image

20 Dec 2023 6:30 AM GMT

Banking

പൊതുമേഖലാ ബാങ്കുകളുടെ പ്രകടനം വിലയിരുത്താന്‍ യോഗം വെള്ളിയാഴ്ച

MyFin Desk

meeting to assess the performance of public sector banks on friday
X

Summary

  • എന്‍പിഎ കൈകാര്യം ചെയ്യുന്നത് വിലയിരുത്തും
  • എന്‍എആര്‍സിഎല്‍ പ്രവർത്തനവും യോഗം അവലോകനം ചെയ്യും
  • ഈ വര്‍ഷം എന്‍എആര്‍സിഎല്‍ തിരികെപ്പിടിച്ചത് 16.64 കോടി രൂപ മാത്രം


കേന്ദ്ര ധനമന്ത്രാലയം വിളിച്ചുചേര്‍ത്ത പൊതുമേഖലാ ബാങ്ക് മേധാവികളുടെ യോഗം വെള്ളിയാഴ്ച നടക്കും. കിട്ടാക്കടം കൈകാര്യം ചെയ്യുന്നത് ഉള്‍പ്പടെയുള്ള മേഖലകളിലെ പ്രകടനം വിലയിരുത്തുന്നതിനാണ് യോഗം ചേരുന്നത്. ഫിനാൻഷ്യൽ സർവീസസ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് (ഐബിസി) പ്രകാരം ദീർഘകാലമായി തീർപ്പുകൽപ്പിക്കാത്ത കേസുകൾ അവലോകനം ചെയ്യും.

നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡിന്റെ (എന്‍എആര്‍സിഎല്‍) പ്രവർത്തനവും യോഗം അവലോകനം ചെയ്യുമെന്ന് വൃത്തങ്ങൾ അറിയിച്ചു. 2021 ലാണ് ഒരു സര്‍ക്കാര്‍ സ്ഥാപനം എന്ന നിലയില്‍ എന്‍എആര്‍സിഎല്‍ സ്ഥാപിതമായത്. ഇതിന്‍റെ ഭൂരിഭാഗം പങ്കാളിത്തവും പൊതുമേഖലാ ബാങ്കുകള്‍ക്കാണ്. ബാക്കി ഓഹരികള്‍ കാനറ ബാങ്കിന്‍റെ സ്പോൺസർഷിപ്പില്‍ സ്വകാര്യ ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുന്നു.

2002ലെ 'സെക്യൂരിറ്റൈസേഷൻ ആൻഡ് റീ കൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസറ്റ് ആൻഡ് എൻഫോഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് ആക്‌ട്' പ്രകാരം ഇത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഒരു ആസ്‍തി പുനര്‍നിർമാണ കമ്പനിയായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്‍എആര്‍സിഎല്‍ നൽകുന്ന സുരക്ഷാ രസീതുകൾക്ക് 30,600 കോടി രൂപയുടെ സർക്കാർ ഗ്യാരണ്ടി നൽകാനുള്ള നിർദ്ദേശത്തിന് 2021ല്‍ മന്ത്രിസഭ അംഗീകാരം നൽകി.

വ്യവസ്ഥയനുസരിച്ച്, കിട്ടാക്കടങ്ങൾക്ക് അംഗീകരിച്ച മൂല്യത്തിന്റെ 15 ശതമാനം വരെ എന്‍എആര്‍സിഎല്‍ പണമായും ബാക്കി 85 ശതമാനം സർക്കാർ ഗ്യാരണ്ടിയുള്ള സെക്യൂരിറ്റി രസീതുകളായും ബാങ്കുകള്‍ക്ക് നല്‍കും.

ഈ വർഷം ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ മൊത്തം 10 പൊതുമേഖലാ ബാങ്കുകൾ (പിഎസ്ബി) 11,617 കോടി രൂപയിലധികം രൂപയുടെ നിഷ്‌ക്രിയ ആസ്തികൾ എന്‍എആര്‍സിഎലിന് കൈമാറിയതായി ധനമന്ത്രാലയം നേരത്തേ രാജ്യസഭയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാലയളവില്‍ എന്‍എആര്‍സിഎലിന് തിരികെപ്പിടിക്കാനായ കിട്ടാക്കടം 16.64 കോടി രൂപ മാത്രമാണ്.