image

22 March 2024 10:49 AM GMT

Banking

ഇടപാടുകളിലെ സുരക്ഷയുറപ്പാക്കാന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐയുടെ നിര്‍ദ്ദേശം

MyFin Desk

ഇടപാടുകളിലെ സുരക്ഷയുറപ്പാക്കാന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐയുടെ നിര്‍ദ്ദേശം
X

Summary

  • ഓരോ ഇടപാടിനും മുമ്പ് ജാഗ്രത പുലര്‍ത്തുക
  • സുരക്ഷിതമായ പ്ലാറ്റ്‌ഫോമുകളിലൂടെ മാത്രം ഇടപാട് നടത്തുക
  • എന്തെങ്കിലും അസ്വഭാവികത തോന്നിയാല്‍ ബാങ്കിനെ കൃത്യമായി അറിയിക്കുക


സാമ്പത്തിക രംഗത്ത് പ്രത്യേകിച്ച് ബാങ്കിംഗ് രംഗത്ത് വളരെ വേഗത്തിലാണ് ഡിജിറ്റല്‍ ഇടപാടുകളും സേവനങ്ങളും പ്രചാരത്തിലായത്. പക്ഷേ, അതിനനുസരിച്ച് തട്ടിപ്പുകളും വര്‍ധിച്ചു. ഡിജിറ്റല്‍ ഇടപാടുകളിലൂടെയുണ്ടാകുന്ന തട്ടിപ്പുകള്‍, നഷ്ടങ്ങള്‍ എന്നിവയില്‍ നിന്നും രക്ഷ നേടാനും കുറയ്ക്കാനുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തന്നെ മുന്‍കൈയെടുക്കയും നിരവധി നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ബാങ്കുകള്‍ തങ്ങളുടെ ഉപഭോക്താക്കളുടെ ഇടപാടുകളില്‍ സുരക്ഷയുറപ്പാക്കാന്‍ സ്വീകരിക്കേണ്ട നടപടികളില്‍ ചിലത് നോക്കാം.

മള്‍ട്ടി ഫാക്ടര്‍ ഓതന്റിക്കേഷന്‍: ചില ചെറിയ മൂല്യമുള്ള ഇടപാടുകള്‍ ഒഴികെ ഇലക്ട്രോണിക് രീതിയിലുള്ള ഫണ്ട് കൈമാറ്റങ്ങള്‍, പേയ്‌മെന്റുകള്‍ എന്നിവയ്ക്ക് എല്ലാ ബാങ്കുകളും മള്‍ട്ടി-ഫാക്ടര്‍ ഓതന്റിക്കേഷന്‍ നടപ്പാക്കേണ്ടതുണ്ട്. ഇത് ഒടിപി, അല്ലെങ്കില്‍ ഉപഭോക്താവിന് മാത്രം ലഭ്യമാകുന്ന എന്തെങ്കിലുമൊരു ഓപ്ഷന്‍ അതുമല്ലെങ്കില്‍ ബയോമെട്രകി് ഓതന്റിഫിക്കേഷനോ ആയിരിക്കണം. മൂന്നാമതൊരു വ്യക്തിക്ക് ഇത് ലഭ്യമാകുകയോ ഉപയോഗിക്കാന്‍ സാധിക്കുകയോ ചെയ്യരുത്.

റിസ്‌ക് വിലയിരുത്തല്‍: ബാങ്കുകള്‍ അവയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് ഉത്പന്നങ്ങളുടെ റിസ്‌ക്, സുരക്ഷ എന്നിവയെക്കുറിച്ച് കൃത്യമായ വിലയിരുത്തല്‍ നടത്തണം. സംശയാസ്പദമായ ഇടപാട് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനങ്ങളും അത് തിരിച്ചറിയാന്‍ അവരെ സഹായിക്കുകയും വേണം.

ഉപഭോക്താക്കള്‍ക്ക് ബാധ്യത വേണ്ട: ഉപഭോക്താക്കള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിലായിരിക്കണം ബാങ്കിന്റെ ശ്രദ്ധ. ബാങ്കിന്റെ അശ്രദ്ധ അല്ലെങ്കില്‍ മൂന്നാം കക്ഷി ലംഘനം മൂലമുള്ള നഷ്ടത്തിന് ഉപഭോക്താക്കളുടെ മേല്‍ ബാധ്യത വരരുത്. അത് ഉറപ്പാക്കുക എന്നത് ബാങ്കിന്റെ ഉത്തരവാദിത്തമാണ്.

ഡിജിറ്റല്‍ വായ്പാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍: ഡിജിറ്റല്‍ വായ്പയുമായി ബന്ധപ്പെട്ട കരാറുകളില്‍ ഏര്‍പ്പെടുന്നതിനുമുമ്പ് സ്ഥാപനങ്ങള്‍ വായ്പക്കാരന് വായപയെ സംബന്ധിച്ച് കൃത്യമായ വിവരങ്ങളടങ്ങിയ പ്രസ്താവന നല്‍കണമെന്നുള്ള ആര്‍ബിഐയുടെ നിര്‍ദ്ദേശം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

സൂപ്പര്‍വൈസറി ചട്ടക്കൂട്: ബിസിനസ് രീതി, ഐടി സിസ്റ്റങ്ങളുടെ പ്രവര്‍ത്തനം എന്നിവ വിലയിരുത്തുന്നതിന് ഒരു സൂപ്പര്‍വൈസറി ചട്ടക്കൂട് ആവശ്യമാണ്. ഇത് റെഗുലേറ്ററി ആവശ്യകതകളെ പിന്തുണയ്ക്കുന്നതായിരിക്കണം. ബിസിനസ്സ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെ ഉചിതമായ മേല്‍നോട്ട നടപടികളും ബാങ്കിംഗ് റെഗുലേറ്റര്‍ എടുക്കാറുണ്ട്.

സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍: സൈബര്‍ തട്ടിപ്പിന് ഇരയാകുന്നവരെ അത്തരം കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്‌ലൈനുള്ള ഒരു ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലും സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുണ്ട്. https://www.cybercrime.gov.in/ എന്നതാണ് പോര്‍ട്ടല്‍.

ജാഗ്രത തുടരണം

മുകളില്‍ കൊടുത്തിരിക്കുന്നത് ബാങ്കുകള്‍ ഉറപ്പാക്കേണ്ട കാര്യങ്ങളാണ്. ഇടപാടുകാര്‍ തങ്ങളുടെ ബാങ്കുകള്‍ ഇക്കാര്യങ്ങളില്‍ ഉറപ്പു നല്‍കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. എന്നാലും, ഈ ശ്രമങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും ഫിഷിംഗ്, അനധികൃത ഇടപാടുകള്‍ എന്നിവയ്ക്ക് കുറവൊന്നുമില്ല. അതിനാല്‍, ഉപഭോക്തൃ അവബോധത്തിലൂടെയും അറിവ് നല്‍കുന്ന കാംപെയിനുകളിലൂടെയും മാത്രമേ കൂടുതല്‍ സുരക്ഷ അവബോധം ഉപഭോക്താക്കളില്‍ സൃഷ്ടിക്കാന്‍ കഴിയൂ. ജാഗ്രതയോടെ ഇടപാടുകള്‍ നടത്തുക എന്നത് ഏറെ പ്രധാനമാണ്.