3 May 2024 7:24 AM GMT
Summary
- 2024 ഏപ്രില്‍ 29 ന് റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍, ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും അന്യായമായ രീതിയിലുള്ള പലിശ ഈടാക്കലിനെക്കുറിച്ച് ആര്‍ബിഐ വ്യക്തമാക്കുന്നു
- ബാങ്കുകള്‍ ഇപ്പോള്‍ വായ്പക്കാര്‍ക്ക് ലളിതവും വ്യക്തവുമായ ഭാഷയില്‍ വായ്പയെ സംബന്ധിച്ച് ഒരു കീ ഫാക്ട് സ്റ്റേറ്റ്‌മെന്റ് (കെഎഫ്എസ്) നല്‍കണം
- നാല് രീതികളിലാണ് അമിത പലിശ ഈടാക്കുന്നതെന്നാണ് കണ്ടെത്തിയത്
വായ്പാദാതാക്കള്‍ വായ്പയെടുത്തവരില്‍ നിന്നും പലപ്പോഴും അമിത പലിശ ഈടാക്കാറുണ്ട്. ഇത് സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ പരിശോധനകള്‍ക്കൊടുവില്‍ നാല് രീതികളിലാണ് അമിത പലിശ ഈടാക്കുന്നതെന്നാണ് കണ്ടെത്തിയത്. വായ്പാദാതാക്കള്‍ ഇത്തരം രീതികള്‍ അവസാനിപ്പിക്കണമെന്നും വായ്പയെടുത്തവരോടുള്ള പെരുമാറ്റവും മറ്റും ന്യായമായിരിക്കണമെന്നും ഏപ്രില്‍ 29 ന് ആര്‍ബിഐ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നു. ബാങ്കുകള്‍ തെറ്റായ രീതിയില്‍ പലിശ നിരക്ക് ഈടാക്കുന്ന സാഹചര്യങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം.
വായ്പ അനുവദിക്കുന്ന തീയതിയില്‍ നിന്ന് പലിശ ഈടാക്കല്‍: ചില വായ്പാ ദാതാക്കള്‍ വായ്പ അംഗീകരിച്ച തീയതി മുതല്‍ അല്ലെങ്കില്‍ വായ്പാ കരാര്‍ ഒപ്പിട്ട തീയതി മുതല്‍ പലിശ ഈടാക്കും. ഉപഭോക്താവിന് പണം വിതരണം ചെയ്ത യഥാര്‍ത്ഥ തീയതിയതി മുതലെ പലിശ ഈടാക്കാവൂ എന്നാണ് നിര്‍ദ്ദേശം.
ചെക്ക് തീയതിയില്‍ നിന്ന് ഈടാക്കുന്ന പലിശ: ചെക്ക് വഴി വിതരണം ചെയ്ത വായ്പകള്‍ക്ക്, ചില ബാങ്കുകള്‍ ചെക്കിന്റെ തീയതി മുതല്‍ പലിശ ഈടാക്കുന്നു, പലപ്പോഴും ഉപഭോക്താക്കള്‍ ചെക്ക് നിരവധി ദിവസങ്ങള്‍ക്ക് ശേഷമാകും പണമാക്കുന്നത്. എന്നാല്‍, ഫണ്ട് വിതരണം ചെയ്യാത്ത കാലയളവില്‍ പലിശ കണക്കാക്കുന്നതിന് ഇത് കാരണമാകും.
മുഴുവന്‍ മാസവും പലിശ ഈടാക്കുന്നു: ചില വായ്പാ ദാതാക്കള്‍ മാസം മുഴുവന്‍ പലിശ ഈടാക്കുന്ന രീതി പിന്തുടരാറുണ്ട്. വായ്പ വിതരണം ചെയ്തിട്ടില്ലെങ്കിലും, വിതരണം ചെയ്ത വായ്പയുടെ തിരിച്ചടവ് നടത്തിയെങ്കിലും മുഴുവന്‍ മാസവും പലിശ ഈടാക്കാറുണ്ട്. ഇത് ഉപഭോക്താക്കള്‍ക്ക് അവരുടെ വായ്പകള്‍ക്ക് മേല്‍ അമിത നിരക്ക് ഈടാക്കാന്‍ കാരണമായേക്കും.
