11 April 2024 6:15 AM GMT
Summary
- കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ശാഖകളുള്ള എച്ച്ഡിഎഫ്‌സി ഇപ്പോള്‍ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ലക്ഷദ്വീപിലും
- ദ്വീപിലെത്തുന്ന ആദ്യ സ്വകാര്യ ബാങ്കാണിത്.
- എല്ലാ ഡിജിറ്റല്‍ ഇടപാടുകളും സാധ്യമാകും
സ്വകാര്യ വായ്പാ ദാതാവായ എച്ച്ഡിഎഫ്‌സി ബാങ്ക് ലക്ഷദ്വീപിലെ കവരത്തിയില്‍ ശാഖ തുറന്നു. കേന്ദ്രഭരണ പ്രദേശത്ത് ശാഖയുള്ള ഏക സ്വകാര്യ മേഖലാ ബാങ്കായി എച്ച്ഡിഎഫ്‌സി മാറി.
വ്യക്തിഗത ബാങ്കിംഗും റീട്ടെയിലര്‍മാര്‍ക്ക് ക്യുആര്‍ അധിഷ്ഠിത ഇടപാട് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ബാങ്കിംഗ് യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് കേന്ദ്രഭരണ പ്രദേശത്തെ ബാങ്കിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ നവീകരിക്കുന്നതിനാണ് പുതിയ ശാഖ തുറന്നിരിക്കുന്നത്.
'ലക്ഷദ്വീപിലെ പുതിയ ബ്രാഞ്ച് തുറന്നതോടെ ഉപഭോക്താക്കള്‍ക്ക് വളരെ സൗകര്യപ്രദമായ രീതിയില്‍ സേവനം നല്‍കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നു,' എച്ച്ഡിഎഫ്സി ബാങ്കിന്റെ റീട്ടെയില്‍ ബ്രാഞ്ച് ബാങ്കിംഗ് ഗ്രൂപ്പ് ഹെഡ് എസ് സമ്പത്ത്കുമാര്‍ പറഞ്ഞു.
'ലക്ഷദ്വീപിലെ വ്യക്തികളുടേയും കുടംബങ്ങളുടേയും ബിസിനസുകളുടേയും സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും അവരുട സാമ്പത്തിക യാത്രയില്‍ വിശ്വസ്ത പങ്കാളിയാകുന്നതിനും ദ്വീപിന്റെ മൊത്തത്തിലുള്ള വികസനത്തിനും ഭാഗമാകാനാകുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍,'' അദ്ദേഹം പറഞ്ഞു. ബാങ്കിന്റെ 52 ശതമാനം ശാഖകളും അര്‍ധ-നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമാണ്.
ഡിസംബര്‍ 31, 2023 വരെയുള്ള കണക്കുകള്‍ പ്രകാരം, എച്ച്ഡിഎഫ്സി ബാങ്കിന് 3,872 നഗരങ്ങളിലായി 8,091 ശാഖകളും 20,688 എടിഎമ്മുകളുമുണ്ട്. 2022 ല്‍ ഇത് 3,552 നഗരങ്ങളില്‍ 7,183 ശാഖകളലും 19,007 എടിഎമ്മുകളുമായിരുന്നു. കൂടാതെ, 15,053 ബിസിനസ് കറസ്പോണ്ടന്റുകളും ബാങ്കിനുണ്ട്. അവ പ്രാഥമികമായി നിയന്ത്രിക്കുന്നത് കോമണ്‍ സര്‍വീസ് സെന്ററുകളാണ് (സിഎസ്സി).