20 April 2024 8:20 AM GMT
Summary
- എന്‍സിഎംസി എനേബിള്‍ ചെയ്ത പ്രീപെയ്ഡ് കാര്‍ഡുകള്‍ ഉടന്‍ തന്നെ ഓണ്‍ലൈന്‍, റീട്ടെയില്‍ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാകും
- ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റര്‍ നല്‍കുന്ന ഇളവുകള്‍ പ്രതിമാസ പാസുകള്‍ എന്നിവ സ്വീകരിക്കാനും കാര്‍ഡ് വഴി സാധിക്കും
- ഒരു രാജ്യം ഒരു കാര്‍ഡ് എന്ന കാഴ്ച്ചപ്പാടിനോടുള്ള ബാങ്കിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ കാര്‍ഡുകള്‍
നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍സിപിഐ)യുമായി സഹകരിച്ച് എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് എന്‍സിഎംസി (നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ്) സൗകര്യമുള്ള ഡെബിറ്റ്, പ്രീപെയിഡ് കാര്‍ഡുകള്‍ അവതരിപ്പിച്ചു. സേവിംഗ്‌സ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്കാണ് എന്‍സിഎംസി ഡെബിറ്റ് കാര്‍ഡ്, വാലറ്റ് ഉപഭോക്താക്കള്‍ക്കായാണ് പ്രീപെയിഡ് കാര്‍ഡ്.
ഇന്ത്യയുടെ ഒരു രാജ്യം ഒരു കാര്‍ഡ് എന്ന കാഴ്ച്ചപ്പാടിനോടുള്ള ബാങ്കിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ കാര്‍ഡുകള്‍ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് ബാങ്ക് വ്യക്തമാക്കിയത്.
പരിസ്ഥിതി സൗഹൃദമാണെന്ന് സാക്ഷ്യപ്പെടുത്തിയ പരിസ്ഥിതി സൗഹൃദ ഇ-പിവിസി മെറ്റീരിയലിലാണ് രണ്ട് കാര്‍ഡുകളും നിര്‍മ്മിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ (ഇ-കൊമേഴ്‌സ്), രാജ്യത്തുടനീളമുള്ള മെട്രോകള്‍, ബസുകള്‍, പാര്‍ക്കിംഗ് മുതലായവയിലെ ഓഫ്‌ലൈന്‍ എന്‍സിഎംസി ട്രാന്‍സിറ്റ് ഇടപാടുകളിലും പേയ്‌മെന്റുകള്‍ നടത്താന്‍ രണ്ടിലേതെങ്കിലും കാര്‍ഡുകള്‍ ഉപയോഗിക്കാമെന്ന് എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് പറയുന്നു.
ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റര്‍ നല്‍കുന്ന ഇളവുകള്‍ പ്രതിമാസ പാസുകള്‍ എന്നിവ സ്വീകരിക്കാനും കാര്‍ഡ് വഴി സാധിക്കും. ഉപഭോക്താക്കള്‍ക്ക് എയര്‍ടെല്‍ താങ്ക്‌സ് അപ്ലിക്കേഷനില്‍ നിന്ന് എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്കിന്റെ എന്‍സിഎംസി സംവിധാനമുള്ള ഡെബിറ്റ് കാര്‍ഡ് ഓര്‍ഡര്‍ ചെയ്യാം, അല്ലെങ്കില്‍ അടുത്തുള്ള ബാങ്കിംഗ് പോയിന്റുകള്‍ സന്ദര്‍ശിച്ചോ വിവിധ മെട്രോ സ്റ്റേഷനുകളിലെ നിയുക്ത പോയിന്റുകളില്‍ നിന്നോ ഇത് സ്വന്തമാക്കാം. എന്‍സിഎംസി എനേബിള്‍ ചെയ്ത പ്രീപെയ്ഡ് കാര്‍ഡുകള്‍ ഉടന്‍ തന്നെ ഓണ്‍ലൈന്‍, റീട്ടെയില്‍ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാകുമെന്നകും കമ്പനി വ്യക്തമാക്കുന്നു.