image

13 Oct 2023 6:44 AM GMT

Banking

സഹകരണ, പൊതുമേഖലാ ബാങ്കുകളിലെ മൊത്തം നിക്ഷേപത്തില്‍ ഇടിവ്

MyFin Desk

decline in total investment in co-operative and public sector banks
X

Summary

സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വളര്‍ച്ച കൈവരിച്ച് മുന്നേറുകയാണ്


സംസ്ഥാനത്തെ സഹകരണ, പൊതുമേഖലാ ബാങ്കുകളിലെ മൊത്തം നിക്ഷേപം 2023-ല്‍ കുറഞ്ഞതായി സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റിയുടെ (എസ്എല്‍ബിസി) കണക്കുകള്‍ പറയുന്നു.

അതേസമയം സ്വകാര്യമേഖലാ ബാങ്കുകളും സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളും രണ്ടക്ക വളര്‍ച്ച രേഖപ്പെടുത്തിയതായും എസ്എല്‍ബിസിയുടെ 2023 മാര്‍ച്ചില്‍ അവസാനിക്കുന്ന പാദത്തിലെ ബാങ്കിംഗ് സ്ഥിതിവിവര കണക്കുകള്‍ പറയുന്നു.

കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് (കെഎസ് സിബി ) അഥവാ കേരള ബാങ്കിലെ നിക്ഷേപം മുന്‍ വര്‍ഷം ഇതേ കാലയളവിലുള്ള 69,983.47 കോടി രൂപയില്‍നിന്നും 1.02 ശതമാനം ഇടിവോടെ 69,271.70 കോടി രൂപയിലെത്തി. അതേസമയം, ബാങ്കിന്റെ ക്രെഡിറ്റ് -ഡിപ്പോസിറ്റ് റേഷ്യോ 2.44 ശതമാനം ഉയരുകയും ചെയ്തു. മൊത്തം ബാങ്ക് നിക്ഷേപത്തില്‍ കെഎസ്‌സിബിയുടെ വിഹിതത്തിലും ഇടിവ് രേഖപ്പെടുത്തി.



2021 മാര്‍ച്ചില്‍ കേരള ബാങ്കിലെ നിക്ഷേപം സംസ്ഥാനത്തെ മൊത്തം ബാങ്ക് നിക്ഷേപത്തിന്റെ 10 ശതമാനത്തോളം ആയിരുന്നു. അതായത് 6.77 ലക്ഷം കോടി രൂപ. എന്നാല്‍ ഇത് 2022 മാര്‍ച്ചില്‍ 9.4 ശതമാനവും, 2023 മാര്‍ച്ചില്‍ 8.7 ശതമാനവും ഇടിഞ്ഞു.

കേരള ബാങ്ക്, മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡവലപ്‌മെന്റ് ബാങ്ക്, പ്രൈമറി കോഓപ്പറേറ്റീവ് അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡവലപ്‌മെന്റ് ബാങ്ക് എന്നിവ ഉള്‍പ്പെടെയുള്ള സഹകരണ ബാങ്കുകളിലെ മൊത്തം നിക്ഷേപം 2023 മാര്‍ച്ചില്‍ 74,699.60 കോടി രൂപയാണ്. 2022 മാര്‍ച്ചില്‍ ഇത് 74,902.25 കോടി രൂപയായിരുന്നു. ഇടിവ് 0.28 ശതമാനം.

2022-ല്‍ വളര്‍ച്ച രേഖപ്പെടുത്തി

സഹകരണ മേഖലയില്‍ മൊത്തം നിക്ഷേപത്തില്‍ മുന്‍ വര്‍ഷം (2022) 5.2 ശതമാനം വളര്‍ച്ചയാണു രേഖപ്പെടുത്തിയത്.

2022, 2023-ല്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് യഥാക്രമം 10.79, 10.47 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, കേരള ബാങ്കുമായുള്ള ലയനം ഇനിയും പൂര്‍ത്തിയായിട്ടില്ല. അതിനാല്‍ സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ കണക്കുകള്‍ പ്രത്യേകമായിട്ടാണ് തയാറാക്കിയത്.

12 വാണിജ്യ ബാങ്കുകള്‍ 5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി

കേരളത്തില്‍ 12 പൊതുമേഖലാ വാണിജ്യ ബാങ്കുകള്‍ മൊത്തം നിക്ഷേപത്തില്‍ 5 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ച 2022 -23-ല്‍ രേഖപ്പെടുത്തി. 2021 -22-ല്‍ 9.18 ശതമാനമായിരുന്നു വളര്‍ച്ച. മൊത്തം നിക്ഷേപത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ വിഹിതം 2021 മാര്‍ച്ചില്‍ 46.49 ശതമാനമായിരുന്നു. ഇത് 2023 മാര്‍ച്ചില്‍ 45.49% ആയി താഴ്ന്നു.

സ്വകാര്യമേഖലാ ബാങ്കുകളില്‍ നിക്ഷേപം ഉയര്‍ന്നു

സ്വകാര്യമേഖലയിലെ 20 വാണിജ്യ ബാങ്കുകളുടെ നിക്ഷേപങ്ങളില്‍ 10.78 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2022 മാര്‍ച്ചില്‍ 2.91 ലക്ഷം കോടി രൂപയായിരുന്നു നിക്ഷേപം. ഇത് 2023 മാര്‍ച്ചില്‍ 3.23 ലക്ഷം കോടി രൂപയിലെത്തി.

മൊത്തം നിക്ഷേപത്തില്‍ സ്വകാര്യമേഖലാ വാണിജ്യ ബാങ്കുകളുടെ വിഹിതം 2021 മാര്‍ച്ചില്‍ 39.01 ശതമാനമായിരുന്നു. ഇത് ഈ വര്‍ഷം 40.61 ശതമാനമായി ഉയര്‍ന്നു.

സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് വളര്‍ച്ചയുടെ പാതയില്‍

സംസ്ഥാനത്തിന്റെ ബാങ്കിംഗ് മേഖലയിലേക്ക് അടുത്തകാലത്ത് കടന്നുവന്ന സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ മികച്ച വളര്‍ച്ച കൈവരിച്ച് മുന്നേറുകയാണ്. 2020 -21-ല്‍ 8,695.90 കോടി രൂപയായിരുന്ന മൊത്തം നിക്ഷേപം 2022 -23-ല്‍ 13,727.67 കോടി രൂപയിലെത്തി.