22 Feb 2024 10:47 AM GMT
കെവൈസി തട്ടിപ്പ് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും അബദ്ധം പറ്റിയോ? ഇക്കാര്യങ്ങള്‍ ഓര്‍മ്മയില്‍ വെയ്ക്കൂ!
MyFin Desk
Summary
- നല്‍കിയ വിവരങ്ങള്‍ക്കൊപ്പം അക്കൗണ്ടിലെ പണവും കൂടെപ്പോകുന്നതായും കാണാം.
- ജാഗ്രതയോടെ ആര്‍ബിഐയും.
- തട്ടിപ്പുകള്‍ ഓരോ ദിവസവും പുതിയ രൂപത്തിലാണെത്തുന്നത്.
നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ കെവൈസി രേഖകള്‍ അപ്‌ഡേറ്റ് ചെയ്യേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ദയവായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ എന്നൊരു മെസേജ് പലരുടെയും ഫോണിലേക്ക് ഇടയ്ക്കിടയ്ക്ക് വരാറുണ്ടാകും. ചിലപ്പോഴത് ഫോണ്‍ കോളായോ, ഇമെയിലായോ ഒക്കെ വരും. ചിലരൊക്കെ അതില്‍ ക്ലിക്ക് ചെയ്യും. വിവരങ്ങള്‍ നല്‍കും.
ഇത്തിരി കഴിയുമ്പോള്‍ നല്‍കിയ വിവരങ്ങള്‍ക്കൊപ്പം അക്കൗണ്ടിലെ പണവും കൂടെപ്പോകുന്നതായും കാണാം. അപ്പോഴാണ് ഇത് തട്ടിപ്പായിരുന്നല്ലോ എന്ന് പലരും അറിയുന്നത് തന്നെ. ആര്‍ബിഐയും, വിവിധ ബാങ്കുകളുമൊക്കെ ഇങ്ങനെയുള്ള അബദ്ധങ്ങളില്‍ ചെന്ന് ചാടരുതേ എന്ന് നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും അബദ്ധങ്ങളില്‍ ചാടുന്നവര്‍ക്ക് കുറവേയില്ല.
ബാങ്ക് ജീവനക്കാരാണെന്ന് പറയും
സാധാരണയായി ബാങ്ക് അല്ലെങ്കില്‍ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരാണെന്ന് പറഞ്ഞായിരിക്കും അവര്‍ ആളുകളെ ബന്ധപ്പെടുന്നത്. ഉപഭോക്താക്കളോട് വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ അക്കൗണ്ട് ഇപ്പോള്‍ ബ്ലോക്ക് ചെയ്യുമെന്ന് പറയും. ഇത് കേട്ട് പേടിച്ച് പലരും വിവരങ്ങള്‍ കൈമാറും. അടുത്തത് ഫിഷിംഗ് ആണ്. അതായത് സെന്‍സിറ്റീവായ വിവരങ്ങള്‍ മോഷ്ടിച്ചെടുത്ത് അത് ദുരുപയോഗം ചെയ്യുന്നു. യൂസര്‍ നെയിം, പാസ് വേഡുകള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിങ്ങനെയുള്ള വിവരങ്ങളെല്ലാം മോഷ്ടിക്കപ്പെടാം. ചിലപ്പോഴൊക്കെ ആളുകളെ തെറ്റായ വെബ്‌സൈറ്റുകളിലേക്ക് നയിച്ചും വിവരങ്ങള്‍ മോഷ്ടിക്കപ്പെടാം. ആധാര്‍, പാന്‍കാര്‍ഡ് വിവരങ്ങളെല്ലാം തട്ടിപ്പ് നടത്തുന്നവര്‍ കൈക്കലാക്കിയും പണം നഷ്ടപ്പെടാറുണ്ട്.
തട്ടിപ്പില്‍ നിന്നും രക്ഷ നേടാന്‍
വ്യക്തിഗത വിവരങ്ങള്‍ സൂരക്ഷിതമാക്കി വെയ്ക്കുക എന്നുള്ളതാണ് തട്ടിപ്പില്‍ നിന്നും രക്ഷ നേടാനുള്ള പ്രധാന മാര്‍ഗം.
- വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെട്ട് ബാങ്കുകളില്‍ നിന്നോ മറ്റോ ഫോണ്‍ കോളോ സന്ദേശമോ വന്നാല്‍ വിവരങ്ങള്‍ നല്‍കും മുമ്പ് ബാങ്കുമായി ബന്ധപ്പെട്ട് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പാക്കിയതിനുശേഷം മാത്രം വിവരങ്ങള്‍ നല്‍കുക.
- ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാനോ, ആവശ്യമില്ലാത്ത വെബ്‌സൈറ്റുകളിലേക്ക് പ്രവേശിക്കാനോ നിര്‍ദ്ദേശം വന്നാല്‍ അത് ചെയ്യാതിരിക്കുക.
- പിന്‍ നമ്പറുകള്‍, ഒടിപികള്‍, പാസ് വേഡുകള്‍ എന്നിവയൊന്നും ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ ആവശ്യപ്പെടില്ല എന്നോര്‍ക്കുക.
- കെവൈസി അപ്‌ഡേഷന്‍ ചെയ്യാന്‍ ഔദ്യോഗികമായി നിര്‍ദ്ദേശം ലഭിച്ചാല്‍ അത് ചെയ്യാനും ഔദ്യോഗിക മാര്‍ഗങ്ങള്‍ സ്വീകരിക്കുക.
- ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് സ്വയം ബോധ്യമുള്ളവരായിരിക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാന കാര്യം. സാങ്കേതിക വിദ്യകള്‍ പുതിയതായകുന്നതിനനുസരിച്ച് തട്ടിപ്പു രീതികളും പുതിയതാകുന്നുണ്ട്. അതുകൊണ്ട് പുതിയ കാര്യങ്ങളെക്കുറിച്ച് എപ്പോഴും അറിവുള്ളവരായിരിക്കണം.
ഓണ്‍ലൈനല്ലാതെയുള്ള കെവൈസി അപ്‌ഡേഷനുകള്‍ അല്‍പ്പം സമയം മെനക്കെടുത്തുന്ന പരിപാടിയാണ്. കൂടാതെ, ആളുകള്‍, ചെലവ് എന്നിവയെല്ലാം ഇതിന് കൂടുതലായി ആവശ്യവുമുണ്ട്. ചിലപ്പോഴൊക്കെ ഇങ്ങനെ അപ്‌ഡേഷന്‍ ചെയ്യുമ്പോള്‍ തെറ്റ് വരാറുമുണ്ട്. അതുകൊണ്ടാണ് പലരും ഓണ്‍ലൈന്‍ രീതികള്‍ ആശ്രയിക്കുന്നത്.
ശ്രദ്ധയോടെ ആര്‍ബിഐ
ആര്‍ബിഐ എപ്പോഴും ഈ തട്ടിപ്പുകള്‍ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. കൂടാതെ, ആഗോളതലത്തില്‍ ഇത്തരം തട്ടിപ്പുകളെ നിരീക്ഷിക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ആര്‍ബിഐ ചട്ടക്കൂട് തയ്യാറാക്കിയിരിക്കുന്നത്. കൃത്യമായ ഇടവേളകളില്‍ ഉപഭോക്താക്കളുടെ കൈവൈസികള്‍ പുതുക്കണമെന്ന് ആര്‍ബിഐ ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഫിന്‍ടെക്കുകള്‍ എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.