‍ യോജനയ്ക്ക് കീഴില്‍ തുറക്കുന്ന അക്കൗണ്ടുകളിലും ബേസിക്‌സ് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടിലും മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ട ആവശ്യമില്ല
മിനിമം ബാലന്‍സ് സൂക്ഷിക്കാതിരുന്നതിനും എടിഎം സേവനം അധികമായി ഉപയോഗിച്ചതിനും എസ്എംഎസ് സേവനത്തിനുമായി, രാജ്യത്തെ പൊതുമേഖല ബാങ്കുകളും സ്വകാര്യ വാണിജ്യ ബാങ്കുകളും പുതുതലമുറ ബാങ്കുകള്ളും കൂടി 2018 മുതല്‍ പിഴയിനത്തില്‍ ഇടപാടുകാരില്‍നിന്നു പിരിച്ചെടുത്തത് 35,000 കോടി രൂപയിലധികം.
മിനിമം ബാലന്‍സ് സൂക്ഷിക്കാതിരുന്നതിനു 21000 കോടി രൂപയും എടിഎം സേവനം അധികമായി ഉപയോഗിച്ചതിന് 8000 കോടി രൂപയും എസ്എംഎസ് സേവനത്തിന് 6000 കോടി രൂപയുമാണ് ബാങ്കുകള്‍ ഈടാക്കിയതെന്നു കേന്ദ്ര ധനകാര്യ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.
അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താതിരിക്കുക, സൗജന്യ എടിഎം ഇടപാടുകളുടെ എണ്ണം മറികടക്കുക, നിക്ഷേപിക്കാവുന്നതിന്റെ പരിധിക്കപ്പുറം പണം നിക്ഷേപിക്കുക തുടങ്ങിയ നിരവധി കാരണങ്ങളാല്‍ ബാങ്കുകള്‍ ചാര്‍ജ് ചുമത്താറുണ്ട്.
അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിനു പിഴ ഈടാക്കാന്‍ റിസർവ് ബാങ്ക്അ, ബാങ്കുകളെ അനുവദിച്ചിട്ടുണ്ട്. പക്ഷേ, ഇങ്ങനെ ഈടാക്കുന്ന നിരക്കുകള്‍ ന്യായമായിരിക്കണമെന്നു നിഷ്‌കര്‍ഷിക്കുന്നുമുണ്ട് . അതു പോലെ ഉപഭോക്താക്കള്‍ക്ക് എസ്എംഎസ് അയക്കുന്നതിനുള്ള നിരക്കുകള്‍ ന്യായവും യുക്തിസഹവുമായിരിക്കണമെന്ന് ഉറപ്പാക്കാന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
മിനിമം ബാലന്‍സ് നിലനിര്‍ത്താനുള്ള പരിധി നഗര-ഗ്രാമ തലത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു.
മെട്രോകളില്‍ 3,000 -10,000 രൂപ നഗരങ്ങളില്‍ 2,000 - 5,000 രൂപയും ഗ്രാമങ്ങളില്‍ 500 - 1,000 രൂപയും വരെയുമാണു നിലനിര്‍ത്തേണ്ട മിനിമം ബാലന്‍സ്. എന്നാല്‍ പ്രധാനമന്ത്രി ജന്‍ധന്‍ യോജനയ്ക്ക് കീഴില്‍ തുറക്കുന്ന അക്കൗണ്ടുകളിലും ബേസിക്‌സ് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടിലും മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ട ആവശ്യമില്ല.