31 Aug 2023 12:11 PM GMT
Summary
- 2022-നെ അപേക്ഷിച്ച് ഈ ജുലൈയില്‍ ഏകദേശം 25 ശതമാനം വര്‍ധന
- ജൂലൈയില്‍ പുതിയതായി 1.19 ദശലക്ഷം ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ചെലവഴിക്കല്‍ ജൂലൈയില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നു.
ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലെ ഇടപാടുകളില്‍ കുത്തനെയുണ്ടായ വര്‍ദ്ധനയാണു കാരണം. ജുലൈയില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചതില്‍ 65.7 ശതമാനവും ഇ-കൊമേഴ്‌സ് പേയ്‌മെന്റിനു വേണ്ടിയായിരുന്നു. 1.44 ലക്ഷം കോടി രൂപയാണ് ജുലൈയില്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ ചെലവഴിച്ചത്.
ജൂലൈയില്‍ ഇ-കൊമേഴ്സ് ഇടപാടുകളിലും വര്‍ധനയുണ്ടായി. ഇത് എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 95,108 കോടി രൂപയിലെത്തി.
ജുലൈയില്‍ ആക്‌സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് യൂസര്‍മാരുടെ ഉപയോഗം വര്‍ഷാടിസ്ഥാനത്തില്‍ 75.4 ശതമാനം വര്‍ധിച്ച് 17,699 കോടി രൂപയിലെത്തി. കൊട്ടക് മഹീന്ദ്ര ബാങ്കിന്റേത് 52.1 ശതമാനം വര്‍ധിച്ച് 5,546 കോടി രൂപയിലുമെത്തി. ബാങ്ക് ഓഫ് ബറോഡയുടേത് 65.3 ശതമാനം വര്‍ധിച്ച് 2122 കോടി രൂപയിലുമെത്തി.
ഇന്ത്യയിലെ ഒരേയൊരു ലിസ്റ്റ് ചെയ്ത ക്രെഡിറ്റ് കാര്‍ഡ് ഇഷ്യുവറായ എസ്ബിഐ കാര്‍ഡ്‌സ് ആന്‍ഡ് പേയ്‌മെന്റ് സര്‍വീസസിന്റേത് 34.1 ശതമാനം വര്‍ധിച്ച് 26,011 കോടി രൂപയിലുമെത്തി.
ജൂലൈയില്‍ പുതിയതായി 1.19 ദശലക്ഷം ക്രെഡിറ്റ് കാര്‍ഡ് ഉടമകളെ കൂട്ടിച്ചേര്‍ത്തു. അതോടെ മൊത്തം ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ എണ്ണം 89.87 ദശലക്ഷമായി.
ഏറ്റവുമധികം ഉപയോഗിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് എച്ച്ഡിഎഫ്‌സി ബാങ്കിന്റേതാണ്. 18.54 ദശലക്ഷം കാര്‍ഡുകള്‍. രണ്ടാം സ്ഥാനത്ത് 17.55 ദശലക്ഷം കാര്‍ഡുകളുമായി എസ്ബിഐയാണ്. ഐസിഐസിഐ ബാങ്ക് 14.98 ദശലക്ഷം കാര്‍ഡുമായി മൂന്നാം സ്ഥാനത്താണ്. നാലാം സ്ഥാനത്ത് 12.74 ദശലക്ഷം കാര്‍ഡുള്ള ആക്‌സിസ് ബാങ്കാണ്.