10 Oct 2023 10:22 AM GMT
Summary
- കാര്‍ഡുടമകള്‍ക്ക് അവരുടെ ഫൈബ് ആപ്ലിക്കേഷനില്‍ വിവരങ്ങളെല്ലം ലഭ്യമാകും.
- കാര്‍ഡ് സ്വന്തമാക്കാന്‍ ഫീസൊന്നും നല്‍കേണ്ടതില്ല.
കാര്‍ഡ് നമ്പര്‍, കാലാവധി, സിവിവി എന്നിവയൊന്നുമില്ലാതെ ആക്‌സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ്. ഫൈബു (മുന്‍പ് ഏര്‍ളിസാലറി) മായി ചേര്‍ന്നാണ് ബാങ്ക് ഈ നമ്പറുകളൊന്നുമില്ലാത്ത കാര്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്. സൈബര്‍ തട്ടിപ്പുകളില്‍ നിന്നും സുരക്ഷിതത്വം നല്കുകയാണ് ഇത്തരമൊരു കാര്‍ഡിലൂടെ ബാങ്ക് ലക്ഷ്യം വെയ്ക്കുന്നത്.
കാര്‍ഡുടമകള്‍ക്ക് അവരുടെ ഫൈബ് ആപ്ലിക്കേഷനില്‍ വിവരങ്ങളെല്ലം ലഭ്യമാകും. കാര്‍ഡ് ഉടമകള്‍ അവരുടെ സ്മാര്‍ട് ഫോണില്‍ ഫൈബ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ കാര്‍ഡിന്റെ നമ്പര്‍, സിവിവി അങ്ങനെ ആവശ്യമായ വിവരങ്ങളെല്ലാം അതില്‍ അടങ്ങിയിട്ടുണ്ടാകും.
കാര്‍ഡിന്റെ സവിശേഷതകള്‍
സാധാരണ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്കായി നിരവധി ഓഫറുകള്‍ നല്‍കാറുണ്ട്. ഫൈബ് ആക്‌സിസ് ബാങ്ക് കോ-ബ്രാന്‍ഡ് കാര്‍ഡും ഓണ്‍ലൈനായി ഭക്ഷണം വാങ്ങുക തുടങ്ങിയ ഇടപാടുകള്‍ക്ക് മൂന്ന് ശതമാനം കാഷ്ബാക്ക് നല്‍കുന്നുണ്ട്. അതിനൊപ്പം ഓണ്‍ലൈന്‍, ഓഫ് ലൈന് ഇടപാടുകള്‍ക്ക് ഒരു ശതമാനം കാഷ് ബാക്കും നല്‍കുന്നു.
റൂപേ കാര്‍ഡാണിത്. യുപിഐ ആപ്ലിക്കേഷനുകളുമായി ഇത് ലിങ്ക് ചെയ്യാനും സാധിക്കും. ഡിജിറ്റല്‍ ഇടപാടുകള്‍ക്കു പുറമേ ഓഫ് ലൈന്‍ ഇടപാടുകള്‍ക്കും ഉപയോഗിക്കാവുന്ന കാര്‍ഡിന് ടാപ് ആന്‍ഡ് പേ സവിശേഷതയുമുണ്ട്.
കാര്‍ഡ് സ്വന്തമാക്കാന്‍ ഫീസൊന്നും നല്‍കേണ്ടതില്ല. പ്രതി വര്‍ഷം നല്‍കേണ്ട ഫീസും ആജീവനാന്തം സൗജന്യമാണ്.
ഒരു വര്‍ഷം നാല് ആഭ്യന്തര എയര്‍പോര്‍ട്ട് ലോഞ്ചുകളിലേക്കുള്ള പ്രവേശനം, 400 മുതല്‍ 5,000 രൂപ വരെ ഇന്ധനാവശ്യത്തിനായി ഉപയോഗിച്ചാല്‍ ഇന്ധന സര്‍ചാര്‍ജ് ഇളവ്, ആക്‌സിസ് ഡൈനിംഗ് ഡിലൈറ്റ്‌സ്, ബുധനാഴ്ച ഡിലൈറ്റ്‌സ്, എന്‍ഡ് ഓഫ് സീസണ്‍ സെയില്‍സ്, റൂപേ പോര്‍ട്ട്‌ഫോളിയോ ഓഫറുകള്‍ എന്നിവയും ഈ കാര്‍ഡ് നല്‍കുന്നുണ്ട്.
ആക്‌സിസ് ബാങ്കുമായി സഹകരിച്ച് ഇന്ത്യയിലെ ആദ്യത്തെ നമ്പര്‍ലെസ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ഈ കാര്‍ഡ് ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും സമഗ്രവുമായ ഇടപാടുകള്‍ നടത്താന്‍ സഹായിക്കുനെന്ന് ഫൈബ് സഹസ്ഥാപകനും സിഇഒയുമായ അക്ഷയ് മെഹ്രേത്ര പറഞ്ഞു.