6 Feb 2024 10:17 AM GMT
Summary
- ഒരു ബാങ്കിന്റെ 5 ശതമാനത്തിലധികം ഓഹരികള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആര്‍ബിഐയുടെ അനുമതി നിര്‍ബന്ധമാണ്
- എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 9.99 ശതമാനം ഓഹരി സ്വന്തമാക്കാന്‍ എല്‍ഐസിക്ക് ആര്‍ബി ഐ അനുമതി നല്‍കിയിരുന്നു
- ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ ബാങ്കുകളിലും സാമ്പത്തിക മേഖലകളിലും നിക്ഷേപം ഉയര്‍ത്തുന്ന ട്രെന്‍ഡ് വര്‍ധിച്ചു വരികയാണ്
ആറ് ബാങ്കുകളില്‍ 9.5 ശതമാനം ഓഹരി വരെ ഏറ്റെടുക്കാന്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ഗ്രൂപ്പിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഫെബ്രുവരി 5 ന് അനുമതി നല്‍കി.
ആക്‌സിസ് ബാങ്ക്, ബന്ധന്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, യെസ് ബാങ്ക് എന്നിവയുള്‍പ്പെടെയുള്ള ആറ് ബാങ്കുകളിലാണ് 9.50 ഓഹരികള്‍ സ്വന്തമാക്കാന്‍ അനുമതി ലഭിച്ചത്.
ഒരു ബാങ്കിന്റെ അഞ്ച് ശതമാനത്തിലധികം ഓഹരികള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആര്‍ബിഐയുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്.
ആറ് ബാങ്കുകളിലെ 9.5 ശതമാനം ഓഹരി സ്വന്തമാക്കുന്നതിനായി 2023 ഡിസംബര്‍ 18-നാണ് എച്ച്ഡിഎഫ്‌സി ബാങ്ക് ആര്‍ബിഐക്ക് അപേക്ഷ സമര്‍പ്പിച്ചത്.
എച്ച്ഡിഎഫ്‌സി ബാങ്കിനും എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ്, എച്ച്ഡിഎഫ്‌സി ഇആര്‍ജിഒ ജനറല്‍ ഇന്‍ഷുറന്‍സ് തുടങ്ങിയ ഗ്രൂപ്പിന്റെ സ്ഥാപനങ്ങള്‍ക്കുമാണ് ആര്‍ബിഐയുടെ അനുമതി ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞയാഴ്ച എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 9.99 ശതമാനം ഓഹരി സ്വന്തമാക്കാന്‍ എല്‍ഐസിക്ക് ആര്‍ബി ഐ അനുമതി നല്‍കിയിരുന്നു.
സമീപകാലത്തായി ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ (domestic institutions) ബാങ്കുകളിലും സാമ്പത്തിക മേഖലകളിലും നിക്ഷേപം ഉയര്‍ത്തുന്ന ട്രെന്‍ഡ് വര്‍ധിച്ചു വരികയാണ്. തുടര്‍ച്ചയായി മൂന്നാം തവണയും ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലേറുമെന്ന ഊഹാപോഹങ്ങളും സ്വകാര്യ മൂലധന ചെലവില്‍ കുതിപ്പ് ഉണ്ടാകുമെന്ന പ്രതീക്ഷയുമാണ് ഇതിനു കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.