25 Feb 2025 10:49 AM GMT
Summary
- ഓഹരി വില്‍പ്പനയിലൂടെ 10,000 കോടി സമാഹരിക്കും
- സെബിയുടെ നിബന്ധന പാലിക്കാനാണ് ഓഹരിവില്‍പ്പനക്ക് തയ്യാറെടുക്കുന്നത്
അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വില്‍ക്കാനൊരുങ്ങി സര്‍ക്കാര്‍. ഓഹരി വില്‍പ്പനയിലൂടെ 10,000 കോടി രൂപ സമാഹരിക്കും. സെബിയുടെ നിബന്ധന പാലിക്കുകയാണ് വില്‍പ്പനയുടെ ലക്ഷ്യമിടുന്നത്.
ഓഹരി വില്‍പ്പനയിലൂടെ വിപണിയില്‍ നിന്ന് 10,000 കോടി രൂപ സമാഹരിക്കാന്‍ അഞ്ച് പൊതുമേഖല ബാങ്കുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. മര്‍ച്ചന്റ് ബാങ്കര്‍മാരെയും നിയമ ഉപദേഷ്ടാക്കളുടെയും അപേക്ഷയാണ് സര്‍ക്കാര്‍ ക്ഷണിച്ചിരിക്കുന്നത. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ബാങ്ക് ഒഫ് മഹാരാഷ്ട്ര, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, യൂകോ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഒഫ് ഇന്ത്യ എന്നിവയ്ക്കാണ് ഓഹരി വില്‍പ്പനയ്ക്ക് അനുമതി ലഭിച്ചത്.
ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റ്മെന്റ്, ഓഫര്‍ ഫോര്‍ സെയില്‍ എന്നിവയിലൂടെ രണ്ടായിരം കോടി രൂപ വീതം സമാഹരിക്കാനാണ് അംഗീകാരം നല്‍കിയത്. ബാങ്കുകളില്‍ പൊതുജനങ്ങളുടെ ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കാനാണ് ഓഫര്‍ ഫോര്‍ സെയില്‍ നടത്തുന്നത്. ഈ വര്‍ഷം ഓഗസ്റ്റോടെ പൊതുമേഖല ബാങ്കുകളിലെ സ്വകാര്യ നിക്ഷേപ പങ്കാളിത്തം 25 ശതമാനമായി ഉയര്‍ത്തണമെന്ന സെബിയുടെ നിബന്ധന പാലിക്കാനുമാണ് ഓഹരി വില്‍പ്പനയിലൂടെ ലക്ഷ്യമിടുന്നത്.
നിലവില്‍ ബാങ്ക് ഒഫ് മഹാരാഷ്ട്രയില്‍ കേന്ദ്ര സര്‍ക്കാരിന് 79.6 ശതമാനം ഓഹരികളാണുള്ളത്. പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കില്‍ 98.25 ശതമാനവും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ 96.38 ശതമാനവും യൂകോ ബാങ്കില്‍ 95.39 ശതമാനവും സെന്‍ട്രല്‍ ബാങ്കില്‍ 93.08 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.
ഓഹരി വില്‍ക്കുന്നതിലൂടെ ബാങ്കുകളിലെ സര്‍ക്കാരിന്റെ പങ്കാളിത്തം കുറയും. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളില്‍ പ്രൊമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം 75 ശതമാനത്തില്‍ കൂടരുതെന്നാണ് സെബി നിബന്ധന. അതായത് കുറഞ്ഞത് 25 ശതമാനം ഓഹരികളെങ്കിലും പൊതു വിഭാഗത്തിന്റെ കൈവശം ആയിരിക്കണം.