പലിശ കണക്കുകൂട്ടലിനായി തിരിച്ചടച്ച തവണകളും എണ്ണുക: ചില സന്ദര്‍ഭങ്ങളില്‍, ബാങ്കുകള്‍ ഒന്നോ അതിലധികമോ തവണ തിരിച്ചടവ് നടത്തിയ വായ്പയാണെങ്കിലും പലിശ കണക്കാക്കുന്നതിനായി മുഴുവന്‍ വായ്പാ തുകയും ഉള്‍പ്പെടുത്തും. ഇവിടെ ഉപഭോക്താക്കള്‍ ഇതിനകം തിരിച്ചടച്ച പണത്തിനും പലിശ നല്‍കേണ്ടി വരും.
റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം
അധിക പലിശയും അധിക ചാര്‍ജുകളും ഉപഭോക്താക്കളില്‍ നിന്നും ഈടാക്കിയവര്‍ അത് തിരികെ നല്‍കണമെന്നാണ് റിസര്‍വ് ബാങ്ക് ബാങ്കുകളോട് ഉത്തരവിട്ടിട്ടുള്ളത്. റിസര്‍വ് ബാങ്കിന്റെ അഭിപ്രായത്തില്‍, ഈ രീതി സുതര്യതയുടെ ലംഘനമാണ്. ചെക്ക് അധിഷ്ഠിത വായ്പാ വിതരണത്തില്‍ നിന്ന് ഓണ്‍ലൈന്‍ ഇടപാടുകളിലേക്ക് മാറാനും റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ബാങ്കുകളോടും ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളോടും (എന്‍ബിഎഫ്‌സി) അവരുടെ വായ്പാ വിതരണ സമ്പ്രദായങ്ങള്‍, പലിശ എങ്ങനെ കണക്കാക്കുന്നു, മറ്റ് ഫീസ് എന്നിവ അവലോകനം ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ബാങ്കുകള്‍ ഇപ്പോള്‍ വായ്പക്കാര്‍ക്ക് ലളിതവും വ്യക്തവുമായ ഭാഷയില്‍ വായ്പയെ സംബന്ധിച്ച് ഒരു കീ ഫാക്ട് സ്റ്റേറ്റ്‌മെന്റ് (കെഎഫ്എസ്) നല്‍കണം. സ്റ്റാന്‍ഡേര്‍ഡ് ഫോര്‍മാറ്റിലുള്ള ഈ ഡോക്യുമെന്റില്‍ പലിശ നിരക്കുകള്‍, ഇഎംഐകള്‍, മറ്റ് ചാര്‍ജുകള്‍ എന്നിവ പോലുള്ള പ്രധാന വായ്പാ വിശദാംശങ്ങള്‍ അടങ്ങിയിരിക്കും. വായ്പാ കരാര്‍ ഒപ്പിടുന്നതിന് മുമ്പ് നിബന്ധനകള്‍ മനസിലാക്കാന്‍ വായ്പക്കാരെ സഹായിക്കുക എന്നതാണ് ഇത് ലക്ഷ്യമിടുന്നത്. കെഎഫ്എസ് വായിച്ചുവെന്നും മനസ്സിലാക്കിയെന്നും സ്ഥിരീകരിക്കാന്‍ ബാങ്കുകള്‍ വായ്പക്കാരില്‍ നിന്ന് ഒരു അംഗീകാരം നേടേണ്ടതുണ്ട്. എല്ലാ പുതിയ റീട്ടെയില്‍, എംഎസ്എംഇ വായ്പകള്‍ക്കും 2024 ഒക്ടോബര്‍ 1 മുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വരുന്നത്.