image

6 Jun 2023 5:58 AM GMT

Banking

ഇ-വാഹനങ്ങള്‍ വാങ്ങാന്‍ എംഎസ്എംഇകള്‍ക്ക് സിഡ്ബി-യുടെ ധനസഹായം

MyFin Desk

Sidbi to finance 50,000 EVs for MSMEs
X

വൈദ്യുത വാഹനങ്ങൾ വാങ്ങുന്നതിന് ചെറുകിട, ഇടത്തരം വ്യാവസായിക യൂണിറ്റുകൾക്ക് ധനസഹായം നൽകുന്നതിനായി നിതി ആയോഗ്, ലോക ബാങ്ക്, കൊറിയ-ലോക ബാങ്ക് പങ്കാളിത്ത സംവിധാനം, കൊറിയൻ സാമ്പത്തിക വികസന സഹകരണ ഫണ്ട് എന്നിവയുമായി സഹകരിക്കുമെന്ന് സിഡ്ബി അറിയിച്ചു.

ഇലക്‌ട്രിക് വാഹനങ്ങളുടെ ഊർജ്ജസ്വലമായ ആവാസവ്യവസ്ഥയ്ക്കായി വായ്പ നൽകുന്ന എവോൾവ് എന്ന പുതിയ പ്രോജക്റ്റിന് കീഴിലാണ് ഈ ധനസഹായം നൽകുന്നത്. താങ്ങാവുന്ന നിരക്കില്‍ ഇ-വാഹനങ്ങള്‍ക്കായി വാണിജ്യ വായ്പകള്‍ ലഭ്യമാക്കുന്നതിനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ഇതിനായി നിതി ആയോഗ് സിഡ്ബിക്ക് സാങ്കേതിക പിന്തുണ നൽകും. ലോകബാങ്ക്, കൊറിയ-ലോകബാങ്ക് പങ്കാളിത്ത സംവിധാനം, കൊറിയൻ സാമ്പത്തിക വികസന സഹകരണ ഫണ്ട് എന്നിവയിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കുമെന്നും സിഡ്ബി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

50,000 ഇലക്ട്രിക് വാഹനങ്ങൾക്ക് ധനസഹായം നൽകുന്നതാണ് പുതിയ പദ്ധതിയെന്ന് സിഡ്ബി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എസ് രാമൻ പറഞ്ഞു. ഇന്ത്യക്കും കൊറിയക്കും ഇടയില്‍ അറിവുകള്‍ പങ്കുവെക്കുന്നതിനും ഇ-വാഹനങ്ങള്‍ സ്വീകരിക്കുന്നതിലെ പ്രധാന തടസ്സങ്ങൾ പരിഹരിക്കുന്നതിനുമായി സിഡ്ബി പദ്ധതിക്ക് തന്‍റെ സർക്കാർ പിന്തുണ നൽകുമെന്ന് കൊറിയൻ സാമ്പത്തിക വികസന സഹകരണ ഫണ്ടിന്റെ മുഖ്യ പ്രതിനിധി കിം കിസാങ് പറഞ്ഞു.

ഏകദേശം 1.5 ദശലക്ഷം ഇ വാഹനങ്ങളെ പിന്തുണയ്ക്കാനും പുതിയൊതു മൊബിലിറ്റി ആവാസവ്യവസ്ഥ നിർമ്മിക്കാനുമാണ് ഇവോള്‍വ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ലോക ബാങ്ക് പ്രതിനിധി ജെറാൾഡ് ഒലിവിയർ പറഞ്ഞു.

ഇ-വാഹനങ്ങളുടെ സ്വീകാര്യതയില്‍ മറ്റ് ഏഷ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ പുറകിലാണെന്നാണ് പുറത്തുവന്നിട്ടുള്ള ഏറ്റവും പുതിയ ഡാറ്റകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന ഇവികളില്‍ ഏറെയും ടൂവീലറുകളാണ്. ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പടെയുള്ള പശ്ചാത്തല സൌകര്യങ്ങളുടെ അഭാവമാണ് ഇന്ത്യന്‍ നിരത്തുകളില്‍ ഇ-വാഹനങ്ങളുടെ വളര്‍ച്ചയ്ക്ക് വിലങ്ങുതടിയാകുന്നത്. അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ ഇ-വാഹനങ്ങളുടെ ഉല്‍പ്പാദനത്തിന് നല്‍കിവന്നിരുന്ന സബ്‍സിഡി വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു.